Connect with us

Books

ദൈവത്തിനു വേണ്ടി ഒരു ന്യായം

Published

|

Last Updated

സമാനതകളില്ലാത്ത പരമമായ അസ്തിത്വം, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളുടെയെല്ലാം പ്രഭവമായ ഏകപ്പൊരുള്‍, സൃഷ്ടിജാലകങ്ങളുടെയെല്ലാം സ്രഷ്ടാവ്, സംരക്ഷകന്‍ ഇങ്ങനെയെല്ലാമാണ് ദൈവത്തെ വിശ്വാസികള്‍ സങ്കല്‍പ്പിക്കുന്നത്. ആപത്തുകളില്‍ നിന്നു രക്ഷിക്കാനും രോഗങ്ങള്‍ മാറ്റാനും സുഖൈശ്വര്യങ്ങള്‍ പ്രദാനം ചെയ്യാനും വിശ്വാസികള്‍ സദാ ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. “നമ്മുടെ” പക്ഷത്തെ ജയിപ്പിക്കാനും എതിര്‍ പക്ഷത്തെ പരാജയപ്പെടുത്താനുമാണ് നമ്മുടെ പ്രാര്‍ഥന. എന്നാല്‍ നാം നമ്മുടേതെന്നു കരുതുന്ന ദൈവം നമ്മുടെ എതിരാളികളുടേയും ദൈവമാണ്. യഥാര്‍ഥത്തില്‍ ആരുടെ പക്ഷത്താണ് ദൈവം? ദൈവത്തിന്റെ കരുണയും സ്‌നേഹവും ശ്രദ്ധയും എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

മുഹമ്മദ് നബിയുടെയും ബുദ്ധന്റെയും ജീവ ചരിത്രങ്ങളും ബൈബിളിന്റെ ചരിത്രവും ഉള്‍പ്പടെ മതസംബന്ധമായി പതിനഞ്ചോളം പ്രഗത്ഭ പഠനഗ്രന്ഥങ്ങളെഴുതിയ പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി കാരന്‍ ആംസ്‌ട്രോംഗിന്റെ ഏറ്റവും പുതിയ പുസ്തകമായ “ദ കെയ്‌സ് ഫോര്‍ ഗോഡ് – വാട്ട് റിലീജ്യന്‍ റിയലി മീന്‍സ്”, പ്രാചീനകാലം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ദൈവ സങ്കല്‍പ്പങ്ങളെ വിശദമായി അപഗ്രഥനം ചെയ്യുന്നു. ക്രിസ്തുവിനു 30,000 വര്‍ഷം മുമ്പുള്ളവ മുതല്‍ ക്രി. വര്‍ഷം 1500 വരെയുള്ള ദൈവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. ക്രി. വര്‍ഷം 1500 മുതല്‍ ഇന്നു വരെയുള്ള ഈശ്വരസംബന്ധമായ ചിന്തകളാണ് രണ്ടാം ഭാഗത്തിന്റെ പഠന വിഷയം. ഒന്നാം ഭാഗത്തിന് അജ്ഞാത ദൈവം (ഠവല ഡിസിീംി ഏീറ) എന്നും രണ്ടാം ഭാഗത്തിന് ആധുനിക ദൈവം (ഠവല ങീറലൃി ഏീറ) എന്നും ഉപശീര്‍ഷകങ്ങള്‍ നല്‍കിയിരിക്കുന്നു. രണ്ടു ഭാഗങ്ങളിലായി ആകെ 12 അധ്യായങ്ങള്‍.

പൗരാണിക കാലത്തെ അപേക്ഷിച്ച് ശാസ്ത്ര സാങ്കേതിക തലങ്ങളില്‍ ലോകം ശീര്‍ഷാദിപാദം മാറിയിരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് പഴയ കാലത്തേതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്. എന്നാല്‍ മതത്തെക്കുറിച്ചുള്ള വീക്ഷണം മാത്രം മാറ്റമില്ലാതെ തുടരുന്നു. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ ആശയങ്ങള്‍ക്കെല്ലാം മാനുഷികമായ പരിമിതികളുണ്ട്. വാസ്തവത്തില്‍ ദൈവശാസ്ത്രം ഒരു ഭൗതിക വിഷയമാണ്. അതിന്റേതായ പരിമിതികളും അതിനുണ്ട്. ലൗകിക വിജ്ഞാനത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് ദൈവത്തെ അറിയാനാവില്ല എന്നതിനാലാണ് ചില ആചാര്യന്മാര്‍ അസാധാരണമായ മനന രീതികളും ഗൂഢ ഭാഷയും ബോധപൂര്‍വം സ്വീകരിച്ചത്. ഒരു സിംബലിനും ദൈവത്തെ പ്രതിനിധീകരിക്കാനാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ചിലര്‍ സിംബലിസത്തില്‍ അഭയം തേടി.

ആധുനിക പൂര്‍വകാലത്തെ മിഥോസ് (ങ്യവേീ)െ, ലോഗോസ് (ഘീഴീ)െ എന്നീ രണ്ടു ജ്ഞാന രൂപങ്ങളെ കാരന്‍ ആംസ്‌ട്രോംഗ് ഈ ദൈവ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നു. ഭൗതികമായ ആവശ്യങ്ങള്‍ നിവൃത്തിക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള അറിവാണ് ലോഗോസ്. മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും ലോഗോസ് അനിവാര്യമാണ്. എന്നാല്‍ ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തുന്നതിനോ ദുഃഖം ശമിപ്പിക്കുന്നതിനോ ഈ ജ്ഞാന രൂപത്തിനു സാധിക്കുകയില്ല. മിത്ത് അഥവാ മിഥോസിലാണ് ജനങ്ങള്‍ ജീവിതത്തിന്റെ പൊരുളന്വേഷിച്ചത്. ശാസ്ത്രീയമായ ലോഗോസില്‍ ജീവിക്കുന്ന ആധുനികര്‍ മിത്തിന് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. “അസത്യം” എന്ന അര്‍ഥത്തിലാണ് ഇന്ന് “മിത്ത്” എന്ന പദം ഉപയോഗിക്കുന്നത്. പക്ഷെ, കഴിഞ്ഞ കാലത്ത് അങ്ങനെ ആയിരുന്നില്ല എന്ന് കാരന്‍ ആംസ്‌ട്രോംഗ് ചൂണ്ടിക്കാണിക്കുന്നു. ലോഗോസിനെപ്പോലെ തന്നെ പ്രധാനമായ ഒരു ജ്ഞാന മാര്‍ഗമായിരുന്നു അത്. കാലുഷ്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് സര്‍ഗാത്മകമായി ജീവിക്കുന്നതിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു അത്. ലോഗോസിന്റെ പരിവൃത്തത്തിനു പുറത്തുള്ള, മനുഷ്യ വിധിയുടെ പ്രഹേളികാ സ്വഭാവമുള്ള അമ്പരപ്പിക്കുന്ന, പിടിതരാത്ത ദുരന്തവശങ്ങളെ അനാവരണം ചെയ്യാനാണ് മിത്തുകള്‍ ശ്രമിച്ചത്. പ്രാചീനമായ ഒരു മനശ്ശാസ്ത്രമായിരുന്നു അത്. മനസ്സിന്റെ നിഗൂഢ മേഖലകളെ വെളിപ്പെടുത്തുന്നതിനുള്ള ഉപായം എന്ന നിലയിലാണ് മിത്തുകള്‍ ആവിഷ്‌കരിക്കപ്പെട്ടത്. വെറുതെയുള്ള വിശ്വാസം മിത്തിനെ ഫലവത്താക്കുകയില്ല. മിത്തിനെ പ്രയോഗവത്കരിക്കുമ്പോള്‍ ജീവിതത്തെ സംബന്ധിക്കുന്ന അഗാധ സത്യങ്ങള്‍ അതു വെളിപ്പെടുത്തും. ജീവിതത്തെ സാര്‍ഥകമാക്കാനും ക്ലേശങ്ങളെ അതിജീവിക്കാനും നശ്വരതയെ മറികടക്കാനും അത് സഹായിക്കുന്നു. അസ്തിത്വത്തിന്റെ അഗാധ സാരങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്ന സൗന്ദര്യാവിഷ്‌ക്കാരമാണത്. അതായത് കല. കലയുടെ ധര്‍മമാണ് മതം നിര്‍വഹിക്കുന്നത്. ശാസ്ത്രത്തോട് കലയും ചേരുമ്പോഴേ ജീവിതം പൂര്‍ണമാവൂ.

മതത്തെ യുക്തിപരമായി വ്യാഖ്യാനിച്ചപ്പോഴാണ് മതമൗലികവാദവും നിരീശ്വരവാദവും ഉദയം ചെയ്തതെന്ന് കാരന്‍ ആംസ്‌ട്രോംഗ് നിരീക്ഷിക്കുന്നു. രണ്ടിനും സമാനതകളുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ എല്ലാ മതങ്ങളിലും മതമൗലികവാദം ഉടലെടുത്തിട്ടുണ്ട്. മതത്തെ ശാസ്ത്രീയമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദം മത ചരിത്രത്തില്‍ മുന്‍ മാതൃകയില്ലാത്ത വിധം വേദങ്ങളെ അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിക്കുന്നു. അമേരിക്കയില്‍ പ്രൊട്ടസ്റ്റന്റുകാര്‍ രൂപം കൊടുത്ത “ക്രിയേഷന്‍ സയന്‍സ്” ഇതിനുദാഹരണമാണ്. മതത്തിന്റെ പേരില്‍ നടന്ന അത്യാചാരങ്ങളോടുള്ള തീവ്ര പ്രതികരണമാണ് ആധുനിക നാസ്തികവാദം. അതിനാലാണ് അവരുടെ വിശകലനങ്ങള്‍ക്ക് ആഴമില്ലാതെ പോയതെന്ന് ഗ്രന്ഥകാരി പറയുന്നു.

ദീനാനുകമ്പയും സഹാനുഭൂതിയും, അപരനെ തനിക്ക് തുല്യനായി കാണാനുള്ള വിവേകവുമാണ് എല്ലാ വിശ്വാസങ്ങളും ആവശ്യപ്പെടുന്നത്. ഇതു സാക്ഷാത്കരിക്കപ്പെടുമ്പോഴാണ് ദൈവവിശ്വാസം പ്രവര്‍ത്തനക്ഷമമാകുന്നത്. മതം അപ്രത്യക്ഷമാവുമെന്ന പാശ്ചാത്യ മതനിരപേക്ഷ വാദികളുടെ പ്രവചനം പിഴച്ചിരിക്കുകയാണ്. നമ്മുടെ അറിവിന്റെ പരിമിതികളെ തിരിച്ചറിയണമെന്നാണ് മതത്തിന്റെ സുദീര്‍ഘമായ പാരമ്പര്യം ആവശ്യപ്പെടുന്നത്. നമുക്കറിയാം എന്നു നാം വിചാരിക്കുന്നതിനപ്പുറവും കാര്യങ്ങള്‍ ഉണ്ടാവാം എന്നംഗീകരിക്കുമ്പോഴാണ് ജ്ഞാനോദയം സാധ്യമാവുക. പഠിച്ചുറപ്പിച്ച പല കാര്യങ്ങളും അതിനായി ത്യജിക്കേണ്ടി വരും. ദൈവത്തെ പടിക്കു പുറത്തു നിര്‍ത്തിക്കൊണ്ട് ഒരു ധീര നൂതന ലോകം നിര്‍മിക്കാമെന്ന പാശ്ചാത്യ വിശ്വാസത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇളക്കം തട്ടി. ശാസ്ത്രം ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുകയും മതനിരാസം വ്യാപകമാവുകയും ചെയ്തതിനു ശേഷം ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തിലും സംശയം ഉടലെടുത്തു. “ഉത്തരാധുനികത”യുടെ പിറവി അന്നു മുതലാണെന്നു കരുതുന്നവരുണ്ട്. ആധുനികതയുടെ കാലത്ത് പ്രാന്തവത്കരിക്കപ്പെട്ടവ മുഴുവന്‍ മുന്‍നിരയിലേക്ക് കയറി വരുന്നത് നാം കാണുന്നു. ആധുനികതയുടെ “ശാസ്ത്ര ദൈവത്തെ”പ്പോലെ ഇതും പഴഞ്ചരക്കാവുമോ എന്ന ചോദ്യം കാരന്‍ ആംസ്‌ട്രോംഗ് ഉന്നയിക്കുന്നുണ്ട് (പുറം: 303). നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങളോടും സങ്കീര്‍ണമായ സകല യാഥാര്‍ഥ്യങ്ങളോടും സത്യമായി സംസാരിക്കുന്ന ദൈവ സങ്കല്‍പത്തിലേക്ക് എങ്ങനെയാണ് നമുക്ക് പ്രവേശിക്കാനാവുക എന്ന ചോദ്യവും അവരുന്നയിക്കുന്നു.

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ചരിത്രം നന്നായി വിശകലനം ചെയ്യുന്ന “ദ കെയ്‌സ് ഫോര്‍ ഗോഡ്” മതത്തില്‍ താത്പര്യമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മികച്ച വായനാനുഭവം പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

---- facebook comment plugin here -----

Latest