സര്‍ഗാത്മക രചനയുടെ പുതുവസന്തം വിരിയിച്ച് ഏടും കിളിക്കൂട്ടവും സുല്‍ത്താനും

Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:52 pm

കൊട്ടില: സ്വന്തം നാടിന്റെ സ്പന്ദനങ്ങള്‍ നേരിട്ടറിഞ്ഞും വൈക്കം മുഹമ്മദ് ബഷീറിന് രചനയിലൂടെ നിത്യസ്മാരമൊരുക്കിയും ക്ലാസ് റൂം പ്രവര്‍ത്തനത്തിലൂടെ രചനയുടെ പുതുവസന്തം വിരിയിച്ചും മാതൃകയാവുകയാണ് കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍. ഏട്, കിളിക്കൂട്ടം, സുല്‍ത്താന്‍ എന്നീ മൂന്ന് കൈയ്യെഴുത്ത് മാസികളൊരുക്കിയാണ് കൊട്ടില സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ‘ചരിത്രം’ തീര്‍ക്കുന്നത്.

ഏഴോം ഗ്രാമത്തിന്റെ സാംസ്‌കാരിക പൈതൃകം, വിദ്യാഭ്യാസ ചരിത്രം, ചെറുകിട വ്യവസായം, ഗ്രന്ഥാലയങ്ങള്‍, കാര്‍ഷികരംഗത്തെ മുന്നേറ്റം, പഴയകാല തറവാടുകള്‍, സ്ഥലനാമ ചരിത്രം, തുടങ്ങി നിരവധി കാര്യങ്ങളുള്‍പ്പെടുത്തിയുള്ള പുസ്തകമാണ് ഏട്. പഴയകാല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച സമഗ്ര വിവരം ഏട് ഗ്രാമചരിത്രം മാസികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ബഷീര്‍ കൃതികളുടെ നിരൂപണം, ഭാഷാശൈലി, സിനിമയും നാടകവുമായുള്ള ബന്ധം, കഥാപാത്രങ്ങളുടെ സവിശേഷത, ഹ്രസ്വ ജീവചരിത്രം, പ്രധാന കൃതികള്‍ എന്നിവയാണ് ബഷീര്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുല്‍ത്താന്‍ മാഗസിനിലുള്‍പ്പെടുത്തിയിട്ടുള്ളത്. ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ ഭാഗായി രൂപപ്പെട്ട കഥ, കവിത, ആത്മകഥ, പ്രസംഗം, നിവേദനം, ചൊല്ലുകള്‍ എന്നിവ കിളിക്കൂട് മാഗസിനിലുമുണ്ട്. ക്ലാസ് അധ്യാപകന്‍ എ നാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അനുഗ്രഹ്, ശ്രീലക്ഷ്മി, ആനന്ദ്, അനഘ, അര്‍ഷാന്ത്, ഹരിഷ്മ എന്നിവരാണ് മാഗസിന്‍ രചനയില്‍ പങ്കെടുത്തത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് വേറിട്ട 40ഓളം മാഗസിനുകളാണ് നാലാംതരം വിദ്യാര്‍ഥികള്‍ രചിച്ചതെന്നത് ശ്രദ്ധേയമാണ്.