Kerala
സര്‍ക്കുലറില്‍ ബി ജെ പി സീല്‍: നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ മുഖ്യമന്ത്രി അപലപിച്ചു. വിമര്‍ശനം ജനാധിപത്യപരമായ അവകാശമാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം | കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ പതിച്ച സര്‍ക്കുലര്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ മുഖ്യമന്ത്രി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചു. കമ്മീഷന്റെ ആവശ്യപ്രകാരമാണ് പോലീസ് നോട്ടീസ് അയച്ചതെന്നാണ് കരുതുന്നതെന്ന് കത്തില്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ പൂര്‍ണമായ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
വിമര്‍ശനം ജനാധിപത്യപരമായ അവകാശമാണ്. വിമര്‍ശനങ്ങള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയോ അപകീര്‍ത്തികരമാവുകയോ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം അവയെ അഭിപ്രായ പ്രകടനങ്ങളായി വേണം കാണാന്‍. കമ്മീഷന്റെ വീഴ്ചയെ വിമര്‍ശിച്ചവര്‍ക്കെതിരെ പോലീസ് നോട്ടീസ് അയക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വ്യക്തിപരമായ ആക്രമണമോ അപകീര്‍ത്തികരമോ അല്ലാത്ത വിമര്‍ശനങ്ങളെ അഭിപ്രായപ്രകടനങ്ങളായി കണ്ട് മാനിക്കണം. ഇത്തരം കാര്യങ്ങളില്‍ പോലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കുന്നത് ശരിയല്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികളില്‍ സമ്പൂര്‍ണ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കേണ്ടതുണ്ട്. അങ്ങനെയായാല്‍ മാത്രമേ കമ്മീഷന് അര്‍ഹമായ ബഹുമാന്യത ആര്‍ജിക്കാന്‍ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവിച്ച വീഴ്ച വെറുമൊരു ഉദ്യോഗസ്ഥന്റെ പിഴവായി നിസാരവത്കരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ ഇത്രയും പ്രധാനപ്പെട്ട രേഖകള്‍ പുറത്തുപോയത് ഗൗരവതരമാണ്. വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സി ഇ ഒ വ്യക്തമാക്കിയിട്ടുണ്ട്. ആ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പൗരന്മാരെയും ബോധ്യപ്പെടുത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് സീല്‍ പതിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇത് കടുത്ത രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.




