ചിട്ടിക്കമ്പനി ബില്‍ അംഗീകാരം: കേന്ദ്രം സത്വര നടപടി സ്വീകരിക്കണമെന്ന് ബംഗാള്‍ സര്‍ക്കാര്‍

Posted on: May 7, 2013 5:59 am | Last updated: May 6, 2013 at 10:50 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ശതകോടികളുടെ ചിട്ടിക്കമ്പനി കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ വേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കണ്ടു. ചിട്ടിക്കമ്പനികളിലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ബംഗാള്‍ നിയമസഭയുടെ പ്രത്യേക സെഷനില്‍ പാസ്സാക്കിയ വെസ്റ്റ് ബംഗാള്‍ പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍- 2013ന്റെ തുടര്‍നടപടികള്‍ ദ്രുതഗതിയിലാക്കണമെന്നാണ് തൃണമൂല്‍ സര്‍ക്കാറിന്റെ ആവശ്യം. പാര്‍ലിമെന്റ് ഹൗസില്‍ പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായും അമിത് മിത്ര കൂടിക്കാഴ്ച നടത്തി. വേണ്ടതെല്ലാം ചെയ്യുമെന്ന് ഷിന്‍ഡെ ഉറപ്പുനല്‍കിയതായി മിത്ര പറഞ്ഞു.

അതേസമയം, ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ ചുഞ്ചുരയില്‍ ഹലോ ഇന്ത്യാ ചിട്ടിക്കമ്പനിയുടെ ഡയറക്ടറായ ജയന്ത സര്‍ക്കാറാ(48)ണ് കൊല്ലപ്പെട്ടത്. നിക്ഷേപകര്‍ കൊന്നതാണെന്നാണ് സംശയം. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അതിനിടെ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സോദേപൂരില്‍ ചിട്ടിക്കമ്പനിയുടെ ഏജന്റിന്റെ പിതാവ് ആത്മഹത്യ ചെയ്തു. അനെക്‌സ് ചിട്ടി ഫണ്ടിന്റെ ഏജന്റായിരുന്ന ബിദാന്‍ റോയിയുടെ പിതാവ് 60കാരനായ ജഗദീഷ് റോയിയെ ഋഷി ബങ്കിം ഗാര്‍ കോളനിയിലെ വീട്ടില്‍ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കുന്നതില്‍ ജഗദീഷ് റോയ് വിഷമത്തിലായിരുന്നു.