സിവറേജ് പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ല

Posted on: May 22, 2013 1:46 am | Last updated: May 22, 2013 at 1:46 am
SHARE

കോഴിക്കോട് : ലോകബേങ്ക് സഹായത്തോടെ നഗരത്തില്‍ നടപ്പിലാക്കുന്ന സിവറേജ് പദ്ധതി പ്രകാരം സ്ഥാപിച്ച പൈപ്പുകള്‍ ഗുണമേന്‍മയില്ലാത്തതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സിവറേജ് പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് കോര്‍പറേഷന്‍ അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ്(ഒന്ന്) കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
പരിശോധിച്ച മൂന്ന് പൈപ്പുകളും നിലവാരമില്ലാത്തതാണെന്ന് അഡ്വക്കറ്റ് കമ്മീഷണര്‍ കെ രഘുനന്ദനന്‍ ഇന്നലെ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് (ഒന്ന്) കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പൈപ്പുകളില്‍ ഐ എസ് ഐ മുദ്രയോ, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിച്ച മിക്ക മാനദണ്ഡങ്ങളോ ഇല്ലെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. പുറത്തെടുത്ത മൂന്നാമത്തെ പൈപ്പിന് പരിശോധനക്കുള്ള നിലവാരം പോലുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
സിവറേജ് പദ്ധതിക്കായി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് പൈപ്പുകളുടെ നിലവാര പരിശോധനയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈഡ്രോസ്റ്റാറ്റിക്ക് ടെസറ്റില്‍ രണ്ട് പൈപ്പുകളും പരാജയപ്പെടുകയായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തി. കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള മലിനജലം നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതിയായിരുന്നു ഇത്. മലിനജലത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലാണ് പൈപ്പുകളെന്നും മാലിന്യം കെട്ടിക്കിടന്ന് ചോര്‍ച്ചയുണ്ടാകുമെന്നും പരിസരപ്രദേശങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പിനടുത്തുള്ള തുളുവനാനിക്കല്‍ പൈപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അംഗീകൃത ലാബിലാണ് ഗുണനിലവാര പരിശോധന നടന്നത്. കോടതി ഉത്തരവ് പ്രകാരം നിയോഗിക്കപ്പെട്ട ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(ബി ഐ എസ്) അസി. ഡയറക്ടര്‍ സായികുമാറിന്റെ നേതൃത്വത്തില്‍ ആറ് ടെസ്റ്റുകളാണ് നടത്തിയത്. കെ എസ് യു ഡി പിയും വാട്ടര്‍ അതോറിറ്റിയും ആവശ്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ രണ്ട് ടെസ്റ്റുകള്‍ നടത്തിയില്ല.
63 കോടി രൂപ ചെലവില്‍ കെ എസ് യു ഡി പി, കേരള വാട്ടര്‍ അതോറിറ്റി, കോര്‍പറേഷന്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രധാന ഉത്തരവാദിത്വം കോര്‍പറേഷനായതിനാല്‍ അഴിമതി നടത്തി നഗരവാസികളെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിച്ച മേയര്‍ എ കെ പ്രേമജവും ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ ലത്വീഫും രാജിവെക്കണമെന്ന് അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക ബേങ്കിന്റെ ഫണ്ട് കോര്‍പറേഷനാണ് ലഭിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഭരണനിര്‍വഹണ അധികാരി സിറ്റി ലെവല്‍ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ മേയറാണ്. കോര്‍പറേഷന്‍ സെക്രട്ടറിയാണ് കണ്‍വീനര്‍. അതിനാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ കോര്‍പറേഷന്‍ ഭരണസമിതിക്ക് കഴിയില്ലെന്ന് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ആനന്ദകനകം, കണ്‍വീനര്‍ കെ പി വിജയകുമാര്‍ എന്നിവര്‍ പറഞ്ഞു.