കോവളം കൊട്ടാര ഭൂമി രവി പിള്ളക്ക് കൈമാറി

Posted on: May 25, 2013 6:00 am | Last updated: May 25, 2013 at 8:29 am

ravipillaiതിരുവനന്തപുരം:കോവളം കൊട്ടാരത്തിന്റെ സ്ഥലം വ്യവസായി രവി പിള്ളക്ക് പോക്കുവരവ് ചെയ്ത് നല്‍കി. 16 ഹെക്ടര്‍ ഭൂമിയാണ് രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍ പി ഗ്രൂപ്പിന് പോക്കുവരവ് ചെയ്ത് നല്‍കിയത്. വിഴിഞ്ഞം വില്ലേജ് ഓഫീസ് നികുതി സ്വീകരിച്ച് പോക്കുവരവ് ചെയ്ത് നല്‍കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി.

നേരത്തെ കോവളം കൊട്ടാര ഭൂമി പോക്കുവരവ് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ എ ജലീല്‍ നിയമോപദേശം നല്‍കിയിരുന്നു. കൊട്ടാരവും വസ്തുക്കളും സംസ്ഥാന സര്‍ക്കാറിന്റേതാണെന്ന വാദം ഹൈക്കോടതിയില്‍ സംസ്ഥാനം സ്വീകരിച്ചിരിക്കെയായിരുന്നു ഈ നിയമോപദേശം. ഏപ്രില്‍ 23നാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്.
‘കോവളം കൊട്ടാരവും അനുബന്ധ വസ്തുവകകളും’ എന്ന നിര്‍വചനത്തില്‍ ഈ വസ്തു ഉള്‍പ്പെടുന്നില്ല. കൊട്ടാരത്തോട് അനുബന്ധിച്ച് നാല് ഹെക്ടര്‍ സ്ഥലം മാത്രമേ നിയമപരമായുള്ളു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഐ ടി ഡി സിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോവളം കൊട്ടാരവും വസ്തുവകകളും സ്വകാര്യ സ്ഥാപനത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ശാരദാ മുരളീധരനെതിരെ വിജിലന്‍സ് കേസുണ്ടായിരുന്നു. ഈ കേസ് അടുത്തിടെ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് അഡീഷനല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഭൂമി രവി പിള്ളക്ക് പോക്കുവരവ് ചെയ്ത് നല്‍കിയിരിക്കുന്നത്. നിലവില്‍ രവി പിള്ളയുടെ ഉടമസ്ഥതയിലാണ് ഈ സ്ഥലം ഉള്‍പ്പെടെയുള്ള ഹോട്ടല്‍.