Connect with us

Kerala

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്

Published

|

Last Updated

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി തിളക്കം. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി മലയാളി ഒന്നാം റാങ്കിനര്‍ഹയായി. തിരുവനന്തപുരം സ്വദേശിനിയായ ഹരിത വി കുമാറാണ് മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയത്. ആദ്യ അഞ്ച് റാങ്കുകളില്‍ മൂന്നെണ്ണവും ഇത്തവണ മലയാളികള്‍ക്കാണ്. കൊച്ചി സ്വദേശിയായ വി ശ്രീരാം രണ്ടാം റാങ്കും മുവാറ്റുപുഴ സ്വദേശിയായ ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി.

നാലാം തവണ നടത്തിയ പരിശ്രമത്തിലാണ് ഹരിതയെ തേടി ഒന്നാം റാങ്ക് എത്തിയത്. ആദ്യതവണ സിവില്‍ സര്‍വീസ് സ്വപ്‌നം പൂവണിഞ്ഞില്ല. 2010ല്‍ രണ്ടാം തവണ എഴുതിയപ്പോള്‍ 179-ാം റാങ്ക് നേടി. മൂന്നാം തവണ വീണ്ടും സിവില്‍ സര്‍വീസ് എഴുതിയ ഹരിതക്ക് നില മെച്ചപ്പെടുത്താനായില്ല. 294-ാം റാങ്കാണ് ലഭിച്ചത്. ഒടുവില്‍ അവസാനത്തെ അവസരത്തില്‍ നാലാം തവണ ഒന്നാം റാങ്കുമായി ഹരിത വിജയക്കൊടി പാറിക്കുകയായിരന്നു. മലയാളവും സാമൂഹിക ശാസ്ത്രവും ഓപ്ഷനായി എടുത്താണ് ഹരിത വിജയം കൊയ്തത്. തിരുവനന്തപുരത്ത് കേരളാ സിവില്‍ സര്‍വീസ് അക്കാഡമിയിലും പാലാ സിവില്‍ സര്‍വീസ് അക്കാഡമിയിലുമായാണ് ഹരിത പരിശീലനം നേടിയത്. റാങ്ക് മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് ഹരിത പ്രതികരിച്ചു. കുടുംബങ്ങളോടും അധ്യാപകരോടും കൂട്ടുകാരികളോടും ഒരുപാട് നന്ദിയുണ്ട്. തന്നില്‍ നിക്ഷിപ്തമായ ജോലി ഭംഗിയായി നിര്‍വഹിക്കുമെന്നും അവര്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ സേവനമനുഷ്ടിക്കുകയാണ് ഹരിത.

നാലാം റാങ്ക് നേടിയ ആല്‍ബി ജോണ്‍ വര്‍ഗീസ് എം ബി ബി എസ് ഡോക്ടറാണ്. 2011ല്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ആല്‍ബി ഇപ്പോള്‍ പറവൂര്‍ കുന്നുകരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ടിക്കുന്നു. തൃശൂരില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ആല്‍ബിക്ക് ആദ്യ പരിശ്രമത്തിലാണ് നാലാം റാങ്ക് നേടാനായത്. 2012 ജനുവരിയിലാണ് പരീക്ഷക്കായി തയ്യാറെടുക്കാന്‍ തുടങ്ങിയതെന്ന് ആല്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1991ല്‍ രാജു നാരായണ സ്വമിയാണ് ഇതിന് മുമ്പ് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ മലയാളി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മലയാളി റാങ്ക് നേടിയതില്‍ എറെ സന്തോഷമുണ്ടെന്ന് രാജു നാരായണ സ്വാമി പ്രതികരിച്ചു.

പൂര്‍ണമായ റാങ്ക് ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
റാങ്ക് ജേതാക്കള്‍ക്ക് ആശംസകള്‍ നേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
---- facebook comment plugin here -----

Latest