ജമ്മു ജയിലില്‍ പാക് തടവുകാരന്‍ ആക്രമിക്കപ്പെട്ടു

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 11:32 pm
SHARE

KASMIRജമ്മു: ജമ്മു കാശ്മീരിലെ ജയിലില്‍ പാക് തടവുകാരന്‍ ആക്രമിക്കപ്പെട്ടു. ജമ്മുവിലെ കോട്ട് ഭാല്‍വാലില്‍ ജയിലില്‍ തടവില്‍ കഴിയുന്ന സനാഉല്ല (52) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹഖിനെ ജമ്മു മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ചണ്ഡീഗഢിലെ പി ജി ഐ ആശുപത്രിയിലേക്ക് മാറ്റി. തലക്ക് പരുക്കേറ്റ ഹഖ് ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ല.

ഇന്നലെ രാവിലെ 8.30ന് ആണ് പാക് തടവുകാരന് നേരെ ആക്രമണമുണ്ടായത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ 1999 ഏപ്രിലിലാണ് സനാഉല്ല അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിയും വിമുക്ത ഭടനുമായ വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് വിനോദ്കുമാര്‍. ജയില്‍ സൂപ്രണ്ട് രജനി സെഗാളിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു.
ലാഹോറിലെ ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിംഗ് മര്‍ദനമേറ്റ് മരിച്ചതിന് പിന്നാലെയാണ് ജമ്മു ജയിലില്‍ പാക് തടവുകാരന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സരബ്ജിത്തിന്റെ മരണത്തിന് പിന്നാലെ, ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാക് തടവുകാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 270 പാക് തടവുകാരാണ് ഇന്ത്യന്‍ ജയിലുകളിലുള്ളത്. 483 മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 535 ഇന്ത്യന്‍ തടവുകാര്‍ പാക് ജയിലുകളിലുമുണ്ട്.
സംഭവം നിര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി സജ്ജാദ് കിച്ച്‌ലു അറിയിച്ചു. ആഭ്യന്തര സെക്രട്ടറി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ജയില്‍ സുപ്രണ്ടിനെയും ജോലിയില്‍ വീഴ്ച വരുത്തിയതിന് മറ്റ് ജയില്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി വ്യക്തമാക്കി.
അതിനിടെ, മാനുഷിക പരിഗണന വെച്ച് സനാഉല്ലയെ ചികിത്സക്കായി പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ന്യൂഡല്‍ഹിയിലെ പാക് സ്ഥാനപതി സല്‍മാന്‍ ബശീര്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടി. സംഭവം ഖേദകരമാണെന്നും തടവുകാരന് മതിയായ ചികിത്സ ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക് സ്ഥാനപതിക്ക് സനാഉല്ലയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതായും പാക് തടവുകാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാക് തടവുകാരുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ ഇരു രാജ്യങ്ങളും ഇതുസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍കൂട്ടി നിശ്ചയിച്ച ആക്രമണമാണ് സനാഉല്ലക്കെതിരെ നടന്നതെന്ന് കരുതാനാകില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സരബ്ജിത്തിന്റെ മരണവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും വ്യക്തിവിരോധമാകാം ആക്രമണത്തിന് പിന്നിലെന്നും കൈ കൊണ്ടാണ് ആക്രമിച്ചതെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here