Connect with us

Palakkad

കുടിവെള്ളത്തിന് ക്ഷാമം നേരിടുമ്പോള്‍ അപേക്ഷകളില്‍ നടപടി എടുക്കുന്നില്ലെന്ന് നഗരസഭ

Published

|

Last Updated

ചിറ്റൂര്‍: നാട്ടുകാര്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍ ജലഅതോറിറ്റി അപേക്ഷകളില്‍ തുടര്‍ നടപടിയില്ലെന്ന് നഗരസഭാകൗണ്‍സില്‍ യോഗത്തില്‍ പരാതി. സമഗ്രചേരി വികസന പദ്ധതി പ്രകാരം ചേരികളില്‍ നല്‍കേണ്ട കണക്ഷനുകള്‍ പോലും കാലതാമസം വരുത്തുന്നതായി കെ വിജയനാണ് പരാതിപ്പെട്ടത്. അപേക്ഷ നല്‍കി ഒരു വര്‍ഷമായിട്ടും ജലഅതോറിറ്റിക്ക് അയച്ചില്ലെന്ന് ടി എന്‍ മുത്തു ആരോപിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ടാങ്കര്‍ ലോറിയില്‍ വെള്ളം നല്‍കുന്ന നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കെ വേണുഗോപാലന്‍ പറഞ്ഞു. നഗരസഭയുടെ തുക ഉപയോഗിച്ചുകൊണ്ട് മൂന്ന് കുളങ്ങളും നാലു കിണറുകളും നന്നാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണമെന്നും ലോക ബേങ്കിന്റെ സഹായത്തോടെ മുഴുവന്‍ കുളങ്ങളും കിണറുകളും നന്നാക്കണമെന്നും വേണുഗോപാലന്‍ ആവശ്യപ്പെട്ടു. ടാങ്കര്‍ലോറിയെ അമിതമായി ആശ്രയിക്കുന്നത് ശരിയല്ലെന്ന് കെ മധു പറഞ്ഞു. കുളങ്ങളും കിണറുകളും നന്നാക്കുന്നതിന് പുറത്തു നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കണമെന്നും വെള്ളം ദുരുപയോഗം അവസാനിപ്പിക്കണമെന്നും പ്ലാസ്റ്റിക് നിരോധനം ഫലവത്തായതായും കെ മധു കൂട്ടിച്ചേര്‍ത്തു. അനാവശ്യമായ പൊതുടാപ്പുകള്‍ വിച്‌ഛേദിക്കണമെന്ന് എഴുതി നല്‍കിയിട്ടും ജല അതോറിറ്റി അനങ്ങുന്നില്ലെന്ന് സുന്ദരേശന്‍ പറഞ്ഞു. വെള്ളത്തിനുള്ള അപേക്ഷയിന്‍മേല്‍ മതിയായ രേഖകളില്ലാത്തതാണ് കാലതാമസത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.— രേഖകളുള്ള അപേക്ഷകള്‍ വച്ചു താമസിപ്പിക്കരുതെന്നും നെഹ്‌റു ഓഡിറ്റോറിയത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആകെ വാടക 15000 രൂപയാക്കുവാനും യോഗത്തില്‍ തീരുമാനമായി. വൈസ് ചെയര്‍മാന്‍ എന്‍ ശങ്കരമേനോന്‍ അധ്യക്ഷത വഹിച്ചു.

Latest