പി എസ് സി പരീക്ഷാ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Posted on: April 30, 2013 12:37 am | Last updated: April 30, 2013 at 12:37 am

കൊല്ലം: പി എസ് സി നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷകള്‍ക്ക് മൊബൈല്‍ ഫോണിലൂടെ കൂടി ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത കേസിലെ മുഖ്യ സൂത്രധാരന്‍ പ്രകാശ് ലാലിന്റെ കൂട്ടാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് താലൂക്കിലെ ആനാട് മുറിയില്‍ തെന്നൂര്‍ നിഹാസ് മന്‍സിലില്‍ നജാം (30) ആണ് അറസ്റ്റിലായത്. കേസില്‍ അഞ്ചാം പ്രതിയാണ് നജാം.
ഇയാളുടെ സഹോദരനും കേസിലെ എട്ടും പ്രതിയായ മുഹമ്മദ് ഷമീറിനും സുഹൃത്തും തിരുവനന്തപുരം ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷയോടനുബന്ധിച്ചുള്ള കേസിലെ 18-ാം പ്രതിയുമായ ഷാനിക്കുമാണ് ഇയാള്‍ മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തത്. ഇയാളുടെ സഹോദരന്‍ മുഹമ്മദ് ഷമീര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സംഭവത്തിന് ശേഷം അന്യ സംസ്ഥാനങ്ങളടക്കം പല സ്ഥലങ്ങളിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടില്‍ എത്തിയതറിഞ്ഞാണ് പിടികൂടിയത്.
പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ പ്രതിയോട് നിര്‍ദേശിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
പി എസ് സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് ഒമ്പത് വരെ കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തു.
പി എസ് സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് പോലീസ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. നൂറോളം പ്രതികളെ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. അന്വേഷണം പൂര്‍ത്തിയായ എട്ട് കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.
കൊല്ലം അസി. പോലീസ് കമ്മീഷണര്‍ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ എം രാജേഷ്, ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശശാങ്കന്‍, വിശേശ്വരന്‍ പിള്ള എന്നിവരാണ് കേസ് അന്വേഷിച്ചുവരുന്നത്.