യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ആറ് പേര്‍ അറസ്റ്റില്‍

Posted on: April 24, 2013 10:17 pm | Last updated: April 24, 2013 at 10:23 pm

കൊണ്ടോട്ടി : കോഴിക്കോട് സ്വദേശിയായ ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ ആറ് പേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് സ്വദേശികളായ കണ്ണയ്യത്ത് റഫീഖ് (22) തയ്യില്‍ ഇല്യാസ് (21) ശരത് നിവാസില്‍ ശരത് ചന്ദ്രന്‍ (24) പാറക്കോട്ടില്‍ റിയാസ് (26) കിഴക്കേതില്‍ നിസാമുദ്ദീന്‍ എന്ന സജു( 24) പിറക്കോട്ടില്‍ ശിഹാബുദ്ദീന്‍( 24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 21 ന് രാത്രി ഒമ്പതിനും പത്തിനുമിടയില്‍ കോഴിക്കോട് കടപ്പുറത്ത് നില്‍ക്കുകയായിരുന്ന യുവതി അതുവഴി വന്ന ഓട്ടോ റിക്ഷക്ക് കൈകാണിച്ചു. റഫീഖ്, ശരത് , ഇല്‍യാസ് എന്നിവരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ഇവര്‍ യുവതിയേയും കൊണ്ട് മഞ്ചേരി പാണ്ടിക്കാട് ഭാഗത്തേക്ക് പോയി. അവിടെ വെച്ച് മറ്റ് മൂന്നു പേരും ചേര്‍ന്ന് യുവതിയെ പട്ടാമ്പി ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മാനഭംഗ പ്പെടുത്തുകയായിരുന്നു. 22നു പുലര്‍ച്ചെ യുവതിയെ കൊണ്ടോട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് തട്ടിക്കൊണ്ട് പോകല്‍ വ്യക്തമായത്. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും മഞ്ചേരിയിലെ ഓട്ടൊ െ്രെഡവര്‍മാര്‍ക്കിടയിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പ്രതികളെ ഇന്ന് മലപ്പുറം കോടതിയില്‍ ഹാജരാക്കും.നിസാമുദ്ദീന്‍ നേരത്തെ പാണ്ടിക്കാട്ടെ ഒരു കടയില്‍നിന്നു കമ്പ്യൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ്. സി ഐ എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ അലവിക്കൂട്ടി, അശ്‌റഫ് ,രാജേഷ്, സുരേന്ദ്രന്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.