സ്‌പെയിനിന്റെ ജ്ഞാന വെളിച്ചം അടയാളപ്പെടുത്തി ‘ഉന്‍ദുലൂസ്’

  Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:26 pm

  sirajul hutha pratharshanm3

  കൊച്ചി: സമ്മേളന നഗരിയില്‍ ആരംഭിച്ച ‘സിഗ്നിഫയര്‍’ ചരിത്ര പ്രദര്‍ശനത്തില്‍ കുറ്റിയാടി സിറാജുല്‍ ഹുദാ കാമ്പസ് എസ് എസ് എഫ് ഒരുക്കുന്ന ‘ഉന്‍ദുലുസ്’ ശ്രദ്ധേയമാകുന്നു. സമരോത്സുക ജീവിതത്തിന് മാതൃക വരച്ച് താരീഖ് ബിന്‍ സിയാദ് സ്‌പെയിനിലേക്കുള്ള വരവിനെ സൂചിപ്പിക്കുന്ന കപ്പല്‍ പ്രദര്‍ശനത്തിലൂടെ തുടങ്ങുന്ന പ്രദര്‍ശന സ്റ്റാള്‍ മുസ്‌ലിം സ്‌പെയിനിനു മുമ്പ് യൂറോപ്പിന്റെ അന്ധകാരത്തെ ഇരുണ്ട അറയിലൂടെയാണ് ചിത്രീകരിച്ചിരിക്കുകയാണ്.
  ക്രൈസ്തവ പുരോഹിതരുടെയും ഭരണാധികാരികളുടെയും നിര്‍ദാക്ഷിണ്യ സമീപനത്തില്‍ അമര്‍ന്നിരുന്ന ഇസ്ലാമും സ്‌പെയിനും വൈജ്ഞാനിക ലോകത്തിന് നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് വരച്ചുകാട്ടുന്നതാണ് പ്രദര്‍ശനത്തന്റെ അടുത്ത ഘട്ടം.
  ആധുനിക ശാസ്ത്രം ഉപയോഗിക്കുന്ന പല കൃതികളുടെയും രചയിതാക്കള്‍ സ്പാനിഷ് ഇസ്‌ലാമിക പണ്ഡിതന്മാരിയിരുന്നു. ഇബ്‌നുസീന, ജാബിര്‍ ബിനു ഹയ്യാന്‍, അല്‍ ബത്താനി ഖവാരിസ്മി, ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍, ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത തുടങ്ങിയ ലോകപ്രശസ്ത സ്പാനിഷ് പണ്ഡിതന്മാരുടെ സംഭാവനകള്‍ അടയാളപ്പെടുത്തിയത് പ്രേക്ഷകരില്‍ ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിന്റെ ആഴം ബോധിപ്പിക്കുന്നു.
  അല്‍ സഹ്‌റാവിയുടെ സര്‍ജറി ഉപകരണങ്ങള്‍, അസ്സര്‍ഖാലിയുടെ ഉസ്തുര്‍ലാബ്, അല്‍ജസാരിയുടെ ക്രാങ്ക് ഷാഫ്റ്റും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രിന്റ് സാങ്കേതിക വിദ്യകള്‍ ലോകം പരിചയിക്കും മുമ്പേ നാല് ലക്ഷത്തോളം പുസ്തകങ്ങളടങ്ങിയ കൊര്‍ദോവയിലെ ഖാലിഫ് ലൈബ്രറി സ്റ്റാളില്‍ ഒരുക്കിയത് ശ്രദ്ധേയമാകുന്നു.
  ഇത്തരത്തില്‍ എഴുപതോളം ലൈബ്രറികള്‍ അക്കാലത്ത് മുസ്‌ലിം സ്‌പെയിനില്‍ ഉണ്ടായിരുന്നു. പക്ഷെ, വൈജ്ഞാനികവും സാംസ്‌കാരികവുമായ ഈ മുന്നേറ്റം മതതീവ്രവാദികളുടെ ഉറക്കം കെടുത്തി. പ്രോജ്ജ്വലമായ ഒരു സംസ്‌കാരത്തെ കുഴിച്ചുമൂടാന്‍ അവര്‍ അരയും തുണിയും മുറുക്കി രംഗത്തിറങ്ങി. നിരവധി പള്ളികളും സ്തൂപങ്ങളും തകര്‍ത്തു. ചിലത് ചര്‍ച്ചുകളും മദ്യഷാപ്പുകളുമാക്കി മാറ്റി. ലോക പുരോഗതിക്ക് നിദാനമായിരുന്ന കനപ്പെട്ട ഗ്രന്ഥങ്ങള്‍ കത്തിച്ചുകളഞ്ഞു. അറബി ഭാഷ സംസാരിക്കുന്നതും മുസ്ഹഫ് കയ്യില്‍ വെക്കുന്നതും നരോധിച്ചു. ഒടുക്കം പ്രബുദ്ധമായ ഉന്‍ദുലുസില്‍ നിന്ന് വിനോദത്തിന്റെ സോക്കര്‍ സ്‌പെയിനിലേക്ക് അവര്‍ സ്‌പെയിനിനെ കൊണ്ടെത്തിച്ചു. പഴയകാല സ്‌പെയിനിന്റെ പാരമ്പര്യത്തിലേക്ക് തിരിച്ചു നടക്കാനുള്ള സമരോര്‍ജ്ജം പ്രേക്ഷകരില്‍ നിറച്ചാണ് സ്റ്റാള്‍ അവസാനിക്കുന്നത്.