കര്‍ണാടക: ജനവിധിയുടെ രാഷ്ട്രീയ അന്തര്‍ഗതങ്ങള്‍

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 10:57 pm
SHARE

ബി ജെ പി സര്‍ക്കാറിന്റെ അഴിമതിക്കും വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരായ ജനവിധിയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത്. 223 സീറ്റകളില്‍ 121 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് കിട്ടിയ പിന്തുണയായി വ്യാഖ്യാനിക്കാന്‍ ഏറെ സാധ്യതയുണ്ട്. മറ്റൊരു ബദലിന്റെ അഭാവമാണ് കോണ്‍ഗ്രസിനെ തുണച്ചത്. ബി ജെ പിയും എച്ച് ഡി ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളും 40 സീറ്റുകള്‍ വീതമാണ് നേടിയത്. 2008ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി യഡിയൂരപ്പയുടെ നേതൃത്വത്തില്‍ 110 സീറ്റ് നേടി അധികാരത്തിലെത്തിയതിന് പിറകില്‍ ബെല്ലാരിയിലെ റെഡ്ഢി സഹോദരന്മാര്‍ വഹിച്ച പങ്ക് പ്രസിദ്ധമാണല്ലോ. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് കുറവുണ്ടായിരുന്ന ബി ജെ പിക്ക് അധികാരം നേടിക്കൊടുത്തത് ബെല്ലാരിയിലെ ഇരുമ്പ് പണമായിരുന്നു. അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം തികക്കാന്‍ നടത്തിയ ‘ഓപറേഷന്‍ കമല’ വഴി ജനാര്‍ദന റെഡ്ഢിയും യഡിയൂരപ്പയും ചേര്‍ന്ന് എം എല്‍ എമാരെ വിലക്കെടുക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ലിംഗായത് ജാതിസമുദായ വോട്ടുകളും ജനാര്‍ദന റെഡ്ഢിയുടെ പണവുമാണ് ബി ജെ പിയെ അധികാരത്തിലെത്തിച്ചത്.
ഈ തിരഞ്ഞെടുപ്പിലും ഇരുമ്പുപണം പല തലത്തിലും സ്വാധീനം ചെലുത്തി. ബെല്ലാരിയില്‍ ബി എസ് ആര്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടിയത് ഇരുമ്പുപണത്തിന്റെ പിന്‍ബലത്തില്‍ തന്നെയാണ്. വിചിത്രമായ മറ്റൊരു വസ്തുത കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും സ്ഥാനാര്‍ഥികളില്‍ പലരും തൊട്ടുമുമ്പ് ബി ജെ പി വിട്ടവരായിരുന്നു. ജയിച്ചു വന്ന 12 സ്വതന്ത്രരില്‍ പലരും കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും വിമതരായിരുന്നു. യെഡിയൂരപ്പയുടെ കെ ജെ പിക്ക് ആറ് സീറ്റുകളേ ലഭിച്ചുള്ളുവെങ്കിലും ലിംഗായത് വോട്ടുകളില്‍ വലിയ ഭിന്നിപ്പുണ്ടാക്കാനും അത് വഴി ബി ജെ പി സ്ഥാനാര്‍ഥികളുടെ പരാജയത്തിന് സാഹചര്യമൊരുക്കാനും കഴിഞ്ഞു. ബി ജെ പിക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 70 സീറ്റുകളാണ് നഷ്ടമായത്. കഴിഞ്ഞ തവണ 80 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് 40 സീറ്റ് കൂടുതല്‍ കിട്ടി. കര്‍ണാടകത്തെ അഴിമതിയില്‍ മുക്കിയ ബി ജെ പിക്ക് ഒരു ജില്ലയിലും മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ശ്രീരാമ സേനയും മറ്റ് സംഘ്പരിവാര്‍ വിഭാഗങ്ങളും അഴിച്ചുവിട്ട വര്‍ഗീയ ഫാസിസ്റ്റ് ആക്രമണങ്ങളോടുള്ള മതനിരപേക്ഷ വികാരം കോണ്‍ഗ്രസിനെപ്പോലെ ജനതാദളിനും അനുകൂല വോട്ടുകളായി മാറിയിട്ടുണ്ട്.
ബി ജെ പിയുടെയും കോണ്‍ഗ്രിന്റെയും കര്‍ഷകവിരുദ്ധ നയങ്ങള്‍ ദക്ഷിണ കര്‍ണാടകയില്‍ ജനതാദളിന് അനുകൂലമായ തരംഗം തന്നെ സൃഷ്ടിച്ചുവെന്ന് പറയാം. അഴിമതിക്കും കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരായ ശക്തമായ വികാരം ഈ മേഖലയിലെ വോട്ടര്‍മാരില്‍ പ്രകടമായിരുന്നു. ബംഗളൂരു ജില്ലയില്‍ 2008ല്‍ 17 സീറ്റ് ലഭിച്ച ബി ജെ പിക്ക് ഇത്തവണ 12 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബെല്ലാരി ബി ജെ പിയെ പൂര്‍ണമായും കൈയൊഴിഞ്ഞു. ഉപമുഖ്യമന്ത്രിയും ബി ജെ പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഈശ്വരപ്പ ഉള്‍പ്പെടെ പാര്‍ട്ടി മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് പരാജയം ഏറ്റുവാങ്ങിയത്.
ബി ജെ പിയെ പോലെ തന്നെ അഴിമതിയുടെ ഗംഗോത്രിയാണ് കോണ്‍ഗ്രസ് എന്ന കാര്യം വ്യക്തമായിട്ടും കര്‍ണാടകയിലെ ജനങ്ങള്‍ ബി ജെ പിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിലെ ജനവികാരം കോണ്‍ഗ്രസിന്റെ വിജയത്തെക്കാളേറെ ബി ജെ പിയുടെ പരാജയം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെപ്പോലെ അഴിമതി, ഭൂമികുംഭകോണം, ഖനി മാഫിയ, ലൈംഗിക അരാജകത്വം തുടങ്ങിയവക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കിയ ബി ജെ പി സര്‍ക്കാറിനോടുള്ള രോഷമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. ബി ജെ പി മന്ത്രിമാരില്‍ ഭൂരിഭാഗവും അഴിമതിക്കാരായിരുന്നു. പലരും കേസുകളില്‍ കുടിങ്ങി ജയിലിലുമായി. നിയമസഭാ സമ്മേളനത്തിനിടയില്‍ സഭയിലിരുന്ന് ലൈംഗിക അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടിരുന്നവരാണ് പല ബി ജെ പി എം എല്‍ എമാരും. അങ്ങേയറ്റം ജീര്‍ണിച്ച മതാന്ധവാദികളുടെ ഭരണത്തോടുള്ള മടുപ്പും രോഷവുമാണ് കര്‍ണാടകയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസിന്റെയും യു പി എ സര്‍ക്കാറിന്റെയും ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതി വേണ്ടത്ര കര്‍ണാടക രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെങ്കിലും സംസ്ഥാനത്തെ അഴിമതി ഭരണം അവസാനിപ്പിക്കാന്‍ ജനം തീരുമാനിക്കുകയായിരുന്നു. ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരായ ഒരു മൂന്നാം ബദലിന്റെ അഭാവം യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന് സഹായകരമായി. ഒരു ബദല്‍ ശക്തിയായി വളര്‍ന്നുവരാന്‍ കഴിയാതിരുന്ന ജനതാദള്‍ എസ്സിന് ശക്തമായൊരു വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പയുടെ നിലപാടുകളും സാന്നിധ്യവും കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ഒരു കക്ഷി എന്ന നിലയില്‍ കെ ജെ പിക്ക് ആറ് സീറ്റുകളേ നേടാനായുള്ളൂവെങ്കിലും യഡിയൂരപ്പ ബി ജെ പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ അണികള്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ഷകദ്രോഹ നയങ്ങള്‍ക്കും അഴിമതിക്കും സംഘ്പരിവാറിന്റെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരെ സമരം നയിച്ചിരുന്ന സി പി എമ്മിന്റെ സാന്നിധ്യത്തെ കോണ്‍ഗ്രസ്, ബി ജെ പി, ജനതാദള്‍ കക്ഷികള്‍ ഒരുപോലെ ഭയപ്പെട്ടുവെന്ന കാര്യവും ഈ തിരഞ്ഞെടുപ്പ് അനാവരണം ചെയ്തു. ഖനി, ഭൂമാഫിയകള്‍ സി പി എമ്മിന് വിജയസാധ്യതയുള്ള ബലഗപ്പള്ളി മണ്ഡലത്തില്‍, വ്യവസായപ്രമുഖനായ എസ് എന്‍ സബ്ബറെഡ്ഢിയെ കോണ്‍ഗ്രസ്, ബി ജെ പി, ജനതാദള്‍ പിന്തുണയോടെ വിജയിപ്പിച്ചെടുക്കുകയായിരുന്നു. സി പി എം സ്ഥാനാര്‍ഥി ശ്രീറാം റെഡ്ഢിക്ക് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ നാലായിരം വോട്ട് കൂടുതല്‍ കിട്ടി. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കേവലം 15,000 വോട്ട് മാത്രം കിട്ടി. കഴിഞ്ഞ തവണ 32,244 വോട്ട് കിട്ടിയ സ്ഥാനത്താണ് ഈ കുറവ് സംഭവിച്ചത്. കഴിഞ്ഞ തവണ 28,000 വോട്ട് നേടിയ ജനതാദളിന് ഇത്തവണ ലഭിച്ചത് 16,000 വോട്ടും. കഴിഞ്ഞ തവണ 26,000 വോട്ട് നേടിയ ബി ജെ പിക്ക് ലഭിച്ചത് 1084 വോട്ടും. സംസ്ഥാനത്തെ ഖനി മാഫിയയും ഭൂപ്രമാണിമാരും വന്‍കിട വ്യവസായ കോര്‍പ്പറേറ്റുകളും ശ്രീറാം റെഡ്ഢിയെ പരാജയപ്പെടുത്താന്‍ പണമൊഴുക്കുകയും എല്ലാ ഭരണവര്‍ഗ പാര്‍ട്ടികളെയും ഏകോപിപ്പിക്കുകയുമായിരുന്നു.
കര്‍ണാടകയിലെ ജനവിധിയുടെ രാഷ്ട്രീയ അന്തര്‍ഗതങ്ങള്‍ വ്യക്തമാണ്. പരാജയപ്പെട്ട ബി ജെ പിക്ക് എന്ന പോലെ വിജയിച്ച കോണ്‍ഗ്രസിനുമുള്ള മുന്നറിയിപ്പാണ് ജനവിധിയില്‍ അന്തര്‍ലീനമായിരിക്കുന്ന ഏറ്റവും പ്രധാന പാഠം. അഴിമതിക്കാരെ കാത്തിരിക്കുന്നത് കര്‍ണാടകയിലെ പോലെ കേന്ദ്രത്തിലും എന്താണെന്ന പാഠം. അഴിമതിക്കെതിരെ എന്ന പോലെ കര്‍ണാടകയുടെ ഗുജറാത്ത് വത്കരണത്തിനെതിരായ വിധിയാണിത്.
മോഡിയുടെ സ്തുതിപാഠകരായ ബി ജെ പിക്കാര്‍ക്ക് മാത്രമല്ല, യു ഡി എഫുകാര്‍ക്കുമുള്ള മുന്നറിയിപ്പാണിത്. ഹിന്ദുത്വ തീവ്രവാദികളെയും പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവരെയും പരിലാളിച്ചും കൂട്ട്പിടിച്ചും തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യവും കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മുന്നറിയിപ്പിലുണ്ട്. രാജ്യത്തെ അഴിമതിയുടെ റിപ്പബ്ലിക്കും മാഫിയാ വാഴ്ചയുടെ ഇടവുമാക്കി മാറ്റുന്നവര്‍ക്കെതിരായ ജനരോഷം ഉചിതമായ സന്ദര്‍ഭങ്ങളില്‍ ശക്തമായി പ്രകടിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് ഈ ജനവിധി സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here