Connect with us

Kozhikode

വേനല്‍ച്ചൂട് കനത്തു; നിര്‍മാണ മേഖലയില്‍ നിന്ന് തൊഴിലാളികള്‍ പിന്‍വാങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: ഏപ്രില്‍ അവസാന വാരമായതോടെ വേനല്‍ച്ചൂട് കഠിനമായതിനാല്‍ ജില്ലയില്‍ നിര്‍മാണ മേഖലയിലെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ പിന്‍വാങ്ങുന്നു. ഇതോടെ നിര്‍മാണ മേഖലയിലെ കരാറുകാര്‍ പ്രതിസന്ധിയിലായി. മിക്ക കരാറുകാരും പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ശക്തമായ ചൂടിനോടൊപ്പം തന്നെ ഉത്തരേന്ത്യയില്‍ വിളവെടുപ്പുകാലം തുടങ്ങിയതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് വണ്ടികയറുന്നതും പ്രതിസന്ധിക്ക് കാരണമായി. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കേരളത്തിലെ ജോലി വിട്ട് നാട്ടിലേക്ക് വണ്ടികയറുന്നത്. കേരളത്തില്‍ ശുദ്ധജലക്ഷാമം രൂക്ഷമായതും വേനല്‍ച്ചൂട് കനത്തതും വിളവെടുപ്പുകാലത്ത് സ്വന്തം നാട്ടില്‍ താരമ്യേന കൂടിയ കൂലിക്ക് ജോലിയെടുക്കാന്‍ കഴിയുമെന്നതുമാണ് ഇവരെ നാട്ടിലെത്താന്‍ പ്രേരിപ്പിക്കുന്നത്.
കേരളത്തിലെ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളില്‍ 70 ശതമാനം പേരും ജോലിചെയ്യുന്നത് നിര്‍മാണ മേഖലയിലാണ്. ഏപ്രില്‍, മെയ് മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലാണ് ഇവിടെ വിളവെടുപ്പ് നടക്കുന്നത്. 20 ദിവസം മുതല്‍ ഒന്നര മാസം വരെ നീണ്ടുനില്‍ക്കുന്ന വിളവെടുപ്പ് കാലം കഴിഞ്ഞേ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇനി തിരികെയെത്തൂവെന്നാണ് അറിയുന്നത്. രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും മൂലം സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ നിന്ന് നേരത്തെ തന്നെ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കുള്ള മടക്കം ആരംഭിച്ചിരുന്നു.
കടുത്ത വേനല്‍ച്ചൂടില്‍ ജോലി ചെയ്യാന്‍ കൂലിപ്പണിക്കാരെ കിട്ടാത്തതാണ് നിര്‍മാണമേഖല തത്കാലത്തേക്കെങ്കിലും സ്തംഭിക്കാന്‍ കാരണമായത്. ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം നഗരപ്രദേശങ്ങളിലേ നടപ്പാകുന്നുള്ളൂ. തൊഴിലാളികളെ കിട്ടാത്തതുമൂലം പ്രവൃത്തികള്‍ യഥാസമയംപൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പ്രധാനമായും കല്ലുകള്‍ പടവുചെയ്യുന്ന ജോലികളാണ് സ്തംഭിച്ചിരിക്കുന്നത്. ഒരു ദിവസം ജോലിക്കെത്തിയാല്‍ തന്നെ തൊട്ടടുത്ത ദിവസം അവധിയെടുക്കുക എന്നതാണ് ചൂടുകാലത്ത് തൊഴിലാളികള്‍ തുടര്‍ന്നുപോരുന്ന രീതി. അതിനാല്‍ മിക്ക പ്രവൃത്തികളും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാറില്ലെന്നും കരാറുകാര്‍ പറയുന്നു.