Connect with us

Gulf

മഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞു; പലയിടത്തും ഗതഗാതം മുടങ്ങി

Published

|

Last Updated

മസ്‌കത്ത്: ദിവസങ്ങളായി മൂടിക്കെട്ടിനിന്ന കാലാവസ്ഥക്കൊടുവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു. രാത്രി തുടങ്ങിയ മഴ പകലിലും തുടര്‍ന്നു. മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെളളം കെട്ടി നില്‍ക്കുന്നുണ്ട്. ഇത് ഗതാഗത കുരുക്കിന് കാരണമായി. മഴക്ക് അകമ്പടിയായി ഇടിയും മിന്നലും ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍ ജോലി സ്ഥലങ്ങളിലെത്താന്‍ പലരും വിഷമിച്ചു.

ബഹ്‌ലയില്‍ മലമുകളില്‍ നിന്നും വെള്ളം കുത്തി ഒലിച്ചതിനെത്തുടര്‍ന്ന് മണ്ണിലിടിച്ചിലുണ്ടായി. ഷിനാസില്‍ ഇന്നലെ വൈകിട്ട് കനത്ത ഇടിയും മഴയുമുണ്ടായി. ഇബ്‌രിയിലും റുസ്താഖിലുമുണ്ടായ കനത്ത മഴയില്‍ ടാക്‌സി കാറുകളും മറ്റ് വാഹനങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ജെ സി ബിയും പൂര്‍ണമായും വെള്ളത്തിനടിയിലായി. വൈകുന്നേരം വരെ ഇവിടെ വാഹന ഗതാഗതം നിലച്ചിരിക്കുകയായിരുന്നു.
ഇബ്‌രി വിലായത്തിലെ മുഖ്‌നിയാത്ത്, മിന്‍കിസ്, അല്‍ ആരിദ്, അല്‍ ഐന്‍, യന്‍ഖുല്‍ വിലായത്തിലെ അല്‍ ബുറൈദ്, സായ് അല്‍ റാക്കി, ബാനി ഖാലിദ് വിലായത്തിലെ ബാനിഖാലിദ് എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. ബിദിയ വിലായത്തിലെ അല്‍ബാതിന വാദിയില്‍ പരക്കെ മഴപെയ്തു.
മസ്‌കത്തിലും പരിസര പ്രദേശങ്ങളിലും പരക്കെ മഴ ലഭിച്ചു. റൂവിയില്‍ ഇന്നലെ രാവിലെ രാവിലെ വരെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മഴ പെയ്തതിനാല്‍ ഇവിടെ വാദിയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. രാത്രിയുണ്ടായ മഴയെത്തുടര്‍ന്ന് രാവിലെ ചെറു റോഡുകളില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. ഉച്ചയോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. റൂവിയുടെ സമീപ പ്രദേശങ്ങളായ ദാര്‍സൈത്ത്, മത്ര, കോര്‍ണിഷ്, അമരിയ തുടങ്ങിയ സ്ഥലങ്ങളിലും മഴലഭിച്ചു. എന്നാല്‍ ഉച്ചക്ക് ശേഷം ഇവിടങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
ഔദ്യോഗിക കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നോര്‍ത്ത് ഷറഖിയ ഗവര്‍ണറേറ്റിലാണ്. 50 മില്ലി മഴയാണ് ഇവിടെ ലഭിച്ചത്. ബാനി ഖാലിദില്‍ മഴയും കാറ്റും നാശം വിതച്ചു. അല്‍ ദാഹിറഗവര്‍ണറേറ്റില്‍ 40 മില്ലി മഴയാണ് ലഭിച്ചത്. ഇബ്‌രി വിലായത്തിലാണ് കൂടുതല്‍ മഴയുണ്ടായത്. സൗത്ത് ബാതിനയിലെ അല്‍ റുസ്താഖ് വിലായത്തില്‍ ഒമ്പത് മില്ലി മഴയാണ് ലഭിച്ചത്. ദാഖിലിയ ഗവര്‍ണറേറ്റിലെ ബഹ്‌ല വിലായത്തില്‍ ആറ് മില്ലി മഴ ലഭിച്ചു. ബൗഷര്‍, മസ്‌കത്ത് ഗവര്‍ണറേറ്റിലും ആറ് മില്ലി മഴയാണ് പെയ്തത്. ബുറൈമിയില്‍ മഴ ലഭിച്ചത് മൂന്ന് മില്ലി മീറ്ററാണ്. സൗത്ത് ഷറഖിയയിലെ സൂറില്‍ രാത്രിയിലും മഴ തുടരുകയാണ്. മൂന്ന് മില്ലിയാണ് ഇവിടെ മഴ റെക്കോര്‍ഡ് ചെയ്തത്.
സീബ്, ഗാല, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലും മഴ ലഭിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ ചെറിയ അപകടങ്ങളുണ്ടായി. അപകടങ്ങളും റോഡില്‍ വെള്ളം നിറയുകയും ചെയ്തതോടെ രാവിലെ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഗ്രാമ പ്രദേശങ്ങളില്‍ ഏതാണ്ടെല്ലാ പ്രദേശത്തും ചാറ്റല്‍ മഴ ലഭിച്ചത് ആളുകള്‍ക്ക് സന്തോഷം പകര്‍ന്നു. എന്നാല്‍ പകല്‍ സമയത്ത് പലയിടത്തും പൊതുവെ ആകാശം മേഘാവൃതമാണ്. മഴയെതുടര്‍ന്ന് അന്തരീക്ഷ താപം കുറഞ്ഞതും മേഘാവൃതമായ ആകാശവും ഖരീഫ് സീസണെ അനുസ്മരിപ്പിച്ചു.
ചാറ്റല്‍ മഴയെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ പുതുമണ്ണിന്റെ മണം പരന്നത് മലയാളികളില്‍ ഗൃഹാതുരത്വ ചിന്തകള്‍ ഉണര്‍ത്തി. ഗ്രാമ പ്രദേശങ്ങളിലെ ഉണക്കക്കുന്നുകളില്‍ വരും നാളുകളില്‍ പുല്‍ക്കൊടികളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കും. ഇത് കാലികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ സന്തോഷമുണ്ടാക്കും.
അതിനിടെ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മഴയില്‍ മലകളിടിഞ്ഞും മറ്റും തകര്‍ന്ന റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ശ്രമം നടന്നു വരുന്നതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റോഡുകളിലെ വെള്ളം മാറ്റിയും റോഡിലെ കുഴികള്‍ അടച്ചുമാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്. മഴക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പോലീസ് നേരത്തെ തന്നെ ജാഗ്രത പാലിച്ചിരുന്നു. അപകടസ്ഥലങ്ങളില്‍ വേഗമെത്തുന്നതിനും പോലീസ് ശ്രമം നടത്തി. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത വിധം അടിയന്തര സേവനങ്ങളെത്തിക്കുന്നതിന് കഴിഞ്ഞതായും പോലീസ് അറിയിച്ചു.

Latest