റോഹിംഗ്യാ മേഖലകളിലെ സുരക്ഷ വര്‍ധിപ്പിക്കണം

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 12:22 am

യാങ്കൂണ്‍: ബുദ്ധ വര്‍ഗീയവാദികളില്‍ നിന്ന് നിരന്തരം ആക്രമണങ്ങള്‍ നേരിടുന്ന മ്യന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ആവശ്യപ്പെട്ടു. റോഹിംഗ്യാ മുസ്‌ലികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും വീടുകളില്ലാത്ത അഭയാര്‍ഥികളെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് നേരെ വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മ്യാന്‍മര്‍ പൗരന്‍മാരായി അംഗീകരിക്കാത്ത ലക്ഷക്കണക്കിന് റോഹിംഗ്യന്‍ വംശജര്‍ പശ്ചിമ സംസ്ഥാനമായ റാക്കിനെയില്‍ അധിവസിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇവരെ ലക്ഷ്യം വെച്ച് ബുദ്ധസന്യാസികളുടെ നേതൃത്വത്തില്‍ നടന്ന വംശീയ ആക്രമണത്തില്‍ 190പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. റാക്കിനെയില്‍ നിരന്തരം വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഇവിടെ നിന്നും ലക്ഷക്കണക്കിനാളുകളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും മറ്റുമായി പലായനം ചെയ്തത്.
രാജ്യത്തെ ബുദ്ധ – റോഹിംഗ്യാ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. റോഹിംഗ്യകള്‍ക്കെതിരെ ഇനിയും ബുദ്ധ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും വംശീയ കലാപങ്ങള്‍ തടയാന്‍ അടിയന്തരമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പ്രദേശത്തെ സുരക്ഷാ സൈനികര്‍ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്നും കമ്മീഷന്‍ മേധാവികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റാക്കിനെയിലെ സുരക്ഷാ സൈനികരുടെ എണ്ണം ഇരട്ടിയാക്കണം എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വംശീയ കാലാപത്തെ കുറിച്ച് അന്വേഷിക്കാനും കലാപം അവസാനിപ്പിക്കാന്‍ ആവശ്യമായ പരിഹാര നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി പ്രധാനമന്ത്രി തെയ്ന്‍ സെയ്ന്‍ മുമ്പ് നിരവധി കമ്മീഷനുകളെ നിയമിച്ചിരുന്നെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു കമ്മീഷനും സാധിച്ചിരുന്നില്ല. അതിനിടെ, റോഹിംഗ്യാ മുസ്‌ലിംകളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇതാണ് ഭൂരിപക്ഷ വിഭാഗമായ ബുദ്ധ മതസ്ഥരെ ചൊടിപ്പിക്കുന്നതെന്നും കമ്മീഷനില്‍ സൂചിപ്പിക്കുന്നുണ്ട്. റോഹിംഗ്യാ മുസ്‌ലികള്‍ക്കിടയില്‍ കുടുംബാസൂത്രണ പദ്ധതികള്‍ നടപ്പാക്കണമെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ മേധാവികള്‍ അറിയിച്ചിട്ടുണ്ട്.
അഭയാര്‍ഥികളായി രാജ്യത്തെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന റോഹിംഗ്യാ വിഭാഗത്തിന്റെ സ്ഥിതി ഏറെ ദയനീയമാണെന്ന് കഴിഞ്ഞ ദിവസം യു എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ക്യാമ്പുകളിലേക്ക് ഭക്ഷണങ്ങളടക്കമുള്ള അവശ്യ വസ്തുക്കള്‍ എത്തുന്നില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.