Connect with us

Articles

മോഡി മാജിക്കില്‍ വീണ ഈയാമ്പാറ്റകള്‍

Published

|

Last Updated

ഇന്ത്യയിലെ പല സംസ്ഥാന മുഖ്യമന്ത്രിമാരിലൊരാളും പല രാഷ്ട്രീയ നേതാക്കളിലൊരാളും മാത്രമല്ല നരേന്ദ്ര മോഡി. നൂറ്റാണ്ടുകളുടെ സമര/സംവാദ/കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളിലൂടെ രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടന, രാഷ്ട്ര സുരക്ഷിതത്വം, സംസ്ഥാന പുനഃസംഘടന, സിവില്‍/ക്രിമിനല്‍ കോഡുകള്‍ എന്നിവയെയെല്ലാം നഗ്നമായി ലംഘിക്കുന്ന ഒരു കുറ്റവാളിയാണ് മോഡി. മാനവികതയെയും അതിന്റെ കരുണാര്‍ദ്രമായ നിലപാടുകളെയും പിച്ചിച്ചീന്തിയ മോഡിയുടെ ചെയ്തികളെ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മോഡി വിചാരണക്ക് വിധേയനാകണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യയുടെ മതനിരപേക്ഷ സംസ്‌കാരവും ചേരിചേരാ അന്താരാഷ്ട്ര നയവും സാമ്രാജ്യത്വവിരോധവും മോഡിയെപ്പോലൊരാള്‍ ദേശീയ നേതൃത്വത്തിലേക്ക് വരുന്നതോടെ നാമാവശേഷമാകും. ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കുകയും ബലാത്സംഗം ചെയ്യുകയും പതിനായിരക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയും ചെയ്ത 2002ലെ വംശഹത്യക്ക് രാഷ്ട്രീയവും സാമുദായികവും ധാര്‍മികവുമായ നേതൃത്വം കൊടുത്തത് മോഡിയല്ലാതെ മറ്റൊരാളല്ല എന്ന് ലോകര്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോര്‍പറേറ്റ് സാമ്രാജ്യത്വത്തിന്റെ ടിപ്പണി അനുസരിച്ചുള്ള വികസനമാതൃകയുടെ പേരിലാണ് ഇപ്പോള്‍ മോഡി കൊട്ടിഘോഷിക്കപ്പെടുന്നത്. തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവും സ്ത്രീവിരുദ്ധവും കര്‍ഷകവിരുദ്ധവും പരിസ്ഥിതിവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവും ഗ്രാമീണവിരുദ്ധവുമായ ഈ വികസന റോഡ് റോളറും ആത്യന്തികമായി ഗുജറാത്തിന്റെ വിനാശത്തിലാണ് കലാശിക്കുക എന്ന് വിദഗ്ധര്‍ വിശദീകരിച്ചു കഴിഞ്ഞു. തലതിരിഞ്ഞ ഈ മനുഷ്യാവകാശവിരുദ്ധ വികസന മോഡലിനെയാണ് മോഡി മാജിക് എന്നു വിളിക്കുന്നത്.
കൊളോണിയല്‍ പൂര്‍വ ഇന്ത്യയില്‍ ഹിന്ദു, ഇസ്‌ലാം സംസ്‌കാരങ്ങള്‍ സഹവര്‍ത്തിത്വത്തോടെ നിലനിന്നിരുന്നു എന്നതാണ് ചരിത്രയാഥാര്‍ഥ്യം. സംഗീതത്തിലും വാസ്തുവിദ്യയിലും വേഷത്തിലും ഇതര കലകളിലും സാഹിത്യത്തിലും മറ്റും മറ്റുമായി പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഏവരെയും അഭിമാനിപ്പിക്കുന്നത് ഈ കാലത്തെ സംഭാവനകളാണ്. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ഉദാര, ജനാധിപത്യ, മത നിരപേക്ഷ സംസ്‌കാരത്തിന്റെയും പ്രഭവകേന്ദ്രം ഈ പൂര്‍വകാലമായിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 1980കളിലും 1990കളിലുമായി ഇന്ത്യന്‍ പൊതുബോധം ഈ ഉദാര രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും പൗരത്വ നിര്‍മിതിയില്‍ നിന്നും പിന്തിരിഞ്ഞു നടക്കാന്‍ ആരംഭിച്ചു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചതിനു ശേഷം സാധ്വി ഋത്വാംബര നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചതു പോലെ; ഇനി മുതല്‍ ഭാരതത്തില്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുക്കളല്ലാത്തവര്‍ക്കും ജീവിക്കണമെന്നുണ്ടെങ്കില്‍ രാമന്റെ ഭക്തരായി തീരുകയേ രക്ഷയുള്ളൂ എന്ന നില വന്നു. ഗുജറാത്തില്‍ ഈ നിയമത്തിന് ചെറിയ പരിഷ്‌കാരമുണ്ട്. അവിടെ ജീവിക്കണമെങ്കില്‍ രാമനു പകരം നിങ്ങള്‍ നരേന്ദ്ര മോഡിയുടെ ഭക്തരായിരിക്കണം. ഗുജറാത്തിലല്ല ജീവിക്കുന്നതെങ്കിലും അവിടുത്തുകാരെപ്പോലെ ഭക്തരായിത്തീരാന്‍ തീരുമാനിച്ച അനേകര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇന്ത്യക്കു പുറത്തുമുണ്ടെന്നതും യാഥാര്‍ഥ്യമാണ്. കണ്ണൂരിന്റെ കണ്ണിലുണ്ണികളായ എ പി അബ്ദുല്ലക്കുട്ടിയും കെ എം ഷാജിയും ഇത്തരം മോഡിഭക്തരാണ്. കേരള കിസിംഗര്‍ എന്നു പേരെടുത്ത സാക്ഷാല്‍ ബേബി ജോണ്‍ മുതലാളിയുടെ സല്‍പുത്രന്‍ ഷിബു ബേബി ജോണ്‍ എന്ന ആര്‍ എസ് പി നേതാവും യു ഡി എഫ് മന്ത്രിയുമായ പുംഗവന്‍ ഇതേ സേനയില്‍ അണിചേര്‍ന്നിരിക്കുന്നു. കണ്ണാടി പ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുവിന്റെ നാട്ടില്‍ നിന്ന് ആറന്മുളക്കണ്ണാടിയുമായി പോയി മോഡിക്ക് സാഷ്ടാംഗം വീണിരിക്കുകയാണ് ഈ സിംഹം. ഗണേഷ്- യാമിനിത്തങ്കച്ചി- ബാലകൃഷ്ണ പിള്ള കുടുംബവഴക്ക് പോലെയുള്ള ഒരു പൈങ്കിളി സീരിയലാണ് ഗുജറാത്ത് കലാപവും വികസന മാജിക്കും എന്നായിരിക്കും ഈ പുതിയ രക്ഷാകര്‍ത്താവിന്റെ ധാരണ. ശാന്തം പാപം! കഴിഞ്ഞോ! സാക്ഷാല്‍ ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ വര്‍ക്കല ശിവഗിരിയില്‍ മുഖ്യാതിഥിയായി നരേന്ദ്ര മോഡി രഥത്തില്‍ എഴുന്നള്ളിയിരിക്കുന്നു. ആശാന്‍ സ്മാരക പ്രസംഗം പി പരമേശ്വരന്‍ നടത്തുന്ന നാട്ടില്‍ ഗാന്ധി സ്മാരക പ്രസംഗം മോഡിക്കു നടത്താവുന്നതാണ്. വെള്ളാപ്പള്ളിയാണോ പ്രകാശാനന്ദയാണോ അതോ ഇവരെക്കൂടാതെ മറ്റാരൊക്കെയാണോ മോഡി ഭക്തരായി കാല്‍ക്കല്‍ വീഴുന്നതെന്ന് കാത്തിരുന്നു കാണാം. മോഡി മാജിക് എന്ന സാമൂഹിക ദുര്‍മന്ത്രവാദത്തിന്റെ തീക്കുണ്ഡത്തില്‍ വീണടിയുന്ന ഈയാംപാറ്റകളായി കേരളീയരെയും അധഃപതിപ്പിക്കുവാനുള്ള പരിശ്രമമാണ് വര്‍ക്കല ശിവഗിരിയില്‍ മോഡിയെ എഴുന്നള്ളിച്ച തീരുമാനത്തിന്റെ പിറകിലുള്ളത്. കേരളീയ നവോത്ഥാനത്തിന്റെയും അധഃസ്ഥിത വിമോചനത്തിന്റെയും നെടുംതൂണായ ശ്രീനാരായണ പ്രസ്ഥാനത്തെ സംഘപരിവാറിന് തീറെഴുതിക്കൊടുത്ത കാഷായവേഷം ധരിച്ച ക്രൂരമനസ്‌കരാണ് ഇതിന്റെ സംഘാടകര്‍. കേരളത്തെ അറബിക്കടലില്‍ മുക്കിക്കൊല്ലുന്നതിന് സമാനമാണ് ഈ പിന്തിരിഞ്ഞു നടത്തം.
1990കളില്‍, ആശിഷ് നന്ദി നരേന്ദ്ര മോഡി എന്ന അക്കാലത്തെ ആര്‍ എസ് എസ് പ്രചാരകുമായി അഭിമുഖം നടത്തുകയുണ്ടായി. ബി ജെ പിയില്‍ ഏതെങ്കിലുമൊരു സ്ഥാനം കിട്ടും എന്ന് പ്രതീക്ഷിച്ചു കഴിയുന്ന ഒരാളായിരുന്നു അന്ന് മോഡി. എന്നാല്‍, പാഠപുസ്തകങ്ങളില്‍ വിവരിച്ചിട്ടുള്ളതു പോലെ, ക്ലാസിക്കും ക്ലിനിക്കലുമായ ഒരു ഫാസിസ്റ്റിനെ അന്നു തന്നെ മോഡിയില്‍ ദര്‍ശിക്കാന്‍ ആശിഷ് നന്ദിക്ക് സാധിക്കുകയുണ്ടായി. പരിശുദ്ധിയെക്കുറിച്ചുള്ള നിര്‍ബന്ധങ്ങള്‍, വൈകാരിക ജീവിതത്തെ ചുരുക്കിക്കാണുന്ന രീതി, സ്വന്തം പ്രശസ്തിയെ പെരുപ്പിച്ചു കാണിക്കുന്നതിനുള്ള ആള്‍ക്കൂട്ട മനഃശാസ്ത്രപരമായ തന്ത്രങ്ങള്‍, അക്രമത്തെക്കുറിച്ചുള്ള ഭാവനകള്‍, സ്വന്തം ആസക്തികളെ നിഷേധിക്കല്‍ എന്നിവയെല്ലാം അന്യരെ ഭയപ്പെടുന്നതില്‍ സംശയിക്കുന്ന ഒരു സവിശേഷ വ്യക്തിത്വമായിരുന്നു മോഡിയുടെത് എന്ന് നന്ദി രേഖപ്പെടുത്തുന്നു. തന്നോടൊപ്പമുണ്ടായിരുന്ന അച്യുത് യാഗ്‌നിക്കിനോട്, ഭാവിയില്‍ ഒരു കൂട്ടക്കൊലയാളിയായി മാറാന്‍ സാധ്യതയുള്ള ഒരാളെ ഇതാ നാം കണ്ടുമുട്ടിയിരിക്കുന്നു എന്ന് നന്ദി പറയുകയുമുണ്ടായി.
സംസ്‌കാരത്തിന്റെ മരണോപചാരം എന്ന പേരില്‍ ആശിഷ് നന്ദി 2002ല്‍ സെമിനാറില്‍ എഴുതിയ ലേഖനം അവസാനിപ്പിക്കുന്നതിങ്ങനെയാണ്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഗുജറാത്ത് എന്നോ കൈയൊഴിഞ്ഞിരിക്കുന്നു. ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ആത്മാവിനെ അദ്ദേഹത്തിന്റെ കൊലയാളികള്‍ കീഴ്‌പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണ അവര്‍ അദ്ദേഹത്തെ വീണ്ടും കൊലപ്പെടുത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മൃതശരീരത്തിനു മേല്‍ നൃത്തമാടുകയും ചെയ്തിരിക്കുന്നു. അവര്‍ക്കവരുടെ സന്തോഷം അടക്കാനാകുന്നില്ല. അവരുടെ വായ് നിറയെയാകട്ടെ അശ്ലീലവാക്കുകള്‍ നിറഞ്ഞു കവിയുന്നു.
ഹിന്ദുത്വം ഗുജറാത്തിന്റെ സാമാന്യബോധമായി വ്യവസ്ഥാപിതമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ആ നഗരവത്കൃത, മധ്യവര്‍ഗ, സാമാന്യബോധത്തിനകത്താണ് വികസനം എന്ന പുറംമോടിയും ഉപരിപ്ലവമായ വിജയക്കൊടി പാറിക്കുന്നത്. ഗുജറാത്തിനെ കറ തീര്‍ത്ത ഒരു ഹിന്ദു രാഷ്ട്രമാക്കി മോഡി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു എന്നും നിരീക്ഷിക്കാം. 2012ല്‍ നടന്ന ഒരു സര്‍വേ സൂചിപ്പിക്കുന്നത്, 2002ല്‍ ന്യായീകരിച്ചവരേക്കാള്‍ അധികം ആളുകള്‍, 2002ലെ വംശഹത്യയെ ഇപ്പോള്‍ ന്യായീകരിക്കുന്നുണ്ടെന്നാണ്. ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. ആദ്യം അപലപിച്ച അഡ്വാനി, പിന്നീട് അത് അനിവാര്യമാണെന്നു പറയുകയും ഇപ്പോള്‍, അതില്‍ അഭിമാനിക്കുന്നു എന്ന് ഉച്ചൈസ്തരം ഘോഷിക്കുകയും വിജയദിവസം ആചരിക്കുകയുമാണ്.
ഗുജറാത്ത് വികസന മാതൃക എന്നത് കെട്ടിച്ചമച്ച ഒരു മാധ്യമാഭ്യാസം മാത്രമാണെന്നതിന്റെ വിവിധ തെളിവുകള്‍ ഈയിടെയായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 2009 ജനുവരിയില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് എന്ന വ്യവസായ സമ്മേളനത്തില്‍ 3574 എം ഒ യു (ധാരണാ പത്രം) ഒപ്പിടുകയുണ്ടായി. ഇതനുസരിച്ച് 12 ട്രില്ല്യണ്‍(ലക്ഷം കോടി) രൂപയുടെ നിക്ഷേപമാണ് ഗുജറാത്തില്‍ വരേണ്ടത്. എന്നാല്‍, നാല് വര്‍ഷം കഴിയുമ്പോള്‍, വെറും 3947 ബില്യണ്‍(നൂറ് കോടി) രൂപയുടെ 220 പ്രോജക്റ്റുകളെ സംബന്ധിച്ചാണ് എന്തെങ്കിലും വിവരം മാത്രമേ വിജി വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്നുള്ളൂ. 2011ലും അടുത്ത വൈബ്രന്റ് ഗുജറാത്ത് സമ്മേളനം നടന്നു. അവിടെ ഒപ്പിട്ടത് 20 ട്രില്യണ്‍ രൂപയുടെ 8380 എം ഒ യുവാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് പോലും ഇതുവരെ തുടങ്ങിയതായി അറിയില്ല എന്നാണ് സെന്റര്‍ ഫോര്‍ മോണിറ്റെറിംഗ് ഇന്ത്യന്‍ എക്കണോമി നടത്തിയ പരിശോധനയില്‍ നിന്ന് ബോധ്യപ്പെടുന്നത്. മനുഷ്യ വികസന സൂചികയില്‍ ഗുജറാത്തിന് 1996ല്‍ അഞ്ചാം സ്ഥാനമാണുണ്ടായിരുന്നതെങ്കില്‍, 2006ല്‍ അത് ഒമ്പതാം സ്ഥാനമായി താഴ്ന്നു. ഒറീസ്സ, ഛത്തീസ്ഗഢ്, ബീഹാര്‍, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പോലും അവയുടെ നില മെച്ചപ്പെടുത്തിയ കാലയളവിലാണ് ഇത് സംഭവിച്ചത്. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെല്ലാം വികസനം എന്നത് സാമാന്യവും എല്ലാവര്‍ക്കും അവകാശപ്പെട്ടതുമാണ്. അതിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടുമെന്നതാണ് പുറമെക്കെങ്കിലും അവകാശവാദങ്ങളുന്നയിക്കപ്പെടുന്നത്. എന്നാല്‍, ഗുജറാത്തില്‍ ഹിന്ദുത്വ, ഗുജറാത്തി അഭിമാനം തുടങ്ങിയ സാംസ്‌കാരിക ഭാവനകള്‍ക്കകത്താണ് വികസനം കൊട്ടിഘോഷിക്കപ്പെടുന്നതെന്നും അപകടത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. വികസനത്തിന്റെ ഗുണഫലങ്ങള്‍ അഹിന്ദുക്കള്‍ക്കും ഗുജറാത്തികളല്ലാത്തവര്‍ക്കും ലഭ്യമാകേണ്ടതില്ലെന്ന അടിസ്ഥാനകല്‍പ്പനയാണ് നടപ്പിലാകുന്നത്.
പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്ന് ടാറ്റക്ക് ഓടിപ്പോകേണ്ടി വന്നപ്പോള്‍, മോഡിയാണ് ഗുജറാത്തില്‍ അഭയം കൊടുത്തത്. ഖുത്ബുദ്ദീന്‍ അന്‍സാരി ഗുജറാത്തില്‍ നിന്നോടിപ്പോയപ്പോള്‍ മതേതര ബംഗാള്‍ അഭയം കൊടുത്തതിന്, പകരമായി “വികസനവിരുദ്ധ” ബംഗാള്‍ തുരത്തിയോടിച്ച ടാറ്റയെ വികസനോന്മുഖ ഗുജറാത്ത് സ്വീകരിച്ചു എന്നായിരുന്നു കഥ. ഒരു ഇരപ്പാളിയെക്കൊണ്ട് സംസ്ഥാനത്തിനെന്തു ഗുണം? ഒരു വ്യവസായി അതും ഇന്ത്യയെ തന്നെ നിര്‍മിച്ചുവെന്നു കരുതാവുന്ന ടാറ്റയെ കൊണ്ട് ഗുജറാത്തും മോഡിയും അക്കാലത്ത് വന്‍ പ്രചാരണം നേടിയെടുത്തു. ഇതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്ത ഇളവുകള്‍ ആദ്യമൊന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും അവസാനം അത് പുറത്തു വരിക തന്നെ ചെയ്തു. 20 കൊല്ലം കാലയളവുള്ള ഒരു സോഫ്റ്റ് ലോണ്‍ അനുവദിക്കുകയുണ്ടായി. 9570 കോടി രൂപയുടെതാണ് ഈ വായ്പ. ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 25 ശതമാനം വരുമിത്.(അതായത് വര്‍ഷത്തില്‍ നൂറ് രൂപക്ക് പത്ത് പൈസ) പൂജ്യം ദശാംശം ഒന്ന് എന്നതാണ് ഈ വായ്പയുടെ പലിശ നിരക്ക്. ടാറ്റക്ക് കിട്ടിയ സ്ഥലത്തിന്റെ വിലയാകട്ടെ എട്ട് തുല്യ വാര്‍ഷിക തവണകളായിട്ടാണ് അടക്കുന്നത്. നാല്‌ലൈന്‍ റോഡ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും. വൈദ്യുതി ഡ്യൂട്ടി, സ്ഥലം രജിസ്‌ട്രേഷന്‍, പോക്കുവരവ് ഡ്യൂട്ടി എന്നിവയൊന്നും അടക്കേണ്ടതില്ല. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ചെലവില്‍ പ്ലാന്റ് സ്ഥാപിക്കും. നാച്വറല്‍ വാതകം കൊടുക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സര്‍ക്കാര്‍ സ്ഥാപിക്കും. ഇതിനെല്ലാം പുറമെ അഹമ്മദാബാദ് നഗരത്തില്‍ 100 ഏക്കര്‍ വിസ്തീര്‍ണത്തില്‍ ഒരു ടൗണ്‍ഷിപ്പും നിര്‍മിച്ചു നല്‍കും. നോക്കട്ടെ, മോഡിയെ ഒരു ഫാസിസ്റ്റല്ല, വികസനനായകനാക്കി മാറ്റാന്‍ പറ്റുമോയെന്ന്.
എ പി സി ഒ എന്ന രാജ്യാന്തര കണ്‍സല്‍ട്ടന്റുകളെ ഗുജറാത്ത് സര്‍ക്കാര്‍ വാടകക്കെടുത്തിരിക്കുകയാണ്. ഇവരാണ് അമേരിക്കന്‍ പ്രതിനിധികളെ പണം കൊടുത്ത് വശീകരിച്ച് മോഡിയെ കാണാനെത്തുന്നവര്‍ എന്ന നിലക്ക് പരിചയപ്പെടുത്തുന്നത്. ജൂത വംശീയ സയണിസ്റ്റുകളുമായി ബന്ധമുള്ള സ്ഥാപനമാണ് എ പി സി ഒ. ഇവര്‍ക്ക് മോഡി എത്ര രൂപ കൊടുത്തു എന്നത് പുറത്തു വന്നിട്ടില്ല. മലേഷ്യന്‍ സര്‍ക്കാറുമായി ഇവര്‍ ഒപ്പിട്ട കരാര്‍ പ്രകാരം, നാല് ലക്ഷത്തി ഇരുപതിനായിരം യു എസ് ഡോളറാണ് വിദേശികളെ മലേഷ്യയിലെത്തിക്കുന്നതിന് കൊടുക്കേണ്ടത്. തത്തുല്യമായ ഒരു സംഖ്യ ഗുജറാത്ത് നികുതിപ്പണത്തില്‍ നിന്നും ചോര്‍ത്തിയെടുത്തിട്ടുണ്ടാകും. ത്രീ ഡി അവതരണങ്ങളും മറ്റുമായി കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് മോഡി അസാമാന്യനായി തിളങ്ങിനില്‍ക്കുന്നതെന്നതും കാണേണ്ടതാണ്. നാമോ ഗുജറാത്ത് എന്ന ടിവി ചാനല്‍ തന്നെ ഇതിനായി ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കോര്‍പറേറ്റുകളുമെല്ലാം ചേര്‍ന്നാണ് ഈ കാര്യങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നത്.
കേരളത്തിലെ വലതുപക്ഷവും ഹിന്ദു ഐക്യവേദിയിലണിചേര്‍ന്നിരിക്കുന്ന എസ് എന്‍ ഡി പി അടക്കമുള്ള സാമുദായിക ശക്തികളും ചേര്‍ന്ന് കാവിപ്പരവതാനി വിരിച്ച് എഴുന്നള്ളിച്ച നരേന്ദ്ര മോഡിയുടെ വരവോടെ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഘീ വോട്ടുകള്‍ കൂട്ടമായി വലതുപക്ഷത്തിന് സമാഹരിക്കാന്‍ കഴിയുമെന്ന ധാരണയിലാണെന്നു തോന്നുന്നു അവരുടെ ബുദ്ധികേന്ദ്രങ്ങള്‍. കാത്തിരുന്നു കാണാം. ജയ്ഹിന്ദ്.

 

preethanathuppully@gmail.com

 

---- facebook comment plugin here -----

Latest