12 കാരനായ മകനെ കേബിള്‍ കൊണ്ട് അടിച്ചുകൊന്ന കേസിന്റെ വിചാരണ തുടങ്ങി

Posted on: May 23, 2013 1:11 am | Last updated: May 23, 2013 at 1:11 am
SHARE

ദുബൈ: പരീക്ഷയില്‍ തോറ്റതിന് 12 കാരനായ മകനെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സ്വദേശിക്കെതിരെയുള്ള കേസ് വിചാരണ തുടങ്ങി. മക്കളുടെ കാര്യത്തില്‍ ചില രക്ഷിതാക്കള്‍ക്കുള്ള അമിതമായ പ്രതീക്ഷകള്‍ തകിടംമറിയുമ്പോഴുണ്ടാകുന്ന വൈകാരികമായ നടപടികള്‍ എന്തുമാത്രം അപകടകരവും ദുരന്തപൂര്‍ണവുമായിരിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് അബുദാബി കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസ് എന്ന് പോലീസ് പറഞ്ഞു. ഒപ്പം അലിവില്ലാത്ത മനസിന്റെ ഉടമയും വൈകാരികതക്ക് അടിമപ്പെട്ട അപക്വമതിയുമായ ഒരു പിതാവിന്റ വറ്റാത്ത കണ്ണീരിന്റെ കഥയുമാണിത്.

സ്‌കൂളില്‍ ഫലം അറിഞ്ഞ വിവരം ഭാര്യയോട് ഫോണിലൂടെ അറിയിച്ച കുടുംബനാഥന്‍ മകന്‍ തോറ്റതിലുള്ള വിവരവും നല്‍കി. ഉദ്യോഗസ്ഥയായ ഭാര്യക്ക് മുമ്പേ വീട്ടിലെത്തിയ കുടുംബനാഥന്‍, മകനോട് പ്രോഗ്രസ് കാര്‍ഡ് ചോദിച്ചു. അടുത്ത ദിവസമേ കിട്ടുകയുള്ളൂവെന്ന് മകന്‍ മറുപടി പറഞ്ഞു. തോറ്റതിലുള്ള അരിശം 12 കാരനായ മകനോട് തീര്‍ത്തു; അതും കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച്. ഭാര്യ വന്നപ്പോള്‍ വേദന കൊണ്ട് പുളഞ്ഞ് കരയുന്ന മകനെ കണ്ടു. ക്രൂരമായ പീഡനങ്ങളേറ്റ് ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ് ചോര പൊടിയുന്നുണ്ടായിരുന്നു. കരയുന്ന മകനെ മാതാവ് അരികെ കിടത്തിയുറക്കി.
പുറത്ത് പോയി വൈകുന്നേരം തിരിച്ചെത്തിയ പിതാവ് ഭാര്യയോടൊപ്പം കിടന്നുറങ്ങിയ മകനെ വിളിച്ചുണര്‍ത്തി. കമ്പ്യൂട്ടര്‍ കേബിളുമായി പീഡനം വീണ്ടും തുടര്‍ന്നു. അപ്പോഴും അയാള്‍ ആവശ്യപ്പെട്ടത് പ്രോഗ്രസ് കാര്‍ഡായിരുന്നു. അടുത്ത ദിവസമേ ലഭിക്കുകയുള്ളൂവെന്ന് ആണയിട്ട് പറഞ്ഞ മകനെ വിശ്വസിക്കാന്‍ പക്ഷേ, ആ ക്രൂരനായ പിതാവിനായില്ല. ശിക്ഷ ഒരുപാടു നേരം തുടര്‍ന്നു.
പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും നല്‍കി ഉമ്മ മകനെ തന്നോടൊപ്പം കിടത്തിയുറക്കി.
പുലര്‍ച്ചെ മൂന്നര മണിക്ക് വീണ്ടും കുട്ടിയെ പിതാവ് വിളിച്ചുണര്‍ത്തി ചോദ്യം ചെയ്തു. പീഡനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം. ഒരുപാട് തല്ലി. അടച്ചിട്ട മുറിയില്‍ ആ ബാലന്‍ നാലുപാടുമോടി, തന്നെ അടിക്കരുതെന്ന് പിതാവിനോട് കേണപേക്ഷിച്ചു. മകനെ ദ്രോഹിക്കരുതെന്ന് മാതാവും അപേക്ഷിച്ചു. പക്ഷെ അതൊന്നും ഇയാള്‍ ചെവിക്കൊണ്ടില്ല. മുറിയില്‍ തറയിലും ചുമരിലും അങ്ങിങ്ങായി രക്തത്തുള്ളികള്‍ വീണു. കുട്ടിയുടെ കരച്ചില്‍ നേര്‍ത്തു രോദനമായി. ബോധരഹിതനായി വീണപ്പോള്‍ മാത്രമാണ് പീഡനത്തിന് അറുതിയായത്. വേലക്കാരിയുടെ സഹായത്തോടെ മാതാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പിതാവിനെ പിടികൂടി. കൊല്ലാനല്ല താന്‍ ശിക്ഷിച്ചതെന്നും ഭാവിയില്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ഉത്സാഹവും പരിശ്രമങ്ങളും ഉണ്ടാകാന്‍ വേണ്ടി ഒന്നു പേടിപ്പിക്കുക മാത്രമേ ഉദ്ദേശമായിരുന്നുള്ളൂവെന്നും ഇയാള്‍ മൊഴി നല്‍കി.
വിചാരണ വേളകളില്‍ പലപ്പോഴും പരിസരം മറന്ന് കരയുംകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്ത പിതാവ് മക്കളെ ശിക്ഷിക്കുന്ന ഏതൊരു രക്ഷിതാക്കള്‍ക്കും പാഠമാണെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here