സാന്ത്വന സ്പര്‍ശവുമായി ടി പിയുടെ വീട്ടില്‍ ചെന്നിത്തലയെത്തി

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 1:49 am

വടകര: രക്തസാക്ഷിത്വത്തിന്റെ കണ്ണൂീരുണങ്ങാത്ത ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടില്‍ സാന്ത്വനത്തിന്റെ കരസ്പര്‍വുമായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഒഞ്ചിയം നെല്ലച്ചേരിയിലെ ടി പി നിവാസില്‍ ചെന്നിത്തല എത്തിയത്. കേരളയാത്രയുടെ വടകരയിലെ സ്വീകരണ പരിപാടിയുടെ മുന്നോടിയായിരുന്നു സന്ദര്‍ശനം.
ടി പിയുടെ ഭാര്യ കെ കെ രമ, മകന്‍ അഭിനന്ദ്, മാതാവ് പത്മിനി എന്നിവരെ ചെന്നിത്തല ആശ്വസിപ്പിച്ചു. എന്റെ മകന് നീതി ലഭിക്കണമെന്ന് ചെന്നിത്തലയുടെ കൈപിടിച്ച് ടി പിയുടെ മാതാവ് പത്മിനി കണ്ണീരോടെ പറഞ്ഞപ്പോള്‍ ചുറ്റും കൂടിനിന്നവരുടെ ഓര്‍മകളില്‍ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ അമ്പത്തിയൊന്ന് വെട്ടിന്റെ ഓര്‍മ നിറഞ്ഞുനിന്നു. തുടര്‍ന്ന് ആര്‍ എം പി നേതാക്കളായ എന്‍ വേണു, എന്‍ പി ഭാസ്‌കരന്‍ മാസ്റ്റര്‍, വി പി കുഞ്ഞനന്തന്‍ എന്നിവരുമായി ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെന്നിത്തല ചര്‍ച്ച നടത്തി.
സാക്ഷികളെ ഭീഷണികളിലൂടെയും പ്രലോഭനത്തിലൂടെയും കൂറുമാറ്റിക്കുന്നതായി എന്‍ വേണു പറഞ്ഞു. ഗൂഢാലോചനക്കേസ് സി ബി ഐക്ക് വിടണമെന്ന് രമ ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിന്റെ പഠനകാര്യങ്ങള്‍ ചെന്നിത്തല ആരാഞ്ഞു. തുടര്‍ന്ന് ആര്‍ എം പി നേതാക്കളും ടി പിയുടെ ബന്ധുക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി.
ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ ചെന്നിത്തല സി പി എം നേതൃത്വം സംഘടിതമായ കൂറുമാറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത് കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിനിടെ നിത്യാനന്ദന്‍ എന്ന ചെറുപ്പക്കാരന്‍ തന്നെ സമീപിക്കുകയും ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷിപറഞ്ഞതിന്റെ പേരില്‍ ഭീഷണി നേരിടുന്നതായും പറഞ്ഞെന്ന് ചെന്നിത്തല വ്യക്തമാക്കി. സാക്ഷികള്‍ കൂറുമാറിയതുകൊണ്ടുമാത്രം നീതിന്യായ വ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, ശരത്ചന്ദ്രപ്രസാദ്, കെ പി കുഞ്ഞിക്കണ്ണന്‍, കെ സി അബു,അഡ്വ. ബിന്ദുകൃഷ്ണ, ലതികാ സുഭാഷ്, അഡ്വ. സിദ്ദീഖ് എന്നിവരും ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.