Connect with us

Malappuram

വഖ്ഫ് സ്ഥലത്ത് മതില്‍ കെട്ടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

കല്‍പകഞ്ചേരി: പഞ്ചായത്തിലെ നടയാല്‍ പറമ്പിലുള്ള വഖ്ഫ് സ്ഥലത്ത് മതില്‍ കെട്ടാനുള്ള നീക്കം നാട്ടുകാരില്‍ ഒരു വിഭാഗം തടഞ്ഞു. പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനും കാലികള്‍ക്ക് മേയാനും വഖ്ഫ് ചെയ്ത സ്ഥലം മതില്‍ കെട്ടി തിരിക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ പ്രവൃത്തി തടഞ്ഞത്. മതില്‍ കെട്ടാനെത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ജോലി നിര്‍ത്തി പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. വഖ്ഫ് ചെയ്ത സ്ഥലം മതില്‍ കെട്ടി വളക്കുവാനുള്ള നീക്കം അനുവദിക്കുകയില്ലെന്ന് നടയാല്‍ പറമ്പ് സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. സംരക്ഷണ സമിതി ഭാരവാഹികളായി ഗ്രാമ പഞ്ചായത്തംഗം ആയിശുമ്മു (രക്ഷാധികാരി), പി അബ്ദുല്‍ ലത്തീഫ് (പ്രസി), വി കെ അബ്ദു റഷീദ് (സെക്ര) ടി കുഞ്ഞിമൊയ്തീന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. അതേ സമയം നടയാല്‍ പറമ്പ് മൈതാനം കൈയേറിയെന്ന വാദം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും 1975 മുതല്‍ യത്തീം ഖാനയുടെ കൈവശമുള്ള ഭൂമിയുടെ നികുതി കല്‍പകഞ്ചേരി വില്ലേജില്‍ അടക്കുന്നുണ്ടെന്നും വാര്‍ഷിക റിട്ടേണ്‍ എല്ലാ വര്‍ഷവും സമര്‍പ്പിക്കാറുണ്ടെന്നും വളവന്നൂര്‍ ബാഫഖി യത്തീം ഖാന ഭാരവാഹികള്‍ അറിയിച്ചു.