Connect with us

Kerala

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിനായി പ്രത്യേക സ്‌കീം തയ്യാറാക്കാന്‍ യു ഡി എഫ് യോഗം സര്‍ക്കാറിന് നിര്‍ദേശം നല്‍കി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാരുടെ പദവി ഏകീകരിക്കാനും യോഗം തീരുമാനിച്ചു.

പ്ലസ്ടു പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാത്ത നിലയില്‍ ആവശ്യമുള്ള പ്രദേശങ്ങളില്‍ പുതുതായി പ്ലസ്ടു ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുന്നതിനുള്ള സ്‌കീം തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിനെ ചുമതലപ്പെടുത്തി. സ്‌കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങളും വിദ്യാര്‍ഥികളുടെ ആവശ്യകതയും പരിശോധിച്ചാകും സ്‌കീം തയ്യാറാക്കുകയെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്ലസ്ടു സ്‌കൂളുകളില്ലാത്ത 148 പഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ട്. സ്‌കൂള്‍ ഉണ്ടെങ്കിലും വിസ്തൃതിയും ജനസംഖ്യയും വളരെ കൂടുതലുള്ള പഞ്ചായത്തുകളുമുണ്ട്. പ്ലസ്ടു ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുമ്പോള്‍ ഇത്തരം പഞ്ചായത്തുകളെയും പരിഗണിക്കും. സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളുടെയും ആവശ്യകതയെയും സംബന്ധിച്ചു വ്യക്തമായ കണക്കുകള്‍ സര്‍ക്കാറിന്റെ കൈവശമുണ്ട്. ഇതു പരിശോധിച്ചാകും മന്ത്രിസഭാ കുറിപ്പ് തയ്യാറാക്കുക. പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ ആവശ്യമെങ്കില്‍ വി എച്ച് എസ് ഇ സ്‌കൂളുകളെയും പരിഗണിക്കും. പ്ലസ്ടു അധിക ബാച്ചുകളും സ്‌കൂളുകളും പരിഗണിക്കുമ്പോള്‍ നേരത്തെ ആനുകൂല്യങ്ങള്‍ കിട്ടാതെപോയ സാമുദായിക സംഘടനകളുടെ പരാതി കൂടി പരിഹരിക്കും.
നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തേണ്ട ഭേദഗതി നിര്‍ദേശങ്ങളുടെ കരട് യു ഡി എഫ് യോഗത്തില്‍ വെച്ചു. ഈ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു സമവായമുണ്ടാക്കി നിയമസഭയില്‍ കൊണ്ടുവരണമെന്ന് യോഗം നിര്‍ദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. ഇതിനു പരിഹാരമായി താത്പര്യമുള്ള അധ്യാപകര്‍ക്ക് അവധിയെടുത്തു മത്സരിക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ ഭേദഗതി വേണമെന്ന നിര്‍ദേശമുയര്‍ന്നു. ഈ നിര്‍ദേശം ബന്ധപ്പെട്ട അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ യോഗം നിര്‍ദേശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്‍മാന്മാരുടെ പദവി ഏകീകരിക്കാനും യോഗം തീരുമാനിച്ചു. ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും. ചെയര്‍മാന്മാരെ പല ഗ്രേഡായി തരം തിരിക്കുന്നത് അവസാനിപ്പിക്കും. നിയമപ്രകാരം ചെയര്‍മാന്മാര്‍ക്ക് യാതൊരു അധികാരങ്ങളുമില്ലാത്ത അവസ്ഥയാണ്. ചെയര്‍മാന്മാര്‍ക്ക് അധികാരവും നിയന്ത്രണവും കിട്ടത്തക്കവിധത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഭൂരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്കു മൂന്ന് സെന്റ് ഭൂമി വീതം നല്‍കാനുള്ള പദ്ധതി ആഗസ്റ്റ് 15നകം പൂര്‍ത്തിയാക്കും.
ഇടുക്കി, വയനാട് ജില്ലകളിലെ പട്ടയ വിതരണത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലയളവില്‍ 87,573 പട്ടയങ്ങളാണ് നല്‍കിയത്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനകം തന്നെ 50,086 പട്ടയങ്ങള്‍ വിതരണം ചെയ്തു. കൂടാതെ ഒരു ലക്ഷം പേര്‍ക്കു കൂടി പട്ടയ വിതരണം നടത്തുകയാണ് ലക്ഷ്യം. അതു നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തീകരിക്കുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. അനാരാഗ്യം കാരണം ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയും സി എം പി നേതാവ് എം വി രാഘവനും യോഗത്തില്‍ പങ്കെടുത്തില്ല.