പിന്നില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിട നിര്‍മാണം കടുത്ത വരള്‍ച്ചയില്‍ ആവുള്ളാംകയം മണ്ണിട്ട് നികത്തുന്നു

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 12:54 am

ചെറുപുഴ: കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ കാര്യങ്കോട് പുഴയോരം മണ്ണിട്ട് നികത്തുന്നു. പുഴയിലെ ഏക ജലാശയമായ ആവുള്ളാംകയമാണ് നികത്തുന്നത്. ചെറുപുഴ പഞ്ചായത്ത് വില്ലേജ് ഓഫീസിന് വിളിപ്പാടകലെയാണ് പുഴ നികത്തല്‍ നടക്കുന്നത്.
സ്വകാര്യവ്യക്തി കെട്ടിട നിര്‍മാണത്തിന്റെ മറവിലാണ് മണ്ണിട്ട് കാടുകള്‍ നികത്തി പുഴ കൈയ്യടക്കാന്‍ നീക്കമാരംഭിച്ചത്. ചെറുപുഴ പഞ്ചായത്ത് ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പി ജെ ജോസഫ് ജലസ്രോതസുകള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച കഴിയും മുമ്പെയാണ് ടൗണിന് സമീപം പുഴ നികത്തുന്നത്.
ഇവിടെ വെള്ളം നില്‍ക്കുന്നതിനാലാണ് സമീപത്തെ കിണറുകളിലും മറ്റും വെള്ളം കുറയാതെയിരിക്കുന്നത്. ഈ പുഴ മണ്ണിട്ട് നികത്തുന്നതോടെ ഇവിടെ കടുത്ത ജലക്ഷാമത്തിന് കാരണമാകും. നികത്തുന്നതിന്റെ ആദ്യനടപടിയെന്ന നിലയില്‍ പുഴയിലെ കാടുകള്‍ മണ്ണിട്ട് നികത്തി കഴിഞ്ഞു. പക്ഷികളുള്‍പ്പെടെ നിരവധി ചെറുജീവികളുടെ ആവാസകേന്ദ്രമാണ് നശിപ്പിച്ചിരിക്കുന്നത്.