Connect with us

National

ദയാഹരജി തള്ളാന്‍ വൈകി: സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജി തള്ളാന്‍ കൂടുതല്‍ സമയമെടുത്തതിനെ തുടര്‍ന്ന് കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ സുപ്രിം കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തു. 1990ലും 1996ലും രണ്ട് കൊലപാതകങ്ങള്‍ നടത്തിയ അസാമിലെ എം എന്‍ ദാസ് എന്നയാളുടെ വധശിക്ഷയാണ് സുപ്രിം കോടതി ഇളവ് ചെയ്തത്. 1996ല്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പ്രതി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയത്. 1999ല്‍ സുപ്രീം കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ ഇയാള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജി 11 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ തള്ളുകയായിരുന്നു. ദയാഹരജി തള്ളാന്‍ താമസമെടുക്കുന്നത് വധശിക്ഷയേക്കാള്‍ ഭീകരമാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
തീവ്രവാദ കേസുകളില്‍ ദയാഹരജി പരിഗണിക്കാന്‍ വൈകിയാലും വധശിക്ഷ നടപ്പാക്കാമെന്ന് എപ്രില്‍ 11ന് സുപ്രീം കോടതി വിധിച്ചിരുന്നു. ദേവീന്ദര്‍ പാല്‍ സിംഗ് ബുള്ളര്‍ നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ഇപ്പോള്‍ ദയാഹരജി പരിഗണിക്കാന്‍ വൈകിയതിന്റെ പേരില്‍ വധശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ പുതിയ വിധി രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെടെ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന മൂന്ന് പേര്‍, വനംകൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളികളായ നാല് പേര്‍ തുടങ്ങി 15ലേറെ പ്രതികള്‍ക്ക് സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.