കേരളത്തിലേക്ക് അസുഖം ബാധിച്ച കന്നുകാലികളെ കടത്തുന്നു

Posted on: April 30, 2013 1:21 am | Last updated: April 30, 2013 at 1:21 am

പാലക്കാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അസുഖം ബാധിച്ച കന്നുകാലികളെ കടത്തുന്നു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ലോറിയില്‍ കടത്തുന്ന കാള, പശു, എരുമ, പോത്ത് എന്നിവയാണു വ്യക്തമായ പരിശോധനകളില്ലാതെ സംസ്ഥാനത്ത് വരുന്നത്.

വളര്‍ത്തു മൃഗങ്ങളെ വാങ്ങിക്കുന്ന സ്ഥലത്തു നിന്ന് മൃഗങ്ങള്‍ക്കു അസുഖമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചാണ് കാലി കടത്തല്‍ നടക്കുന്നത്. കന്നുകാലികള്‍ വാങ്ങുന്ന സ്ഥലത്തു നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലതും കംപ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് തിരുത്തലുകള്‍ വരുത്തുന്നതായും സൂചനയുണ്ട്. അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തിയാണ് ലോറികള്‍ കടത്തി വിടേണ്ടത്. അതിര്‍ത്തി കടന്ന് സംസ്ഥാനത്തേക്കു പ്രവേശിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പലപ്പോഴും ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണു നാമമാത്ര പരിശോധനയ്ക്ക് കാരണമായി പറയുന്നത്. ഇതിനാല്‍ അസുഖം ബാധിച്ച കന്നുകാലികള്‍ സംസ്ഥാനത്തേക്കു വരുന്ന സാഹചര്യം തുടരുകയാണ്.
ലോറിയില്‍ അനുവദിച്ചതില്‍ കൂടുതല്‍ എണ്ണം കയറ്റുന്നതിനാല്‍ പലപ്പോഴും മരണ ശയ്യയിലെന്ന പോലെയാണു വളര്‍ത്തു മൃഗങ്ങളെ സംസ്ഥാനത്തേക്കു കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനത്തു നിന്ന് ഇത്തരം മൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ അവക്ക് നില്‍ക്കുന്നതിന് ആവശ്യത്തിനു സ്ഥലം ഉണ്ടായിരിക്കണമെന്നാണ് നിയമം.
ഇടുങ്ങിയ നിലയില്‍ കൊണ്ടുവരുന്ന ഇവക്ക് ആവശ്യത്തിനു വെള്ളമോ തീറ്റയോ നല്‍കുന്നതിനു വണ്ടിയില്‍ സംവിധാനമില്ല. ഏഴു മുതല്‍ ഒന്‍പതു വരെ എണ്ണം കയറ്റേണ്ട സ്ഥാനത്തു 23 മുതല്‍ 27 വരെ എണ്ണം കയറ്റിയാണ് ലോറികള്‍ വരുന്നത്. കുഴല്‍മന്ദം, വാണിയംകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ കാലി ചന്തയില്‍ വില്‍പ്പനയ്ക്കാണ് വ്യാപാരികള്‍ ഇവ കൊണ്ടു വരുന്നത്. പിന്നീടു സംസ്ഥാനത്തിന്റെ വിവിധഭാഗത്തുള്ള അറവു ശാലകളിലൂടെ തീന്‍മേശയില്‍ എത്തുകയും ചെയ്യുന്നു.
ഗോവിന്ദാപുരം അതിര്‍ത്തിയിലൂടെ ദിനേന 30 മുതല്‍ 40 വരെ ലോറികള്‍ കന്നുകാലികളുമായി കടന്നു പോവാറുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എണ്ണം മാത്രം കൊണ്ടുവരുകയാണങ്കില്‍ വ്യാപാരികള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്നതിനാലാണ് പ്രധാനമായും ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്. ഞെരുങ്ങിയ രീതിയില്‍ കന്നുകാലികളെ കയറ്റി വരുന്നവയില്‍ പരിശോധന ശരിയായ രീതിയില്‍ നടത്താത്തതിനാല്‍ അസുഖം ബാധിച്ചവയും ചത്തവയും ഇതിനകത്തുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇവയും സംസ്ഥാനത്തെ തീന്‍മേശകളില്‍ എത്തുന്നതായും ആശങ്കയുണ്ട്.