എം എം മണിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുത്: സര്‍ക്കാര്‍

Posted on: April 26, 2013 12:22 pm | Last updated: April 26, 2013 at 4:07 pm

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കേസിലെ പ്രതി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യത്തിലിറങ്ങിയ മണി സംസ്ഥാനമൊട്ടാകെ പ്രകോപനപരമായ പ്രസംഗം നടത്തുകയാണെന്നും ഇതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജാമ്യത്തിലിറങ്ങിയ മണി ടി പി ചന്ദ്രശേഖരന്റെ നാടായ ഒഞ്ചിയത്ത് പോലീസിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി. ഇടുക്കി ഒഴികയുള്ള ജില്ലകളില്‍ സഞ്ചരിച്ച് മണി പ്രകോപനപരമായ പ്രസംഗം തുടരുകയാണ്. ഇതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മണി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.