പറമ്പിക്കുളം-ആളിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട് കേരളത്തിന് വെള്ളം നല്‍കും

Posted on: April 28, 2013 3:48 pm | Last updated: April 29, 2013 at 12:08 am

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാട്- കേരള മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സെക്കന്റില്‍100 ഘനഅടി വെള്ളമാണ് നല്‍കുക. ജലവിഭവ മന്ത്രി പിജെ ജോസഫാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ മന്ത്രി പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവും തമിഴ്‌നാടിന്റെ ഭാഗത്തു നിന്ന് മന്ത്രി രാമലിംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍ പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം വെള്ളം വിട്ടു നല്‍കണമെന്ന അഭിപ്രായത്തില്‍് കേരളം ഉറച്ചു നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങളായി പുതുക്കാത്ത കരാര്‍ പുതുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വരള്‍ച്ചാക്കാലത്ത് അനധികൃത തടയിണകള്‍ നിര്‍മ്മിച്ച് കേരളത്തിലേക്കുള്ള ജലമൊഴുക്കു തടയുന്ന തമിഴ്‌നാട് നടപടി അവസാനിപ്പിക്കണമെന്നും കേരളം ചര്‍ച്ചയില്‍ വ്യക്തമാക്കി.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം ലഭിക്കാത്തതുമൂലം പാലക്കാട് ജില്ലയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.