ഇരുമ്പയിര്: നികുതിവെട്ടിപ്പിലൂടെ റെയില്‍വേക്ക് നഷ്ടം അര ലക്ഷം കോടി രൂപ

Posted on: April 25, 2013 3:33 pm | Last updated: April 26, 2013 at 10:30 am

ironore transportന്യൂഡല്‍ഹി: ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ നടത്തിയ വന്‍ നികുതി വെട്ടിപ്പിലൂടെ റെയില്‍വേക്ക് അര ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. സി ബി ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് പുറത്തായത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം.
ഇരുമ്പയിര് കയറ്റുമതി നടത്തുന്ന രാജ്യത്തെ ഒന്‍പത് പ്രമുഖ കമ്പനികളാണ് നികുതി വെട്ടിപ്പ് നടത്തിയത്. ആഭ്യന്തര ആവശ്യത്തിനെന്ന വ്യാജേന റെയിവേ മാര്‍ഗം കയറ്റി അയക്കാനുള്ള ഇരുമ്പയിര് കൊണ്ടുപോയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ആഭ്യന്തര ആവശ്യത്തിന് ഇരുമ്പയിര് കൊണ്ടുപോകാന്‍ ടണ്ണിന് 300 മുതല്‍ 400 രൂപ വരെയാണ് നികുതി. എന്നാല്‍ കയറ്റുമതി ചെയ്യാനാണെങ്കില്‍ ടണ്ണിന് 2000 രൂപ നികുതിയടക്കണം. ഈ നിലയില്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 24,600 കോടി രൂപയുടെ നഷ്ടം റെയില്‍വേക്കുണ്ടായെന്നാണ് അന്വേഷണ സംഘം തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008 മുതല്‍ കമ്പനികള്‍ നികുതി വെട്ടിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ALSO READ  നിലപാട് കടുപ്പിച്ച് ഇന്ത്യ; 44 ട്രെയിനുകള്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റെയില്‍വേ റദ്ദാക്കി