റിയല്‍ എസ്‌റ്റേറ്റ് ആദ്യപാദത്തില്‍ 4,400 കോടിയുടെ ഇടപാട് നടന്നു

Posted on: April 30, 2013 12:55 pm | Last updated: April 30, 2013 at 12:50 pm

real estate1ദുബൈ: 2013 ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 4400 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടന്നതായി ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
14,260 ഇടപാടുകളാണ് ഈ മേഖലയില്‍ മൊത്തമായി നടന്നതെന്ന് ലാന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സുല്‍ത്താന്‍ ബിന്‍ മജ്‌റെന്‍ വെളിപ്പെടുത്തി. അതായത് ഓരോ മണിക്കൂറിലും 32 ഇടപാടുകള്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് രംഗം നേടിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉണര്‍വാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ രംഗത്തുള്ളവരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നടപടികളും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ഇത് മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആഘര്‍ഷിച്ചതാണ് മികച്ച നേട്ടം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഉണ്ടാവാന്‍ ഇടയാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തെ ഇടപാട് പരിശോധിച്ചാല്‍ പുതിയൊരു വിഭാഗം നിക്ഷേപകര്‍ രംഗത്തേക്ക് എത്തിയതായി വ്യക്തമാവും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിലനിലവാര സൂചിക ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇത് സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം ശുഭസൂചകമാണ്.
പാര്‍പ്പിടങ്ങള്‍ക്കും ഓഫീസുകള്‍ക്കുമുള്ള വര്‍ധിച്ച ആവശ്യമാണ് സൂചിക ഉയരാന്‍ ഇടയാക്കിയത്. ഭൂമിയും വില്ലയും അപാര്‍ട്ട്‌മെന്റുകളും വേറിട്ട പദ്ധതികളുമെല്ലാം ഇതിന് ഏറെ സാഹായകമായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുമുള്ള തിരിച്ചുവരവ് തുടരുമെന്നാണ് രംഗത്തെ ക്രിയാത്മകമായ മാറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ദുബൈ മറീനയിലാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 350 കോടി ദിര്‍ഹത്തിന്റെ 2,079 ഇടപാടുകളാണ് ഇവിടെ നടന്നതെന്നും ഡയറക്ടര്‍ വിശദീകരിച്ചു.