അബുദാബിയില്‍ 420 പക്ഷികള്‍; വംശനാശം നേരിടുന്നവക്കും ആവാസം

Posted on: May 13, 2013 8:22 pm | Last updated: May 13, 2013 at 8:22 pm

bird2അബുദാബി: അബുദാബിയില്‍ 420 ഇനം പക്ഷികളുണ്ടെന്ന് നിരീക്ഷണത്തില്‍ വ്യക്തമായതായി എന്‍വിയോണ്‍മെന്റ് ഏജന്‍സി അബുദാബി (ഇ എ ഡി) അറിയിച്ചു.
യു എ ഇയില്‍ 452 ഇനം പക്ഷികളാണുള്ളത്. അവയില്‍ മിക്കതും അബുദാബിയിലുണ്ട്. 60 സങ്കേതങ്ങളില്‍ 42,000 പക്ഷികള്‍ ഓരോ മാസവും കാണാനാകും. വംശനാശം വരുന്നവയുടെ പ്രജനനവും രേഖപ്പെടുത്തപ്പെട്ടു. ദേശാടനപ്പക്ഷികള്‍ ചേക്കേറുന്ന അല്‍ വത്ബ വെറ്റ്‌ലാന്റ് ലോകനിലവാരത്തിലുള്ളതാണ്.
രാജ്യാന്തര അംഗീകാരമുള്ള രണ്ടായിരത്തോളം പ്രകൃതിരമണീയ മേഖയിലൊന്നാണ് അല്‍ വത്ബ. തനിമയ്ക്കു കോട്ടം തട്ടാതെ, ജീവജാലങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുന്ന പരിപാടികളാണു റംസാര്‍ കണ്‍വന്‍ഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിരക്ഷിക്കുകയെന്നു സെക്രട്ടറി ജനറല്‍ അനാദാ റ്റിയാ വെളിപ്പെടുത്തി.
പരിസ്ഥിതി വിജ്ഞാനീയം, സസ്യ ശാസ്ത്രം, ജന്തുശാസ്ത്രം, ഉള്‍നാടന്‍ ജലപഠനം, ജല വിജ്ഞാനീയം തുടങ്ങിയ മേഖലകളിലെ പഠന ഗവേഷണങ്ങള്‍ക്കും ഭാവിയില്‍ അല്‍ വത്ബ പ്രധാന കേന്ദ്രമാവും. യുഎഇ ജല പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണു ജൈവശാസ്ത്ര പരിസ്ഥിതി മാറ്റത്തിനും യുഎഇയുടെ പ്രകൃതി പൂര്‍വിക സമ്പത്തായും അല്‍ വത്ബ റിസര്‍വ് മാറ്റിയത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് അല്‍ വത്ബ. അബുദാബി നഗരത്തില്‍ നിന്നു മുക്കാല്‍ മണിക്കൂര്‍ ദൂരമുണ്ട്. ഗ്രേറ്റര്‍ ഫഌമിംഗോ എന്ന രാജഹംസ പക്ഷികളുടെ മികച്ച bird1സങ്കേതമാണിത്. മരുഭൂമിക്കു നടുവില്‍ എപ്പോഴും വെള്ളം കെട്ടിനില്‍ക്കുന്ന ജലാശയമായതിനാനാലാവാം കൊടുംചൂടിലും ഈ മേഖല നൂറുകണക്കിനു പക്ഷികളുടെയും പറവകളുടെയും പ്രമുഖ സങ്കേതമായി വികസിക്കാനിടയാക്കിയതെന്നാണ് അബുദാബി പരിസ്ഥിതി ഏജന്‍സിയിലെ പക്ഷി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ 1998ലാണ് അല്‍ വത്ബ ജലാശയ മേഖല സ്ഥാപിച്ചത്. ഏകദേശം 1,600 ഗ്രേറ്റര്‍ ഫഌമിങ്‌ഗോ പക്ഷികളാണ് ഇവിടെയും പരിസരങ്ങളിലുമായി അധിവസിക്കുന്നതെന്നാണ് പരിസ്ഥിതി ഏജന്‍സിയുടെ ഔദ്യോഗിക കണക്ക്.
പക്ഷികള്‍ക്കു മുട്ടയിട്ട് അടയിരിക്കാനുള്ള സൗകര്യങ്ങളൊരുക്കിയാണ് അബുദാബി പരിസ്ഥിതി ഏജന്‍സി ബേഡ് കണ്‍സര്‍വേഷന്‍ ടീം വിവിധ ഭാഗങ്ങളില്‍ വംശവര്‍ധനയ്ക്കുള്ള സാഹചര്യമൊരുക്കുന്നത്.
birdഅല്‍ വത്ബ വെറ്റ്‌ലാന്‍ഡ് റിസര്‍വ് രാജഹംസ പക്ഷികളുടെ മേഖലയിലെ മികച്ച സങ്കേതമാക്കി വികസിപ്പിക്കാനുള്ള കര്‍മപരിപാടിയാണിപ്പോള്‍ നടത്തുന്നതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ റസാന്‍ ഖലീഫ അല്‍ മുബാറക് അറിയിച്ചു. യസ്മീനാ വിഭാഗം രാജഹംസമാണിവിടെ കൂടുതലായി കാണപ്പെടുന്നത്. ദുബൈ റാസ് അല്‍ ഖോര്‍ മേഖലയിലും ഈ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍ ധാരാളമുണ്ട്.