Connect with us

Palakkad

പുഴയോരത്തെ പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം

Published

|

Last Updated

പട്ടാമ്പി: പുഴയോരപഞ്ചായത്താണെങ്കിലും വിളയൂരില്‍ നാട്ടുകാര്‍ക്ക് കുടിക്കാന്‍ മാത്രം വെള്ളമില്ല. ശുദ്ധജല ക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും നാട്ടുകാര്‍ക്ക് പ്രയോജനമില്ലെന്നാണ് പരാതി. വിളയൂരില്‍ പുലാമന്തോള്‍ പാലത്തിന് അടുത്തായി തോണിക്കടവത്ത് വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി പഞ്ചായത്തിന് ആശ്വാസമാകുമെന്നാണ് കരുതിയത്. എന്നാല്‍ ഇടക്കിടെ— മോട്ടോര്‍ കേടായി തോന്നിയ പോലെയാണ് ഇതിന്റ പ്രവര്‍ത്തനം. പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലുള്ളവര്‍ കുടിക്കാന്‍ വെള്ളം കിട്ടാതെ വിഷമവൃത്തത്തിലാണ്. വിളയൂര്‍, നെന്മിനിക്കുളം, കരിങ്ങനാട്, പേരടിയൂര്‍, കണ്ടേങ്കാവ് ഭാഗങ്ങളിലുള്ളവര്‍ക്ക് പദ്ധതിയില്‍ നിന്നും വെള്ളമെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേ സമയം ഈ ഭാഗങ്ങളില്‍ വ്യാപകമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്. പേരടിയൂരില്‍ മാസങ്ങളായി ഇത് തുടരുകയാണ്.
വിളയൂര്‍ – നടുവട്ടം റൂട്ടില്‍ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നു. ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്ന പഞ്ചായത്തില്‍ ഇങ്ങിനെ വെള്ളം പാഴാകുന്നതിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സമയവുമില്ല. ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് വെള്ളം കിട്ടുന്നേയില്ല. ഉരുണിയന്‍പുലാവ്, പൂവാനിക്കുന്ന് പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവരുടെ കാര്യമാണ് ഏറെ കഷ്ടം. പുഴവറ്റിവരണ്ടതിനാല്‍ നാട്ടുകാര്‍ക്ക് ആശ്രയം പഞ്ചായത്തിന്റ ശുദ്ധജല പദ്ധതികളാണ്. വാര്‍ഡുകള്‍ തോറും മിനികുടിവെള്ള പദ്ധതികളുണ്ട്. ഇവയില്‍ പലതും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പടിഞ്ഞാറന്‍ മേഖലയിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി തൂതപ്പുഴയിലെ തുടിക്കല്‍ കയത്തില്‍ തുടങ്ങിയ പദ്ധതിയാണ് തുടിക്കല്‍ ലിഫ്റ്റ് ഇരിഗേഷന്‍ പദ്ധതി. 1994ല്‍ തുടങ്ങിയ പദ്ധതി ആദ്യവര്‍ഷങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ നാട്ടുകാര്‍ക്ക് പ്രയോജനമില്ലെന്നാണ് പരാതി. പദ്ധതി മുടങ്ങിയതോടെ പഞ്ചായത്തിലെ കാര്‍ഷികവൃത്തികള്‍ നിര്‍ജീവമായി. തെങ്ങ്, കവുങ്ങ്, പഴം, പച്ചക്കറി കൃഷികളെല്ലാം ഉണക്ക്ഭീഷണിയിലാണ്. ഉദ്പാദന മേഖലയില്‍ പഞ്ചായത്തിന് മുതല്‍ക്കൂട്ടാകാന്‍ സഹായകമായ പദ്ധതി കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. പടിഞ്ഞാറന്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനും പദ്ധതി ആശ്വാസകരമായിരുന്നു. പദ്ധതി പ്രവര്‍ത്തനം മുടങ്ങിയതോടെ കുപ്പൂത്ത്, കൂരാച്ചിപ്പടി, എടപ്പലം, പടിഞ്ഞാറ്റുമുക്ക്, ഭാഗങ്ങളിലെല്ലാം ദാഹജലം കിട്ടാനില്ല. ഈ “ഭാഗങ്ങളിലെ കിണറുകളും, കുളങ്ങളും അടുത്തകാലത്തൊന്നും വറ്റിവരണ്ടതായി അറിവില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മുടങ്ങിക്കിടക്കുന്ന പദ്ധതി പ്രദേശം മാസങ്ങള്‍ക്ക് മുന്‍പ് സി പി മുഹമ്മദ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
120 കുതിര ശക്തിയുള്ള മൂന്ന് മോട്ടോറുകള്‍ സ്ഥാപിച്ച് വെള്ളം സപ്ലൈ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ജനപ്രതിനിധികള്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇതു വരെയും നടപടിയായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അതേ സമയം വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് മാതൃകയില്‍ തൂതപ്പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്.
ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വരള്‍ച്ചക്ക് ഇത് ആശ്വാസമാകും. പുഴയില്‍ പുലാമന്തോള്‍, പാലോളിക്കുളമ്പ്, മപ്പാട്ടുകര ആനക്കല്ല്, എടപ്പലം എന്നിവിടങ്ങളില്‍ സ്ഥിരം തടയണകള്‍ പണിയാന്‍ തീരുമാനമുണ്ടെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.