ഇന്ത്യാ-ചീനാ ഭായ് ഭായ്

Posted on: May 22, 2013 12:01 am | Last updated: May 22, 2013 at 7:15 pm
SHARE

ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗിന്റെ ഇന്ത്യാ സന്ദര്‍ശനം അതിര്‍ത്തിയിലെ മഞ്ഞുരുക്കത്തിന് സഹായകമാകുമോ? മൂന്നാഴ്ച നീണ്ടുനിന്ന ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് സമാധാനപരമായി പരിഹാരം കണ്ട് രണ്ടാഴ്ചക്കകമാണ് ലി കെക്വിയാംഗ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിയത്. ഇന്ത്യയില്‍ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതുള്‍പ്പെടെ എട്ട് കരാറുകളില്‍ ഒപ്പ് വെച്ചാണ് ഇന്നലെ ഡല്‍ഹി വിട്ടത്.
അഞ്ച് ദശകത്തിലേറെ പഴക്കമുണ്ട് ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തിന്. ലഡാക്കില്‍ 1960കളില്‍ ചൈനയുടെ കടന്നുകയറ്റത്തോടെയാണ് തുടക്കം. തുടര്‍ന്ന് ചൈനയുടെ 90,000 ച. കിലോ മീറ്റര്‍ പ്രദേശങ്ങള്‍ ഇന്ത്യ കൈയടക്കിയതായി ആരോപിച്ച ചൈന അരുണാചല്‍ തങ്ങളുടേതാണെന്ന വാദവും മുന്നോട്ട് വെച്ചു. 1962-ലെ യുദ്ധത്തിലാണ് അത് കലാശിച്ചത്. കടന്നുകയറ്റവും അതിര്‍ത്തി ലംഘനവും തുടര്‍ന്നെങ്കിലും അതൊരു ഏറ്റുമുട്ടലില്‍ എത്താതിരിക്കാന്‍ ഇരുവിഭാഗവും പിന്നീട് ശ്രദ്ധിച്ചിരുന്നു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ ഒട്ടേറെ നടന്നിട്ടുണ്ട്. പരിഹാരം എന്നും അകലെയായിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാനുള്ള മന്‍മോഹന്‍-ലി കൂടിക്കാഴ്ചയിലെ തീരുമാനം സ്വാഗതാര്‍ഹമാണ്.
സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ പ്രതിരോധ രംഗമുള്‍പ്പെടെ സര്‍വത്ര മേഖലകളിലും സഹകരണം ശക്തിപ്പെടുത്തി ഉഭയകക്ഷി ബന്ധം കൂടുതല്‍ സുദൃഢമാക്കാനുള്ള നയചാതുര്യമാണ് ഈ ഘട്ടത്തില്‍ ന്യൂഡല്‍ഹിയും ബീജിംഗും കാണിക്കേണ്ടത്. വ്യക്തമായി നിര്‍ണയിച്ചിട്ടില്ലാത്ത അതിര്‍ത്തിയെ ചൊല്ലി പരസ്പരം കടിച്ചു കീറേണ്ട ഒരു സാഹചര്യമല്ല നിലവിലുളളത്. ആഗോള തലത്തില്‍ ഇരുരാജ്യങ്ങളുടെ ഇടവും പ്രാധാന്യവും ഏറെ വര്‍ധിച്ചിരിക്കയാണ്. ശാസ്ത്ര, സാങ്കേതിക, സൈനിക മേഖലകളിലെല്ലാം ചൈനയുടെയും ഇന്ത്യയുടെയും കുതിപ്പിന് വേഗം വര്‍ധിച്ചിട്ടുണ്ട്. മനുഷ്യവിഭവ ശക്തിയില്‍ ലോകത്തിന്റെ മൂന്നിലൊന്ന് ഈ രാജ്യങ്ങളിലാണ്. ആഗോള സാമ്പത്തിക ക്രമം, നിരായുധീകരണം പോലുള്ള വിഷയങ്ങളില്‍ താത്പര്യങ്ങള്‍ ഏറെക്കുറെ സമാനവുമാണ്. ഏക ധ്രുവലോക സൃഷ്ടിപ്പിലൂടെ ആഗോളാധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ കുത്സിത ശ്രമങ്ങളെ ചെറുക്കാന്‍ ഇന്ത്യാ-ചൈനാ ബന്ധം മെച്ചപ്പെടണമെന്ന താത്പര്യം ആഗോള ജനതയില്‍ മുമ്പത്തേക്കാളേറെ ശക്തവുമാണിന്ന്.
ഉഭയകക്ഷി ബന്ധം സുദൃഢമാകേണ്ടതിന്റെ അനിവാര്യത ചൈനയിലെ പുതിയ നേതൃത്വത്തിന് കൂടുതല്‍ ബോധ്യമായിട്ടുണ്ടെന്നാണ് പ്രോട്ടോകോള്‍ അവഗണിച്ചു പോലും ഇന്ത്യാ സന്ദര്‍ശനത്തിന് ലി കാണിച്ച താത്പര്യത്തിന്റെ വ്യക്തമായ സൂചന. മാര്‍ച്ചില്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. പ്രോട്ടോകോള്‍ അനുസരിച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ച ശേഷമാണ് ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയില്‍ വരേണ്ടത്. ലീയുടെ സന്ദര്‍ശനം ഉടന്‍തന്നെ വേണമെന്ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മന്‍മോഹന്‍ ക്ഷണിക്കുകയായിരുന്നു.
ഏഷ്യന്‍ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ചെറുക്കുകയാണ് ചൈനയുടെ പുതിയ നയതന്ത്രത്തിന് പിന്നിലെന്ന വിലയിരുത്തലുണ്ട്. അതെന്തായാലും സൗഹൃദം മെച്ചപ്പെടുത്താനുള്ള ചൈനയുടെ താത്പര്യത്തെ അവഗണിക്കാതിരിക്കുകയാണ് ഇന്ത്യക്ക് ഗുണകരം. ഈ സൗഹൃദ കൂട്ടായ്മയില്‍ റഷ്യയെ കുടി പങ്കാളിയാക്കാനായാല്‍ ആഗോള സമവാക്യങ്ങളെ തന്നെ മാറ്റിമറിക്കുന്ന ശക്തമായ കൂട്ടുകെട്ടായി അത് മാറുകയും ചെയ്യും.
ചൈനയുടെ അതിര്‍ത്തിലംഘനം ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കരുതെന്ന് ഇന്ത്യക്കും നിര്‍ബന്ധമുണ്ട്. ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നം പരിഹരിച്ച് മണിക്കൂറുകള്‍ക്കകമുള്ള വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിന്റെ ബീജിംഗ് സന്ദര്‍ശനം ഇതിന് തെളിവാണ്. ഈ വര്‍ഷാവസാനം നടത്താനിരിക്കുന്ന മന്‍മോഹന്‍ സിംഗിന്റെ ചൈനാ സന്ദര്‍ശനത്തോടെ ബന്ധങ്ങള്‍ക്ക് പുതിയ മാനം കൈവരുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here