സ്വപ്‌നമായി എടരിക്കോട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

Posted on: April 24, 2013 3:31 am | Last updated: April 24, 2013 at 3:31 am

കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഇനിയും യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മറ്റ് പ്രവൃത്തികളൊന്നും ഇതുവരെ നടപ്പിലായില്ല. കാലങ്ങളായുള്ളതാണ് എടരിക്കോട് പഞ്ചായത്തിന് ആരോഗ്യ കേന്ദ്രം എന്ന ആവശ്യം.
നേരത്തെ പഞ്ചായത്തിനുണ്ടായിരുന്ന കേന്ദ്രം പഞ്ചായത്ത് വിഭജനത്തോടെ ഇല്ലാതാകുകയായിരുന്നു. നിലവിലെ കേന്ദ്രം ഇപ്പോള്‍ പെരുമണ്ണ ക്ലാരി പഞ്ചായത്തിന്റെ ഭാഗമാണ്. ആരോഗ്യ കേന്ദ്രം വേണമെന്നാവശ്യം നാളുകളായി ഉയരുകയാണ്. ഇതിനിടയിലാണ് കേന്ദ്രം അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. വര്‍ഷം ഒന്ന് പിന്നിട്ടിട്ടും പ്രാഥമികാരോഗ്യ കേന്ദ്രം ഇന്നും സ്വപ്‌നമായി തുടരുകയാണ്.
കെട്ടിടവും മറ്റ് സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യ കേന്ദ്രം ഇല്ലാത്തതിനാല്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുമ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നാട്ടുകാര്‍ക്ക്. സര്‍ക്കാറിന്റെ ഉത്തരവാണ് കേന്ദ്രം യാഥാര്‍ഥ്യമാകുന്നതിന് തടസ്സം. ഇത് നീക്കണമെന്നാണ് ആവശ്യം. എടരിക്കോട് പഞ്ചായത്തിന് അനുവദിച്ച ആരോഗ്യ കേന്ദ്രം ഉടന്‍ തുടങ്ങുന്നതിന് നടപടി വേണമെന്ന് ഒറ്റത്തെങ്ങ് യൂനിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പട്ടു. ഒ പി രായീന്‍ ഹാജി അധ്യക്ഷത വഹിച്ചു.