സ്വര്‍ണ വിലയിടവില്‍ സഹകരണ ബേങ്കുകള്‍ക്ക് വന്‍ നഷ്ടം

Posted on: May 23, 2013 12:07 am | Last updated: May 23, 2013 at 12:07 am
SHARE

കല്‍പ്പറ്റ: സ്വര്‍ണ വിലയിലുണ്ടായ ഇടിവ് സഹകരണ ബേങ്കുകളെ നഷ്ടത്തിലാക്കുന്നു. പവന് ഇരുപത്തിയൊന്നായിരത്തിലധികം രൂപയോളം നല്‍കി സ്വര്‍ണം പണയത്തിനെടുത്ത ബേങ്കുകളാണ് തിരിച്ചെടുക്കാന്‍ ആളുകളെത്താത്തതിനാല്‍ പ്രതിസന്ധിയിലായത്. വന്‍ തുകക്ക് സ്വര്‍ണം പണയം വെച്ചവര്‍ക്കും വലിയ ബാധ്യത താങ്ങാന്‍ കഴിയുന്നില്ല. സ്വര്‍ണ വിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് ബേങ്കുകളുടെ കാലാവധി തെറ്റിയ കടങ്ങളുടെ ശതമാനത്തിലും വര്‍ധനവ് വന്നു.
സഹകരണ ബേങ്കുകളുടെ വായ്പാ വിതരണത്തില്‍ നല്ലപങ്കും സ്വര്‍ണ പണയ വായ്പകളായാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതല്‍ തുകക്ക് വായ്പ വിതരണം നടത്തിയത്. ഇതോടെ ആളുകള്‍ക്ക് കൂടുതല്‍ തുകക്ക് സ്വര്‍ണം പുതുക്കി വെക്കാനായി. ഇങ്ങനെ പുതുക്കിയ വായ്പകളാണ് മടക്കിയെടുക്കാതെ ഓരോ ദിവസവും ബേങ്കുകളുടെ നഷ്ടം വര്‍ധിപ്പിക്കുന്നത്. ജില്ലയിലെ സഹകരണ ബേങ്കുകളുടെ നഷ്ടം എത്രയാണെന്ന് കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ല. കാലാവധി തെറ്റിയ സ്വര്‍ണം മടക്കിയെടുക്കാനുള്ള സാഹചര്യം ബേങ്കുകള്‍ ഒരുക്കികൊടുക്കുന്നുണ്ട്.
നിലവിലുള്ള പലിശ നിരക്കില്‍ കുറവ് വരുത്തിയും കാലാവധി കഴിഞ്ഞ സ്വര്‍ണം ലേലം ചെയ്യുന്നതിനുള്ള നടപടികളാണ് ബേങ്കുകള്‍ സ്വീകരിക്കുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ അധികം നല്‍കി ലേലത്തിലൂടെ പണയ സ്വര്‍ണം വാങ്ങാന്‍ കച്ചവടക്കാരും തയ്യാറല്ല. ഇതോടെ ലോക്കറുകളിലെ സ്വര്‍ണം എന്തുചെയ്യുമെന്നറിയാത്ത വിഷമിക്കുകയാണ് ബേങ്കുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here