വീണ്ടും വാട്‌സണ്‍; രാജസ്ഥാന് അനായാസ ജയം

Posted on: April 27, 2013 7:55 pm | Last updated: April 27, 2013 at 8:01 pm

ജയ്പൂര്‍: സണ്‍ റൈസേഴ്‌സിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ടു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സ് 13 പന്തുകള്‍ അവശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

പുറത്താകാതെ 98 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണ്‍ ആണ് രാജസ്ഥാന്റെ വിജയശില്‍പി. 53 പന്തില്‍ നിന്നായിരുന്നു വാട്‌സണ്‍ 98 റണ്‍സ് നേടിയത്. 13 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു വാട്‌സന്റെ ഇന്നിംഗ്‌സ്. രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് 36 റണ്‍സ് എടുത്തു. നേരത്തെ ഡാരന്‍ സമി നേടിയ 60 റണ്‍സിന്റെ ബലത്തിലായിരുന്നു സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ 144 ലെത്തിയത്.

നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഫോള്‍ക്‌നര്‍ ആണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ സണ്‍റൈസേഴ്‌സിന് കൂടുതല്‍ വെല്ലുവിളിയായത്.