സംസ്ഥാനത്ത് ഉപയോഗശൂന്യമായി 1,27,971 ഹെക്ടര്‍ തരിശുഭൂമി

Posted on: May 20, 2013 6:00 am | Last updated: May 19, 2013 at 11:06 pm
SHARE

തിരുവനന്തപുരം: സംസ്ഥാനം ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോഴും കേരളത്തില്‍ 1,27,971 ഹെക്ടര്‍ ഭൂമി കൃഷി ചെയ്യാതെ തരിശായി കിടക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വിവരം. ഇതില്‍ 51,943 ഹെക്ടറും ഏറെ നാളായി കൃഷി ചെയ്യാതെ കിടക്കുന്നതാണെന്നാണ് സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്. കാലങ്ങളായി ഈ ഭൂമി കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ കൂടുതല്‍ ഭൂമിയും സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. റവന്യു വകുപ്പിന് കീഴിലുള്ള പുറമ്പോക്ക് ഭൂമിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഭൂമിയും ഇതിലുള്‍പ്പെടും. തരിശുഭൂമി കൃഷി യോഗ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന തലത്തില്‍ വന്‍തോതില്‍ ഫണ്ടുകളുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സംസ്ഥാന കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പരാജയപ്പെട്ടതാണ് ഇത്രയധികം ഭൂമി വെറുതെ കിടക്കുമ്പോഴും നിത്യോപയോഗ ഭക്ഷ്യവസ്തുക്കള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ പ്രധാന കാരണം. ഈ നടപ്പു വര്‍ഷം മാത്രം 76,028 ഹെക്ടര്‍ ഭൂമി തരിശായി കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച തരിശുരഹിത കേരളം എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പൂര്‍ണമായി വിജയം കണ്ടിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. പദ്ധതി പ്രകാരം പത്തനംതിട്ടയിലെ കടപ്ര, ആലപ്പുഴയിലെ പാലമേല്‍, മണ്ണഞ്ചേരി, മലപ്പുറത്തെ ആതവനാട്, എടരിക്കോട് എന്നീ പഞ്ചായത്തുകളെയാണ് കേരളത്തില്‍ ഇതുവരെ തരിശുരഹിത നെല്‍വയല്‍ പഞ്ചായത്തുകളായി പ്രഖ്യാപിച്ചത്.
അതേസമയം തരിശുഭൂമി ഘട്ടം ഘട്ടമായി കൃഷിയോഗ്യമാക്കുന്നതിന് കുട്ടനാട്, ആര്‍ കെ വി വൈ പദ്ധതികള്‍ നിലവിലുണ്ട്. കുട്ടനാട് പാക്കേജ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 250 ഹെക്ടര്‍ ഭൂമിയും ആര്‍ കെ വി വൈ പദ്ധതിയില്‍ 3,200 ഹെക്ടര്‍ തരിശുഭൂമിയും നികത്താനാണ് പദ്ധതിയിട്ടിരുന്നത്. തരിശുഭൂമിയില്‍ നെല്ല്, വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നീ കൃഷികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനായി പഞ്ചായത്തുകള്‍ക്ക് പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 3,200 ഹെക്ടര്‍ തരിശുഭൂമിയില്‍ വിവിധ വിളകള്‍ കൃഷിയിറക്കുന്നതിന് 1.8 കോടിയാണ് സഹായം നല്‍കുന്നത്. കോണ്‍ട്രാക്ട് ഫാമിംഗ് രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൂടാതെ കുട്ടനാട് പാക്കേജ് 13 ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പദ്ധതിപ്രകാരം ഹെക്ടറിന് 30,000 രൂപയും ധനസഹായം നല്‍കുന്നുണ്ട്. ഇതിനായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 75 ലക്ഷം രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. തരിശുരഹിത ഭൂമി സമ്പൂര്‍ണ കൃഷിയോഗ്യമാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 10, അഞ്ച്, മൂന്ന് ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. ഇത്രയൊക്കെയായിട്ടും തരിശുരഹിത കേരളം പദ്ധതി പൂര്‍ണ വിജയത്തിലെത്തിക്കാനായിട്ടില്ലെന്നാണ് നിലവിലെ അവസ്ഥ വ്യക്തമാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here