Connect with us

Gulf

മീഡിയാഫോറം ഫോട്ടോ പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ് ഖത്തര്‍) ക്വാളിറ്റി ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും മത്സരത്തിനും തുടക്കമായി. എയര്‍പോര്‍ട്ട് റോഡിലെ ക്വാളിറ്റി സെന്ററില്‍ പ്രത്യേകം സജ്ജീകരിച്ച ഗാലറിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പ്രദര്‍ശനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രാലയം പി ആര്‍ വകുപ്പിലെ സെക്യൂരിറ്റി മീഡിയാ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ മുബാറക് സലീം അല്‍ ബുഹനൈന്‍ മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും’എന്ന പ്രമേയത്തിലുള്ള മത്സരത്തിലുള്‍പ്പെടെ ഖത്തറിലെ മുപ്പതോളം ഫോട്ടോഗ്രാഫര്‍മാരുടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഖത്തര്‍ പൊലീസിന്റെ വളര്‍ച്ചയും പുരോഗതിയും വരച്ചുകാട്ടുന്ന ചിത്രങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന പ്രത്യേക വിഭാഗവും പ്രദര്‍ശനത്തിലുണ്ടായിരിക്കും. ആഭ്യന്തര മന്ത്രാലയം പി ആര്‍ വിഭാഗത്തിലെ ഏതാനും ഉദ്യോഗസ്ഥര്‍ പ്രദര്‍ശന, മത്സരവിഭാഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് മണിവരെയാണ് പ്രദര്‍ശനം. പ്രഗത്ഭര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

 

Latest