Connect with us

From the print

ഒരു ബൂത്തില്‍ മുഴുവന്‍ മുസ്‌ലിം വോട്ടര്‍മാരും പുറത്ത്; ബംഗാളിലെ ബാസിര്‍ഹട്ടില്‍ വിവാദം

ബി എല്‍ ഒയുടെയും പേരില്ലാതെ സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ബാസിര്‍ഹട്ട് നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍ സപ്ലിമെന്ററി വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒരു ബൂത്തിലെ ബി എല്‍ ഒ ഉള്‍പ്പെടെ 340 മുസ്ലിം വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റി. ബോറോ ഗോബ്ര ഗ്രാമത്തിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ നിന്നുള്ള മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ പേരുകള്‍ കരട് പട്ടികയില്‍ ‘അണ്ടര്‍ അഡ്ജുഡിക്കേഷന്‍’ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ നീക്കം ചെയ്യുകയായിരുന്നു.

ബൂത്ത് ലെവല്‍ ഓഫീസറായ എം ഡി ശാഫിഉല്‍ ആലമിന്റെ പേരും വെട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പ്രദേശവാസികള്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ വസതിയിലും തെരുവിലും പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം പേരുകളാണ് വെട്ടി നീക്കിയത്. തിരഞ്ഞെടുപ്പ് അധികാരികളുടെ നടപടികള്‍ സുതാര്യമല്ലെന്നും ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. ബാസിര്‍ഹട്ട് ബ്ലോക്ക് രണ്ടിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറില്‍ നിന്ന് പരിഹാരം തേടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ശാഫിഉല്‍ ആലം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പക്ഷപാതപരമാണെന്നും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പേരുകള്‍ നീക്കം ചെയ്തതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനായി ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ആലം പറഞ്ഞു.

ബാസിര്‍ഹട്ട് ബ്ലോക്ക് രണ്ടി ല്‍ 992 വോട്ടര്‍മാരാണുള്ളത്. അതില്‍ 38 പേരെ മരണം, താമസ സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങളാല്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 358 വോട്ടര്‍മാരെ ഹിയറിംഗിനായി വിളിച്ചുവരുത്തി. ഇതില്‍ 18 കേസുകള്‍ കരട് പട്ടികയില്‍ പരിഹരിച്ചു. 340 പേരെ സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി മാറ്റിവെക്കുകയുമായിരുന്നു. പേരുകള്‍ നീക്കം ചെയ്തവരുടെ ഫോമുകള്‍ പൂരിപ്പിക്കുന്നതിന് താന്‍ സഹായിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി എല്ലാ രേഖകളും അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നെന്നും പിന്നാലെയാണ് പേരുകള്‍ നീക്കം ചെയ്തതെന്നും ആലം പറഞ്ഞു.

 

---- facebook comment plugin here -----

Latest