Connect with us

Kerala

മലബാര്‍ സിമന്റ്‌സിലെ കിലന്‍ സെക്ഷന്‍ പ്രവര്‍ത്തനം നിലച്ചു; കോടികളുടെ നഷ്ടം

Published

|

Last Updated

പാലക്കാട് : മലബാര്‍ സിമന്റ്‌സിലെ കിലന്‍ സെക്ഷന്‍ നിശ്ചലമായതോടെ കോടിക്കണക്കിനു രൂപ നഷ്ടത്തിലായി. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കാണ് കിലന്റെ പ്രവര്‍ത്തനം നിലച്ചത്.
മലബാര്‍ സിമന്റ്‌സില്‍ നിന്ന് നിത്യേന ചുരുങ്ങിയത് 140 ലോഡ് സിമന്റ് പുറത്തുപോകാറുണ്ട്. ഒരു ലോഡില്‍ 200 ചാക്കാണ് ഉണ്ടാകുക. നാല് ദിവസമായി ഒരു ചാക്ക് സിമന്റ് പോലും ഉത്പാദനം നടന്നിട്ടില്ല. അവിടെ സ്റ്റോക്കുണ്ടായിരുന്ന സിമന്റാണ് ഇപ്പോള്‍ പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്.
കിലനില്‍ നിന്നുള്ള ഹോട്ട് എയര്‍ റോമില്ലില്‍ എത്തിയാലേ ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകൂ. സൈക്ലോണില്‍ അഞ്ച് ഘട്ടങ്ങളിലായി വ്യത്യസ്ത താപനിലകളില്‍ കിലനില്‍ എത്തുമ്പോഴാണ് അത് ക്ലിങ്കറായി മാറുന്നത്. 1984 ഫെബ്രുവരി 2ന് കിലന്‍ ഉത്പാദനം തുടങ്ങിയതു മുതല്‍ കമ്പനിക്ക് എന്നും തലവേദനയായിരുന്നു. ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. 1986 ല്‍ പുതിയ ചീഫ് ബര്‍ണറായി കണ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ ചാര്‍ജെടുത്ത ശേഷം 180 ദിവസം കിലന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് മാതൃക കാട്ടി. എന്നാല്‍ 1997ല്‍ ഇ ദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ കിലന്‍ വീണ്ടും തകരാറിലായി. ഇത് തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട യന്ത്രമാണ്. ഇടക്കിടെ നില്‍ക്കുമ്പോള്‍ ഉത്പാദനത്തെ സാരമായി ബാധിക്കും.
പ്രൊഡക്ഷന്‍ മാനേജര്‍ക്കാണ് ഇതിന്റെ പൂര്‍ണ ചുമതല. എന്നാല്‍, ശ്രീധരന്‍ പ്രൊഡക്ഷന്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറി വിദേശത്തേക്ക് പോയ ശേഷം ഇന്നുവരെ ഈ തസ്തികയിലേക്ക് ആരെയും നിയമിച്ചിട്ടില്ല.
ഇപ്പോള്‍ കിലന്റെ ചാര്‍ജുള്ള ജീവനക്കാരനാകട്ടെ പി ഇ കെമിക്കല്‍ തസ്തികയിലുള്ള ആളാണ്. ഇപ്പോഴും യന്ത്രത്തിന്റെ പൂര്‍ണ ചുമതല നല്‍കിയിട്ടില്ല. പലതവണ ഇദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ ഉണ്ടായതാണത്രെ ഇതിന് കാരണമെന്ന് പറയപ്പെടുന്നു. പാലക്കാട് ജില്ലാ കലക്ടറായിരുന്ന ശ്രീനിവാസന്‍ മലബാര്‍ സിമന്റ്‌സിന്റെ എം ഡിയായ കാലഘട്ടത്തില്‍ ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് പറയപ്പെടുന്നത്. ചില ട്രേഡ് യൂനിയനുകളും ഇക്കാര്യത്തില്‍ സജീവമായിരുന്നു.
അപ്പോള്‍ പ്രശ്‌നം ചില ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനമാണെന്നാണ് ആക്ഷേപം. ഓപ്പറേഷന്‍ മാനുവല്‍ എല്ലാ സെക്ഷനിലും ഉണ്ടെങ്കിലും പാലിക്കപ്പെടാറില്ല. യന്ത്രത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അത് ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ പത്ത് മിനിട്ടു കൂടുമ്പോഴും നിരീക്ഷിക്കേണ്ടതാണ്. ഇത് പരിശോധിക്കുന്നതിനായി ഇവിടെ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ആ ക്യാമറയും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിന്റെ പടുകുഴിയിലേക്ക് നീങ്ങുമ്പോഴും മലബാര്‍ സിമന്റ്‌സിന് ലാഭത്തിന്റെ കഥയേ പറയാനുള്ളൂ. കഴിഞ്ഞ വര്‍ഷം 32 കോടി രൂപയാണ് ലാഭം ഉണ്ടാക്കിയത്. എന്നിട്ടും സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള സിമന്റിന്റെ നാലിലൊന്നുപോലും ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ കിലന്‍ തകരാറിലാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ച് ചില ട്രേഡ് യൂനിയനുകളും രംഗത്തെത്തിയിട്ടുണ്ട്.