നൂറുമേനിയില്‍ നാല് പേര്‍ മാത്രം; സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെട്ടു

Posted on: May 8, 2013 10:56 pm | Last updated: May 8, 2013 at 10:56 pm

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ സമ്പൂര്‍ണ വിജയം നേടിയത് നാല് സ്‌കൂളുകള്‍ മാത്രം. ഇതില്‍ പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ-സംസാര സ്‌കൂളിന്റേതാണ് മിന്നുന്ന പ്രകടനം. ബധിര-മൂക വിദ്യാര്‍ഥികള്‍ പഠിക്കുന്ന ശ്രവണ-സംസാര സ്‌കൂളില്‍ പരീക്ഷയെഴുതിയ ആറ് കുട്ടികളും തുടര്‍ പഠനത്തിന് അര്‍ഹത നേടി. എസ് എസ് എല്‍ സി പരീക്ഷയിലും സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പാലക്കാട് കാണിക്കമാത കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറിയിലും ചന്ദ്രനഗര്‍ ഭാരത്മാതയിലും പരീക്ഷയെഴുതിയ 153 കുട്ടികളും തുടര്‍ പഠനത്തിന് യോഗ്യരായി. ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയില്‍ പരീക്ഷയെഴുതിയ 71 കുട്ടികളും തുടര്‍ പഠനത്തിന് യോഗ്യരായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് വര്‍ഷമായി ഏറ്റവുമധികം പോയിന്റ് നേടുന്ന സ്‌കൂളാണ് ഗുരുകുലം. ചിറ്റൂര്‍ വിജയമാതാ കോണ്‍വെന്റിന് ഒരു കുട്ടിയുടെ തോല്‍വി മൂലം സമ്പൂര്‍ണ ജയം നഷ്ടമായി. 144 കുട്ടികളെയാണ് ഇവിടെ പരീക്ഷക്കിരുത്തിയത്.
ജില്ലയിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും ഫലം മെച്ചപ്പെടുത്തിയപ്പോള്‍ കൂട്ടത്തില്‍ ചിലത് പ്രമുഖ സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന ഫലവും നേടി്. അട്ടപ്പാടിയിലെ പുതൂര്‍ ഗവ ട്രൈബല്‍ എച്ച് എസ് എസ് മാത്രമാണ് ഇതിന് അപവാദമായത്. നാല് കുട്ടികളെ പരീക്ഷക്കിരുത്തിയ സ്‌കൂളിന് ഒരാളെ മാത്രമേ ജയിപ്പിക്കാനായുള്ളൂ.തൃത്താല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 94.29 ശതമാനം ജയം നേടി. പരീക്ഷയെഴുതിയ 35ല്‍ 33 കുട്ടികളും തുടര്‍ പഠനത്തിന് അര്‍ഹരായി. 338 കുട്ടികള്‍ പരീക്ഷയെഴുതിയ ആലത്തൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ 293 പേരാണ് തുടര്‍പഠനത്തിന് യോഗ്യത നേടിയത്. തോലനൂര്‍ ഗവ എച്ച് എസ് എസില്‍ 175 കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 150 പേരും കടമ്പ കടന്നു.
174 പേര്‍ പരീക്ഷയെഴുതിയ ആനക്കര ഗവ എച്ച് എസ് എസില്‍ 140 പേരാണ് തുടര്‍ പഠനത്തിന് അര്‍ഹരായത്. കാരാകുറുശ്ശി ഗവ ഹയര്‍ സെക്കന്‍ഡറിയില്‍ പരീക്ഷയെഴുതിയ 208 കുട്ടികളില്‍ 175 പേരും ലക്ഷ്യം നേടി. ഒറ്റപ്പാലം ഗവ ഹയര്‍ സെക്കന്‍ഡറിയില്‍ 88.74 ആണ് വിജയ ശതമാനം. പരീക്ഷയെഴുതിയ 231ല്‍ 205 കുട്ടികളും വിജയിച്ചു. 290 പേരെ പരീക്ഷയെഴുതിച്ച നെന്മാറ ഗവ ഹയര്‍ സെക്കന്‍ഡറിക്ക് 247 പേരെ തുടര്‍ പഠനത്തിന് യോഗ്യരാക്കാന്‍ കഴിഞ്ഞു. കരിമ്പ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 90.77 ശതമാനം വിജയം നേടി. 271 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 246 പേരും തുടര്‍ പഠനത്തിന് യോഗ്യരാണ്.