സൈന്യത്തിന് റഷ്യയുടെ ആയുധ സഹായം

Posted on: May 29, 2013 6:00 am | Last updated: May 29, 2013 at 10:26 am
SHARE

serjiമോസ്‌കോ: സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍ന്നതുമായി ബന്ധപ്പെട്ട ഉപരോധം യൂറോപ്യന്‍ യൂനിയന്‍ അവസാനിപ്പിച്ചതിന് പിന്നാലെ, സിറിയന്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി റഷ്യ രംഗത്ത്. സിറിയന്‍ സര്‍ക്കാറിനെ അനുകൂലിക്കുന്ന പ്രധാന ശക്തിയായ റഷ്യ, ഇ യു നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. സിറിയയുടെ പ്രതിരോധ സംവിധാനങ്ങള്‍ ചിട്ടപ്പെടുത്താനായി കരാര്‍ പ്രകാരമുള്ള ആയുധ സഹായം റഷ്യ നല്‍കുന്നുണ്ടെങ്കിലും വിമാനവേധ മിസൈലുകളടക്കം വിമതരെ നേരിടാന്‍ ആവശ്യമായ ആയുധങ്ങള്‍ സിറിയക്ക് നല്‍കാനാണ് റഷ്യയുടെ തീരുമാനം.
റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബകോവാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്താന്‍ റഷ്യയും അമേരിക്കയും തീവ്രശ്രമം നടത്തുന്നതിനിടെയാണ് സെര്‍ഡി റിയാബകോവയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
സിറിയന്‍ ജനതക്കും സര്‍ക്കാറിനുമെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെ പ്രതിരോധിക്കാനാവാശ്യമായ മിസൈലുകളും മറ്റും സിറിയക്ക് നല്‍കുമെന്നും അത് സിറിയയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നാണ് കരുതുന്നതെന്നും റിയാബകോവ വ്യക്തമാക്കി.
അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ പൂര്‍ണമായും അംഗീകിരിച്ചിട്ടാണ് സിറിയക്ക് ആയുധ സഹായം നല്‍കാന്‍ റഷ്യ തീരുമാനിച്ചതെന്ന് നാറ്റോയിലെ റഷ്യന്‍ പ്രതിനിധി അലക്‌സാന്‍ഡര്‍ ഗ്രുഷ്‌കോ അറിയിച്ചു. വിമതര്‍ക്ക് വിദേശ സഹായം നല്‍കുകയാണെങ്കില്‍ സിറിയന്‍ സൈന്യത്തിന് നല്‍കുന്ന ആയുധ സഹായം വര്‍ധിപ്പിക്കുമെന്ന് നേരത്തെ റഷ്യ വ്യക്തമാക്കിയിരുന്നു. സിറിയയില്‍ പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനൊപ്പം നില്‍ക്കുകയാണ് റഷ്യ. സിറിയക്കെതിരെ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ഈജിപ്തും സഊദി അറേബ്യയുമടക്കമുള്ള അറേബ്യന്‍ രാഷ്ട്രങ്ങളും ശക്തമായ നിലപാടെടുത്തപ്പോള്‍ റഷ്യ അതിനെതിരെ ശക്തമായി രംഗത്തെത്തി. രാഷ്ട്രത്തിന്റെ നിയമവും സംവിധാനങ്ങളും അംഗീകരിക്കാന്‍ ഏതൊരു പൗരന്‍മാരെയും പോലെ വിമതര്‍ക്കും ബാധ്യതയുണ്ടെന്നാണ് റഷ്യയുടെ നിലപാട്. ഈജിപ്തിലും ടുണീഷ്യയിലും നടന്നത് പോലെയുള്ള ജനകീയ വിപ്ലവമായി സിറിയയിലെ പ്രക്ഷോഭത്തെ കാണാന്‍ സാധിക്കില്ലെന്നാണ് റഷ്യയുടെ നയം.
അതിനിടെ, സിറിയയിലേക്ക് ആയുധം നല്‍കാനുള്ള റഷ്യന്‍ തീരുമാനത്തെ ഇസ്‌റാഈലും അമേരിക്കയും ശക്തമായി എതിര്‍ത്തു. ഇത്തരമൊരു നീക്കം ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ വക്താവ് അറിയിച്ചു. എന്നാല്‍ ഇ യുവിന്റെ പുതിയ തീരുമാനത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇസ്‌റാഈലും അമേരിക്കയും സന്നദ്ധമായിട്ടില്ല.