രാജ്യത്ത് ഈ വര്‍ഷവും സാധാരണ മഴ ലഭിക്കും കേരളത്തില്‍ കുറയാന്‍ സാധ്യത

Posted on: April 26, 2013 8:44 pm | Last updated: April 26, 2013 at 8:44 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം സാധാരണ പോലെ തന്നെ മഴ ലഭിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി. അതേസമയം, കേരളമടങ്ങുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ അല്‍പം കുറഞ്ഞേക്കുമെന്നും മന്ത്രി അറിയിച്ചു. കാലവര്‍ഷം സംബന്ധിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു അദ്ദേഹം.

96 മുതല്‍ 104 ശതമാനം വരെ മഴ ഈ വര്‍ഷം രാജ്യത്ത് ലഭിക്കും. അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയുടെ നിരക്ക് അല്‍പം കുറയാന്‍ സാധ്യതയുണ്ട്. സാധാരണ മഴലഭിക്കാനുള്ള സാധ്യത 46 ശതമാനവും സാധാരണയില്‍ കുറവ് മഴലഭിക്കാനുള്ള സാധ്യത 27 ശതമാനവുമാണ്. കാലവര്‍ഷം ദുര്‍ബലമാകാനുള്ള സാധ്യത 10 ശതമാനവും അതിവര്‍ഷത്തിനുള്ള സാധ്യത മൂന്ന് ശതമാനവുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.