Connect with us

National

രാഹുലും ഖാര്‍ഗെയും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നുണകള്‍ പ്രചരിപ്പിക്കുന്നു; സി പി എം പി ബി

ബി ജെ പിക്കു പകരം സി പി എമ്മിനെ ലക്ഷ്യം വച്ചുകൊണ്ട്, വര്‍ഗീയ-സ്വേച്ഛാധിപത്യ ശക്തികളെ ചെറുക്കുമെന്ന അവകാശവാദം കോണ്‍ഗ്രസ്സ് നിരാകരിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി ജെ പി ഡീല്‍ ആരോപണം ഉന്നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കുമെതിരെ സി പി എം പോളിറ്റ് ബ്യൂറോ. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഇരുവരും നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് പി ബി പ്രസ്താവനയില്‍ പറഞ്ഞു. ബി ജെ പിക്കു പകരം സി പി എമ്മിനെ ലക്ഷ്യം വച്ചുകൊണ്ട്, വര്‍ഗീയ-സ്വേച്ഛാധിപത്യ ശക്തികളെ ചെറുക്കുമെന്ന അവകാശവാദം കോണ്‍ഗ്രസ്സ് നിരാകരിക്കുകയാണ്.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ദുരുപയോഗം ചെയ്യുന്നതിനെ സി പി എം നിരന്തരം എതിര്‍ത്തിട്ടുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇ ഡിയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് സമാനമായി ആവശ്യപ്പെട്ടിരുന്നു എന്നത് മറക്കരുത്. ഇത് അവരുടെ അവസരവാദ നിലപാട് തുറന്നുകാട്ടുന്നതാണെന്നും പി ബി പ്രസ്താവനയില്‍ പറഞ്ഞു.

ഓരോ സംസ്ഥാനത്തും തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിച്ച് ബി ജെ പിയില്‍ ചേര്‍ന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആത്മപരിശോധന നടത്തണം. അസമിലെ ഇപ്പോഴത്തെ ബി ജെ പി മുഖ്യമന്ത്രി മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ വഹിച്ചിരുന്നു. ത്രിപുരയില്‍, ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ 2018 ല്‍ മുഴുവന്‍ കോണ്‍ഗ്രസ്സ് നേതൃത്വവും ബി ജെ പിയില്‍ ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിലെ നിരവധി മന്ത്രിമാരും ബി ജെ പിയില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളും മുമ്പ് കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളായിരുന്നു. കോണ്‍ഗ്രസ്സ് ബി ജെ പിയുടെ ഒരു പോഷക സംഘടനയായി മാറിയെന്നും പി ബി വ്യക്തമാക്കി.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും മോശമായ വര്‍ഗീയ കലാപമായ മറാട് കലാപം നടന്നത് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. ഈ തിരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ്സ് ന്യൂനപക്ഷ മൗലികവാദ ശക്തികളുമായി സഖ്യമുണ്ടാക്കുന്നു. അടുത്തിടെ സമാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളത് ഉള്‍പ്പെടെ കേരളത്തിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ്-ലീഗ്-ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടപ്പെട്ടതാണെന്നും സി പി എം ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തില്‍ അഭൂതപൂര്‍വമായ വികസനത്തിനും സാമുദായിക ഐക്യത്തിനും സാക്ഷ്യം വഹിച്ച കേരളത്തിലെ ജനങ്ങള്‍, കോണ്‍ഗ്രസ്സ് നയിക്കുന്ന യു ഡി എഫിനും ബി ജെ പി നയിക്കുന്ന എന്‍ ഡി എക്കും ഉചിതമായ തിരിച്ചടി നല്‍കുമെന്നും പി ബി പറഞ്ഞു.

 

---- facebook comment plugin here -----

Latest