Connect with us

Wayanad

ഭൂമിക്കായുള്ള ആദിവാസികളുടെ പോരാട്ടത്തിന് ഒരു വര്‍ഷം പിന്നിടുന്നു: സമരഭൂമിയില്‍ അവഗണന മാത്രം

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസി ക്ഷേമ സമിതിയുടെ മൂന്നാം ഘട്ട ഭൂസമരത്തിനു ഒരു വയസ് തികയാറായിട്ടും ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കുന്നതില്‍ ജില്ലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നിക്ഷിപ്ത വനത്തില്‍ തുടരുന്ന ആദിവാസി ഭൂസമരത്തെ ഭരണകൂടം അവഗണിക്കുന്നുവെന്ന പരാതി ശക്തമായി. കാടു കൈയേറി കുടില്‍കെട്ടിയും കൃഷിയിറക്കിയും ആദിവാസികള്‍ നടത്തുന്ന ഭൂസമരം കണ്ടില്ലെന്നു നടിക്കുകയാണ് ഭരണാധികാരികള്‍. നാടാകെ വരള്‍ച്ചയുടെ പിടിയിലാണെങ്കിലും വനഭൂമിയിലുള്ള സമരക്കാരുടെ ജീവിതാവസ്ഥ പരിശോധിക്കാനും അവര്‍ തയാറാകുന്നില്ല. ആദിവാസികളെ പ്രക്ഷോഭത്തിലേക്ക് തള്ളിയിറക്കിയവര്‍ക്കും സമരഭൂമികളില്‍ അരിയും വെള്ളവും ഉറപ്പുവരുത്തുന്നതില്‍ ശുഷ്‌കാന്തിയില്ല.
2012 മെയ്, ജൂണ്‍ മാസങ്ങളില്‍ കാട് കൈയേറി ഭൂസമരം നടത്തിയതിനു അറസ്റ്റിലാകുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത ആദിവാസികളില്‍ കുറേപ്പേരാണ് ഇപ്പോഴും സമരഭൂമികളിലുള്ളത്. സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയില്‍പ്പെട്ടവരാണ് ഇതില്‍ അധികവും.കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി സൗത്ത് വയനാട് വനം ഡിവിഷനില്‍ 16-ഉം നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ 37-ഉം കേന്ദ്രങ്ങളിലാണ് ആദിവാസികള്‍ നിക്ഷിപ്തവനം കൈയേറി കുടില്‍ കെട്ടിയത്. ആദിവാസി ക്ഷേമ സമിതിയുടെ മൂന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി മെയ് ഏഴിനു തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോടിനടുത്ത തുമ്പശേരിക്കുന്നിലായിരുന്നു വനം കൈയേറ്റത്തിനു തുടക്കം. പിന്നീടിത് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ആദിവാസി ക്ഷേമ സമിതിക്കു പുറമേ ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം, ആദിവാസി മഹാസഭ, ഗോത്രമഹാസഭ തുടങ്ങിയവയുടെ കൊടികള്‍ക്കു കീഴിലും ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ സമരത്തിനിറങ്ങി.
നിക്ഷിപ്ത വനഭൂമി കൈയേറ്റത്തെ തുടക്കത്തില്‍ സര്‍ക്കാരും വനം വകുപ്പും ഗൗരവത്തോടെയാണ് കണ്ടത്. രണ്ട് വനം ഡിവിഷനുകളിലെയും കൈയേറ്റം വനം ഉദ്യോഗസ്ഥര്‍ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു.
സ്ത്രീകള്‍ അടക്കം 2000 ഓളം ആദിവാസികളെ സമരകേന്ദ്രങ്ങളില്‍നിന്നു അറസ്റ്റുചെയ്തു. നൂറുകണക്കിനു കുടിലുകള്‍ പൊളിച്ചുനീക്കി. അറസ്റ്റിലായവരില്‍ ആദിവാസി ക്ഷേമ സമിതിയില്‍പ്പെട്ടവര്‍ ജാമ്യത്തിനു ശ്രമിക്കാതെ ജയിലില്‍ പോയി. പിന്നീട് സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മോചിതരായ ഇവര്‍ സമരഭൂമികളില്‍ തിരിച്ചെത്തി കുടിലുകള്‍ പുനര്‍നിര്‍മിച്ച് താമസവും കൃഷിയും തുടങ്ങുകയായിരുന്നു.
നിലവില്‍ ജില്ലയിലെ 40 കേന്ദ്രങ്ങളിലായി ഏകദേശം 500 കുടുംബങ്ങളാണ് സമരമുഖത്ത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ തുമ്പശേരിക്കുന്ന്, അമ്പുകുത്തി, തലപ്പുഴ, പേരിയ, കാപ്പാട്ടുമല, ചോയിമൂലക്കുന്ന്, പേരിയ, അയനിക്കല്‍, ജസി, പിലാക്കാവ്, സൗത്ത് വയനാട് വനം ഡിവിഷനിലെ ചീയമ്പം, സീസി, ആവയല്‍, യൂക്കാലിക്കവല തുടങ്ങിയവ പ്രമുഖ സമരകേന്ദ്രങ്ങളാണ്. ദുരിതം നിറഞ്ഞതാണ് സമരഭൂമികളില്‍ ആദിവാസികളുടെ ജീവിതം. ജലക്ഷാമം രൂക്ഷമാണ് പലേടത്തും.
ആദിവാസികള്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി നല്‍കുന്നതിന് മൂന്നു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച 50 കോടി രൂപയുടെ പദ്ധതി പോലും എങ്ങുമെത്തിയിട്ടില്ല.

Latest