Connect with us

International

അന്വേഷണ ഉദ്യോഗസ്ഥര്‍ റഷ്യയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ബോസ്റ്റണ്‍ ആക്രമണവുമായി ബന്ധപ്പെട്ട് യു എസ് അന്വേഷണ ഉദ്യോഗസ്ഥര്‍ റഷ്യയിലെത്തി. ബോംബാക്രമണം ആസൂത്രണം ചെയ്ത സഹോദരങ്ങളുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാനും ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാനുമായി എഫ് ബി ഐ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പ്രവിശ്യയായ ദഗസ്ഥാനിലെത്തിയിട്ടുണ്ട്. ബോസ്റ്റണ്‍ ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് കരുതുന്ന തമെര്‍ലാന്‍ തസര്‍നേവും തമെര്‍ലാന്‍ സോഖറും കഴിഞ്ഞ വര്‍ഷം ദെഗസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്.
സഹോദരങ്ങള്‍ വിദേശ സഹായങ്ങള്‍ കൂടാതെയാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ക്ക് അല്‍ഖാഇദയടക്കമുള്ള നിരോധിത സംഘനകളായിട്ടൊന്നും ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പോലീസുമായി നടന്ന ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ സോഖര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ മൂത്ത സഹോദരനും സ്‌ഫോടനത്തിലെ മുഖ്യ പ്രതിയുമായ തമെര്‍ലാന്‍ തസര്‍നേവ് പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ റഷ്യയിലെ ചെച്‌നിയന്‍ വംശജരായ ഇവര്‍ കഴിഞ്ഞ വര്‍ഷം ആറ് മാസത്തോളം അവിടെ തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതേതുടര്‍ന്നാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചതെന്നും എഫ് ബി ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മോസ്‌കോയിലെ യു എസ് എംബസി ഉദ്യോഗസ്ഥര്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. തങ്ങളുടെ മക്കള്‍ക്ക് ഈ ആക്രമണവുമായി ബന്ധമില്ലെന്നും യു എസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്നും തമെര്‍ലാനിന്റെയും സോഖറിന്റെയും മാതാപിതാക്കള്‍ പറഞ്ഞതായി റഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതായി യു എസ് എംബസി വക്താക്കള്‍ അറിയിച്ചു.
ഈ മാസം 16ന് ബോസ്റ്റണിലെ മാരത്തണ്‍ മത്സരത്തിനിടെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഇവര്‍ ആരോപിച്ചിരുന്നു.

Latest