സലാലയില്‍ ഇസ്‌ലാമിക് ബേങ്കിംഗ് തുടങ്ങി

Posted on: April 29, 2013 3:45 pm | Last updated: April 29, 2013 at 3:45 pm

സലാല: സലാലയില്‍ ആദ്യമായി ഇസ്‌ലാമിക് ബേങ്ക് സേവനത്തിന് തുടക്കമായി. ബേങ്ക് ദോഫാറാണ് മൈസറ എന്ന പേരിലുളള സേവനവുമായി രംഗത്തെത്തിയത്. ഹില്‍ട്ടന്‍ സലാല ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്‌റ്റേറ്റ് ഗവര്‍ണറും മന്ത്രിയുമായ സയ്യിദ് മുഹമ്മദ് സുല്‍ത്താന്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദി ദോഫാര്‍ ബേങ്കിന്റെ പുതിയ സേവനം ഉദ്ഘാടനം ചെയ്തു.

ബേങ്ക് ദോഫാര്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ബിന്‍ റജാബ് അല്‍ ഉജൈലി ശരീഅ സൂപ്പര്‍വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഡോ. സാലിം അലി അല്‍ദഹാബ് മറ്റു പ്രമുഖര്‍ സംബന്ധിച്ചു. മൈസറ സേവന പ്രകാരം ഉപഭോക്താക്കള്‍ക്ക് സേവിംഗ് അക്കൗണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റ്, കറന്റ് അക്കൗണ്ട് , ഓട്ടോ ഫിനാന്‍സ്, ഹോം ഫിനാന്‍സ് എന്നിവ ലഭ്യമാക്കും. ചുരുങ്ങിയ സമയത്തിനുളളില്‍ അക്കൗണ്ട് തുറക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് ബേങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ആദ്യമായി ഇസ്‌ലാമിക് ബേങ്കിംഗ് സേവനം തുടങ്ങുകയെന്നത് തങ്ങളുടെ ആഗ്രഹമായിരുന്നുവെന്ന് മൈസറ ഇസ്‌ലാമിക് ബേങ്കിംഗ് ചീഫ് സഈദ് സുഹൈല്‍ നിയാസി പറഞ്ഞു.
ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ച് ക്രയ വിക്രയങ്ങള്‍ നടത്തുന്നതിന് ജീവനക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനങ്ങളും ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും ബേങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. അല്‍ മൈസറയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍ നൂര്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റിന് സാമ്പത്തിക സഹായം നല്‍കും.