പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങി

Posted on: April 27, 2013 6:00 am | Last updated: April 27, 2013 at 1:28 am

കൊടുവള്ളി: ടാങ്കര്‍ ലോറി മറിഞ്ഞ് ആസിഡ് പരന്നൊഴുകിയ എന്‍ എച്ച് 212ലെ കൊടുവള്ളി അങ്ങാടിയിലെ മെയിന്‍ വളവില്‍ മൂന്നാം ദിവസമായ ഇന്നലെയും ഒരു ഡസനോളം കടകള്‍ തുറക്കാനായില്ല. ആസിഡ് ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെടുന്നതാണ് കാരണം. മൂന്ന് ദിവസമായിട്ടും പ്രശ്‌ന പരിഹാരത്തിനായി അധികൃതരെത്താത്തതിനാല്‍ കൊടുവള്ളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വ്യാപാരികള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങി. വിഷയം ചര്‍ച്ച ചെയ്യാന്‍ രാവിലെയും വൈകീട്ടുമായി രണ്ട് തവണ വ്യാപാരികള്‍ യോഗം ചേര്‍ന്നു. അധികൃതര്‍ പ്രശ്‌ന പരിഹാരത്തിനായി എത്തിയില്ലെങ്കില്‍ വൈകീട്ട് റോഡ് ഉപരോധ സമരം നടത്താനുള്ള ശ്രമത്തിനിടെ കൊടുവള്ളി വില്ലേജ് ഓഫീസറെത്തി വ്യാപാരികളുമായി സംസാരിച്ചു. പിന്നീട് കൊടുവള്ളി പോലീസും ഗ്രാമപഞ്ചായത്തധികൃതരും പ്രശ്‌നം ചര്‍ച്ച ചെയ്തു. പ്രശ്‌ന പരിഹാരത്തിനായുള്ള ചെലവിലേക്ക് പണം ഗ്രാമപഞ്ചായത്ത് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് വ്യാപാരികള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറി. അപകടം നടന്ന ബുധനാഴ്ച ടാങ്കറിലുണ്ടായിരുന്ന പത്ത് ടണ്ണോളം ആസിഡ് പരന്നൊഴുകിയ ഭാഗത്ത് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വിതറിയ മണ്ണ് തൊഴിലാളികളെ വെച്ച് നീക്കം ചെയ്തു. പ്രസ്തുത ഭാഗത്ത് പോലീസും ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് മണല്‍ എത്തിച്ച് നിക്ഷേപിക്കാനും തീരുമാനിച്ചു. മാത്രമല്ല മണ്ണ് നീക്കം ചെയ്ത ശേഷം കൊടുവള്ളിയില്‍ വൈകീട്ട് പെയ്ത മഴ ആസിഡിന്റെ ഗന്ധം അല്‍പം കുറക്കാന്‍ സഹായകരമായി.

വ്യാപാരി സംഘടനാ നേതാക്കളായ പി ടി എ ലത്വീഫ്, കെ സുരേന്ദ്രന്‍, എം അബ്ദുല്‍ ഖാദര്‍, ഒ പി റസാഖ്, ഗ്രാമപഞ്ചായത്ത് അംഗം കെ കെ എ ഖാദര്‍, വില്ലേജ് ഓഫീസര്‍, കൊടുവള്ളി സി ഐ, എസ് ഐ എന്നിവര്‍ പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
പ്രശ്‌ന പരിഹാരത്തിനായുള്ള തുടര്‍ചെലവുകള്‍ ഗ്രാമപഞ്ചായത്ത് വഹിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ മൂന്ന് ദിവസമായി പ്രദേശത്ത് നിലനിന്ന പൊതുജനാശങ്കകള്‍ക്ക് അല്‍പം ശമനമായിരിക്കയാണ്.
മൈസൂരില്‍ നിന്ന് തൃശൂരിലെ പ്ലൈവുഡ് നിര്‍മാണ പ്ലാന്റിലേക്ക് കൊണ്ടുപോകുകയായിരുന്ന ഫോര്‍മാല്‍ഡി ഹൈഡ് എന്ന ആസിഡാണ് ടാങ്കറിലുണ്ടായിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.