Connect with us

From the print

അങ്കം നയിക്കാന്‍ ദേശീയ നേതാക്കള്‍; പോരാട്ടം അവസാന ലാപ്പിലേക്ക്

കോണ്‍ഗ്രസ്സിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ബി ജെ പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും വരുംനാളുകളില്‍ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം ജനറല്‍ സെക്രട്ടറി എം എം ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടതുമുന്നണിക്കായി പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു.

Published

|

Last Updated

കൊച്ചി | വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പിലെ വീറും വാശിയും പാരമ്യതയിലേക്ക്. നാടും നഗരവും ഇളക്കിമറിച്ചുള്ള മുന്നണികളുടെ പ്രചാരണത്തിന് ആവേശമേറ്റാന്‍ ദേശീയ നേതാക്കളും കളം നിറഞ്ഞു. കോണ്‍ഗ്രസ്സിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ബി ജെ പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും വരുംനാളുകളില്‍ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം ജനറല്‍ സെക്രട്ടറി എം എം ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടതുമുന്നണിക്കായി പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു.

കോണ്‍ഗ്രസ്സിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനായി ഈയാഴ്ച തന്നെ എത്തിയേക്കും. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മഹാറാലിയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സിന് വേണ്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ്, ജയ്‌റാം രമേശ് തുടങ്ങിയവര്‍ പ്രചാരണത്തിനിറങ്ങും.

29ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലും പാലക്കാട്ടും പരിപാടികളില്‍ പങ്കെടുക്കും. തൃശൂരില്‍ റോഡ് ഷോയും പാലക്കാട്ട് റാലിയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബി ജെ പിയില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അഖിലേന്ത്യാ പ്രസിഡന്റ്‌നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിവരും വിവിധ മണ്ഡലങ്ങളിലെത്തും.

സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ പ്രചാരണ പര്യടനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. 28ന് കണ്ണൂര്‍, 29ന് കാസര്‍കോട്, 30ന് കോഴിക്കോട്, 31ന് വയനാട്, അടുത്തമാസം ഒന്നിന് മലപ്പുറം, രണ്ടിന് തൃശൂര്‍, മൂന്നിന് എറണാകുളം, നാലിന് കോട്ടയം, അഞ്ചിന് തിരുവനന്തപുരം എന്നിങ്ങനെയാണ് പരിപാടികള്‍. ആറിനും എഴിനും ബേബി സ്വന്തം ജില്ലയായ കൊല്ലത്താണ്. പ്രകാശ് കാരാട്ട് 30ന് തിരുവനന്തപുരത്തെത്തും. അടുത്തമാസം ആറ് വരെ പര്യടനത്തിലാണ്. ബൃന്ദ കാരാട്ട് 27ന് തിരുവനന്തപുരത്ത് തുടക്കമിടും. പി ബി അംഗങ്ങളായ വിജു കൃഷ്ണന്‍, മറിയം ധാവ്‌ളെ എന്നിവരും സുഭാഷിണി അലിയും പര്യടനത്തിനെത്തും.

30 മുതല്‍ അടുത്തമാസം രണ്ട് വരെ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയും എ ഐ ടി യു സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗറും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രചാരണപരിപാടികളില്‍ പങ്കെടുക്കും. േദശീയ സെക്രട്ടേറിയറ്റംഗം ആനിരാജയുടെ പര്യടനം ഇന്നു മുതല്‍ തുടങ്ങും.