Connect with us

From the print

പ്രായപൂര്‍ത്തി വോട്ടവകാശം പ്രാബല്യത്തില്‍

രാജ്യത്താദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊച്ചി നാട്ടുരാജ്യത്തിലാണ്.

Published

|

Last Updated

രാജ്യത്താദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊച്ചി നാട്ടുരാജ്യത്തിലാണ്. 1948 സെപ്തംബറില്‍. തിരഞ്ഞെടുപ്പില്‍ കൊച്ചി രാജ്യ പ്രജാമണ്ഡലം ഭൂരിപക്ഷം നേടി. 1941ല്‍ എസ് നീലകണ്ഠയ്യര്‍ പ്രസിഡന്റും വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപവത്കരിച്ച പ്രസ്ഥാനമാണ് പ്രജാമണ്ഡലം. തൃശൂര്‍ മണികണ്ഠനാല്‍ത്തറയില്‍ വെച്ച് 1941 ഫെബ്രുവരി ഒമ്പതിനാണ് സംഘടന ഉദ്ഘാടനം തുടങ്ങിയത്. ഉത്തരവാദ ഭരണത്തിന് പുറമേ ഖാദി പ്രചാരണം, മദ്യവിരുദ്ധ പ്രചാരണം എന്നീ ലക്ഷ്യങ്ങളോടു കൂടിയായിരുന്നു പ്രജാമണ്ഡല പ്രവര്‍ത്തനം.

കോണ്‍ഗ്രസ്സ് നേതാക്കളായ പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ കരുണാകരന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരെല്ലാം പ്രജാമണ്ഡലത്തിന്റെയും പ്രമുഖരായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പ്രജാമണ്ഡലം വലിയ പങ്ക് വഹിച്ചു. പ്രശസ്തമായ ദീനബന്ധു ദിനപത്രമായിരുന്നു പ്രജാമണ്ഡലത്തിന്റെ മുഖപത്രം. മുമ്പ് ഭൂരിപക്ഷം ലഭിച്ചിട്ടും പ്രതിപക്ഷത്തിരുന്ന് ചരിത്രം രചിച്ച പ്രജാമണ്ഡലം ഇത്തവണ ഭരണത്തിലേറുക തന്നെ ചെയ്തു. ഇക്കണ്ട വാരിയര്‍ പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപവത്കരിച്ചു.

തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍-കൊച്ചി സംയുക്ത നിയമസഭ നിലവില്‍ വരികയും ഇക്കണ്ട വാരിയര്‍ ഒഴിയുകയും ചെയ്തു. ടി കെ നാരായണപിള്ളയുടെ നേതൃത്വത്തില്‍ 178 അംഗ നിയമസഭ നിലവില്‍വന്നു. ലക്ഷ്യപ്രാപ്തിയിലെത്തിയതോടെ പ്രജാമണ്ഡലം ഇല്ലാതായി. നേതാക്കളും പ്രവര്‍ത്തകരും ബ്രിട്ടീഷ് മലബാറിലേതു പോലെ കോണ്‍ഗ്രസ്സിന്റെ ഭാഗമായി.