Connect with us

Editors Pick

സമരകാലങ്ങള്‍ അടയാളപ്പെടുത്തി സിഗ്നിഫെയര്‍ പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

കൊച്ചി:ധാര്‍മിക കേരളത്തിന്റെ പോയകാലം അടയാളപ്പെടുത്തി എസ് എസ് എഫ് സമ്മേളന നഗരിയില്‍ സിഗ്നിഫെയര്‍ ഒരുങ്ങി. കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം തുടങ്ങി എസ് എസ് എഫിന്റെ രൂപവത്കരണം വരെയുള്ള സാമൂഹിക മാറ്റങ്ങളിലൂടെയാണ് സിഗ്നിഫെയറിന്റെ സഞ്ചാരം. നൂറ്റാണ്ടുകളുടെ ഇടവേളകളിലെ സംഭവ ബഹുലമായ ചരിത്രമുഹൂര്‍ത്തങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ ഈ ചരിത്രപ്രദര്‍ശനം വരച്ചുകാട്ടുന്നു. സംസ്‌കാര ശൂന്യമായ പരിസരത്തോട് പോരടിച്ച് പാകം വന്ന നന്മയുടെ വാഹകര്‍ ജയിച്ചടക്കിയ ചരിത്രമാണ് ഈ പ്രദര്‍ശനത്തിന്റെ ഇതിവൃത്തം. ഒപ്പം, എസ് എസ് എഫ് ക്യാമ്പസ് യൂനിറ്റുകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിതാന്തരവും ജന്മി കുടിയാന്‍ ബന്ധവും ഓര്‍മ്മപ്പെടുത്തുന്ന ഏഴാം നൂറ്റാണ്ടിലെ ഒരു വീട്ടുമുറ്റത്ത് നിന്നാണ് സിഗ്നിഫെയര്‍ കഥ പറഞ്ഞ് തുടങ്ങുന്നത്. മുറ്റത്ത് പണിയാളര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണകുഴികളും പാളത്തൊപ്പിയും പണിയായുധങ്ങളും പഴയ ഒരു കേരളീയഗ്രാമം ഓര്‍മ്മപ്പെടുത്തുന്നു. ഈ സമൂഹത്തിലേക്ക് മാലിക് ബിന്‍ദിനാറും സംഘവും നന്മയുടെ പ്രകാശം ചൊരിയുന്നു. പുതിയൊരു ചരിത്രത്തിലേക്ക് ഈ സംഘത്തിന്റെ പായക്കപ്പല്‍ നങ്കൂരമിടുന്നതാണ് പശ്ചാത്തലം. കുമാരനാശന്റെ വാഴക്കുലയുടെ ചിത്രീകരണത്തിനൊപ്പം ജാതീയതയുടെ മതില്‍കെട്ടില്‍ വേര്‍തിരിച്ച് നിര്‍ത്തിയവരെ ഇസ്‌ലാം ഐക്യപ്പെടുത്തിയതിന്റെ ചരിത്രം വിശദീകരിക്കുന്നു. മണലിലും പലകയിലും താളിയോലകളിലുമെല്ലാം അറിവിന് മൂര്‍ച്ചകൂട്ടുന്നതും അതിലൂടെ മാലയും മൗലിദും പാടി പഠിക്കുന്ന കഥകളാണ് പിന്നീട്.
ചരിത്രപ്രസിദ്ധമായ പൊന്നാനിയിലെ വിളക്കത്തിരിക്കലും ഓത്തുപള്ളിയുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. നന്മയുടെ ഈ മുന്നേറ്റത്തിലേക്കുള്ള പോര്‍ച്ചുഗീസുകാരുടെ ആഗമനമാണ് പിന്നീട്. ഫത്ഹുല്‍ മുഈന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങി സമരസാഹിത്യങ്ങളില്‍ സജ്ജമായവരുടെ ചെറുത്തുനില്‍പ്പുകള്‍ ആത്മാവ് ചോര്‍ന്നുപോകാതെ വിശദീകരിക്കുന്നു. ചേറൂര്‍ യുദ്ധം, ഉമര്‍ ഖാസിയുടെ നികുതി നിഷേധ സമരം, മുട്ടിച്ചിറ യുദ്ധം, സയ്യിദ് ഫസലുദ്ദീന്‍ തങ്ങള്‍ നാടുകടത്തപ്പെട്ടത്, ടിപ്പുവിന്റെ കേരള പ്രവേശം, ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനൊടുവില്‍ ടിപ്പുവിന്റെ രക്തസാക്ഷിത്വം, ആലി മുസ്‌ലിയാര്‍ തൂക്കിലേറ്റപ്പെട്ടത്, വാഗണ്‍ട്രാജഡി തുടങ്ങി ചരിത്രസംഭവങ്ങളിലൂടെയാണ് സിഗ്നിഫെയര്‍ മുന്നേറുന്നത്.
1921ന് ശേഷം കേരളീയ മുസ്‌ലിംകളിലുണ്ടായ അരക്ഷിതാവസ്ഥയിലേക്കാണ് പിന്നീട് പ്രേക്ഷകരെ വഴിനടത്തുന്നത്. പട്ടാള ബൂട്ടിന്റെ പശ്ചാത്തല ശബ്ദത്തിലെ ആന്തമാന്‍ സെല്ലുലാര്‍ ജയിലും 1921ന് ശേഷമുണ്ടായ നേതൃശൂന്യതയും ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാകുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതീക്ഷകളുടെ പുതുനാമ്പായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവിയുടെ കഥയാണ് പിന്നീട്. ഈ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി എസ് വൈ എസും വിദ്യാഭ്യാസ ബോര്‍ഡും ജനിക്കുന്നു. സാഹചര്യങ്ങളെല്ലാം അനുകൂലമായതോടെ വിദ്യാര്‍ഥികള്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി അഡ്വ. എ കെ ഇസ്മാഈല്‍ വഫ സുന്നി ടൈംസിലെഴുതിയ ലേഖനമാണ് പിന്നീടുള്ള ചര്‍ച്ച. ജീര്‍ണതബാധിച്ച ക്യാമ്പസുകള്‍ പണ്ഡിത നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിച്ചതോടെ ഒരു ക്ലാസ് മുറിയില്‍ എസ് എസ് എഫ് രൂപം കൊണ്ടതിന്റെ കഥയോടെ സിഗ്നിഫെയറിന്റെ ആദ്യഘട്ടത്തിന് കര്‍ട്ടണ്‍ വീഴുന്നു.
ലോക ചരിത്രത്തിലെ തന്നെ അപൂര്‍വ്വ ഏടുകള്‍ ചേര്‍ത്തുവെച്ച് എസ് എസ് എഫിന്റെ വിവിധ ക്യാമ്പസ് യൂനിറ്റുകള്‍ തയ്യാറാക്കിയ പ്രദര്‍ശനങ്ങളാണ് രണ്ടാം ഭാഗത്തില്‍. ചരിത്രകേന്ദ്രങ്ങളുടെ ചിത്ര പ്രദര്‍ശനമാണ് മഅ്ദിന്‍ നോളജ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. കുറ്റിയാടി സിറാജുല്‍ ഹുദ ക്യാമ്പസ് യൂനിറ്റ് മുസ്‌ലിം സ്‌പെയിനിന്റെ ചരിത്രവും വര്‍ത്തമാനവും വരച്ചുകാട്ടുന്നു. അറബിക് ലിപികളിലൂടെയുള്ള സഞ്ചാരമാണ് കൊണ്ടോട്ടി ബുഖാരി ദഅ്‌വാ കോളജ് ഒരുക്കിയിരിക്കുന്നത്. വരും നാളുകളില്‍ മര്‍കസ് നോളജ്‌സിറ്റി സൃഷ്ടിക്കാനൊരുങ്ങുന്ന വിപ്ലവത്തിന്റെ നേര്‍സാക്ഷ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. പ്രവാചകന്റെ വിവിധ ചികിത്സാരീതികള്‍ സിഗ്നിഫെയറിലെ വേറിട്ട കാഴ്ചയാണ്.

 

Latest