Connect with us

Malappuram

നാലംഗ സംഘം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ബഹളം വെച്ചു

Published

|

Last Updated

എടക്കര: മുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അര്‍ധരാത്രിയില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന നാലംഗ സംഘമെത്തി ബഹളം വെച്ചു.
വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ മുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ സംഘം എത്തിയത്. ഒന്നേ മുക്കാലോടെ ഗേറ്റ് കടന്നെത്തിയവരില്‍ പര്‍ദയണിഞ്ഞ യുവതി ആശുപത്രിയുടെ ഗ്രില്ലിലും, ജനലിലും മുട്ടുകയായിരുന്നു. വാതിലും, ഗ്രില്ലും അടിച്ച് പൊളിക്കുന്ന രീതിയിലാണ് അരമണിക്കൂറോളം ശബ്ദം ഉണ്ടാക്കിയതെന്ന് സ്റ്റാഫ് നേഴ്‌സ് ശാന്തകുമാരി വഴിക്കടവ് പോലീസിന് മൊഴി നല്‍കി. പതിനഞ്ച് മിനിറ്റിന് ശേഷമാണ് ജനല്‍ തുറന്നത്. സിസ്റ്ററെ രോഗിയുമായി വന്നതാണെന്നും, മരുന്ന് വേണമെന്നും, ആശുപത്രിയുടെ ഗ്രില്ല് വേഗം തുറക്കണമെന്നും ഡോക്ടറെ വിളിക്കണമെന്നുമാണ് പര്‍ദയണിഞ്ഞ റോസ് നിറത്തിലുള്ള തട്ടമിട്ട യുവതി ആവശ്യപ്പെട്ടത്. റോഡിനോട് ചേര്‍ന്ന് മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു.
ഇവര്‍ പുരുഷന്‍മാരാണെന്നാണ് സംശയം. അരമണിക്കൂറോളം ഇവര്‍ ബഹളം ഉണ്ടാക്കി. ഭയം കാരണം ആശുപത്രി ജീവനക്കാര്‍ ഗ്രില്ല് തുറന്നില്ല. ഗ്രില്ല് അകത്ത് നിന്ന് പൂട്ടിയതായിരുന്നു. അച്ചടി ഭാഷ പോലുള്ള മലയാളമാണ് യുവതി സംസാരിച്ചതെന്ന് ജീവനക്കാരി പറഞ്ഞു. സ്റ്റാഫ് നേഴ്‌സ് ശാന്തകുമാരിയാണ് ആശുപത്രിയിലുണ്ടായിരുന്നത്. ബഹളം തുടര്‍ന്നതോടെ ശാന്തകുമാരി ഡോക്ടറെ ഫോണില്‍ വളിച്ചു.
ഉടന്‍ തന്നെ വഴിക്കടവ് പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. ലാന്റ് ഫോണിലേക്ക് ഡോക്ടറുടെ കോള്‍ തിരിച്ചുവന്നതോടെ ഫോണ്‍ ശബ്ദം പുറത്തേക്ക് കേട്ട ഉടന്‍ നാല് പേരും അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്നാണ് വഴിക്കടവ് പോലീസ് സ്ഥലത്തെത്തിയത്. അതേസമയം മരുതയില്‍ രണ്ട് തവണ ആയുധ ധാരികള്‍ വീട്ടില്‍ വന്നുവെന്ന് വെളിപ്പെടുത്തിയ തച്ചറാവില്‍ ഖദീജ ഈ സമയത്ത് മുണ്ട ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇവരുടെ പിതാവ് സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റാണ്. ആശുപത്രി ജീവനക്കാരില്‍ നിന്നും, മരുത തച്ചറാവില്‍ ഖദീജയില്‍ നിന്നും പോലീസ് തെളിവെടുത്തു. സംഭവത്തെകുറിച്ച് അനേ്വഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.